സ്മിത്ത് മുത്താണ്; വിദ്യാഭ്യാസ വായ്പ താന്‍ അടച്ചു തീര്‍ത്തുകൊള്ളാമെന്നു വിദ്യാര്‍ഥികളോട് സ്മിത്ത്

സ്മിത്ത് മുത്താണ്; വിദ്യാഭ്യാസ വായ്പ താന്‍ അടച്ചു തീര്‍ത്തുകൊള്ളാമെന്നു വിദ്യാര്‍ഥികളോട് സ്മിത്ത്

വാഷിംഗ്ടണ്‍: ടെക്‌നോളജി രംഗത്ത് അറിയപ്പെടുന്ന കോടീശ്വരനായ നിക്ഷേപകനാണ് റോബര്‍ട്ട് എഫ്. സ്മിത്ത്. ഇക്കഴിഞ്ഞ ഞായറാഴ്ച (മേയ് 19) യുഎസിലെ ജോര്‍ജ്ജിയയിലുള്ള അറ്റ്‌ലാന്റയിലെ മോര്‍ഹൗസ് കോളേജില്‍ ബിരുദദാന ചടങ്ങില്‍ പങ്കെടുക്കവേ, അദ്ദേഹം അധ്യാപകരെയും വിദ്യാര്‍ഥികളെയും രക്ഷകര്‍ത്താക്കളെയും ഒരു പോലെ ഞെട്ടിക്കുന്ന ഒരു പ്രസ്താവന നടത്തി. എല്ലാ വിദ്യാര്‍ഥികളുടെയും വായ്പ താന്‍ തിരിച്ചടച്ചു കൊള്ളാമെന്നായിരുന്നു അദ്ദേഹം വാഗ്ദാനം ചെയ്തത്. ഇക്കാര്യം പ്രസ്താവിച്ചതോടെ സദസിലുള്ളവര്‍ എല്ലാവരും എണീറ്റു നിന്നു കൈയ്യടിച്ചു. സ്മിത്തിന്റെ ഈ പ്രസ്താവനയിലൂടെ ഏകദേശം 400-ാളം വിദ്യാര്‍ഥികള്‍ക്കായിരിക്കും പ്രയോജനം ലഭിക്കുന്നത്. ഇവരുടെയെല്ലാം വരുന്ന കോടിക്കണക്കിന് ഡോളര്‍ വായ്പയായിരിക്കും സ്മിത്ത് അടച്ചു തീര്‍ക്കുന്നത്. 56-കാരനായ സ്മിത്ത് 2000-ല്‍ വിസ്ത ഇക്വറ്റി പാര്‍ട്‌ണേഴ്‌സ് എന്ന പേരില്‍ ഒരു പ്രൈവറ്റ് ഇക്വറ്റി കമ്പനി സ്ഥാപിക്കുകയുണ്ടായി. ഇന്ന് സ്മിത്തിന്റെ സ്വകാര്യ ആസ്തി അഞ്ച് ബില്യന്‍ ഡോളറാണെന്ന് ഫോബ്‌സ് മാഗസിന്‍ പറയുന്നു. മോര്‍ഹൗസ് കോളേജില്‍ അദ്ദേഹം ഞായറാഴ്ച എത്തിയത് പ്രസംഗിക്കാന്‍ മാത്രമായിരുന്നില്ല, പകരം കോളേജ് അദ്ദേഹത്തിനു സമ്മാനിച്ച ഹോണററി ഡോക്ടറേറ്റ് സ്വീകരിക്കാന്‍ കൂടിയായിരുന്നു. പ്രമുഖ കറുത്ത വംശജനായ ഫിലാന്‍ട്രോഫിസ്റ്റ് കൂടിയാണ് സ്മിത്ത്.

Comments

comments

Categories: FK News

Related Articles