സ്‌കോഡ റാപ്പിഡില്‍ 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ നല്‍കും

സ്‌കോഡ റാപ്പിഡില്‍ 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ നല്‍കും

നിലവിലെ 1.6 എംപിഐ എന്‍ജിന് പകരമാണ് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ നല്‍കുന്നത്. ബിഎസ് 6 പാലിക്കുന്നതായിരിക്കും

ന്യൂഡെല്‍ഹി : സ്‌കോഡ റാപ്പിഡ് സെഡാനില്‍ ഡിഎസ്ജി ട്രാന്‍സ്മിഷന്‍ സഹിതം 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ നല്‍കും. നിലവിലെ 1.6 എംപിഐ എന്‍ജിന് (ഇഎ111) പകരമാണിത്. ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ 1.0 ലിറ്റര്‍, 3 സിലിണ്ടര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ തദ്ദേശീയമായി നിര്‍മ്മിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇന്ത്യ 2.0 പ്രോജക്റ്റിന്റെ ഭാഗമായി സ്വന്തം വാഹനങ്ങളുടെ 90 ശതമാനത്തിലധികം തദ്ദേശീയവല്‍ക്കരണം നടത്താനാണ് സ്‌കോഡയുടെ പദ്ധതി. ഇതിന്റെ ഭാഗമായാണ് 1.0 ലിറ്റര്‍ ടിഎസ്‌ഐ മോട്ടോര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്.

ബിഎസ് 6 പാലിക്കുന്നതായിരിക്കും പുതിയ ഇഎ211 സീരീസ് എന്‍ജിന്‍. അതേസമയം, ഫോക്‌സ്‌വാഗണിന്റെ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ബിഎസ് 6 അനുസരിക്കുന്നതിന് പരിഷ്‌കരിക്കില്ല. അങ്ങനെയെങ്കില്‍ 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ മാത്രമായിരിക്കും ഇനി സ്‌കോഡ റാപ്പിഡിന്റെ ഏക പവര്‍ട്രെയ്ന്‍ ഓപ്ഷന്‍.

റാപ്പിഡ് മോഡലില്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷന്‍ ഉണ്ടായിരിക്കില്ലെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ സെയില്‍സ്, സര്‍വീസ്, മാര്‍ക്കറ്റിംഗ് വിഭാഗം ഡയറക്റ്റര്‍ സാക് ഹോളിസ് പറഞ്ഞു. നിലവിലെ എംപിഐ എന്‍ജിനേക്കാള്‍ വളരെയധികം ഇന്ധനക്ഷമത സമ്മാനിക്കുന്ന 1.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിന്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

നിലവില്‍ 1.6 ലിറ്റര്‍ എംപിഐ എന്‍ജിനുമായി 6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക്കാണ് ചേര്‍ത്തുവെച്ചിരിക്കുന്നത്. എന്നാല്‍ പുതിയ പെട്രോള്‍ എന്‍ജിനുമായി ഇതാദ്യമായി 7 സ്പീഡ് ഡിഎസ്ജി ഡുവല്‍ ക്ലച്ച് ട്രാന്‍സ്മിഷന്‍ നല്‍കുമെന്ന് സാക് ഹോളിസ് അറിയിച്ചു. നിലവില്‍ റാപ്പിഡിന്റെ ഡീസല്‍ വേര്‍ഷനില്‍ മാത്രമാണ് ഡിഎസ്ജി ഓപ്ഷന്‍ ലഭിക്കുന്നത്.

അന്താരാഷ്ട്ര വിപണികളില്‍ രണ്ട് വ്യത്യസ്ത ട്യൂണുകളിലാണ് 3 സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിന്‍ ലഭിക്കുന്നത്. 95 എച്ച്പി/160 എന്‍എം, 115 എച്ച്പി/200 എന്‍എം എന്നിങ്ങനെ. കൂടുതല്‍ കരുത്തുറ്റ വേര്‍ഷനായിരിക്കും സ്‌കോഡ റാപ്പിഡില്‍ നല്‍കുന്നത്. ഇന്ത്യയിലെ റാപ്പിഡ് നിലവില്‍ ഉപയോഗിക്കുന്ന 1,598 സിസി പെട്രോള്‍ എന്‍ജിന്‍ 105 എച്ച്പി കരുത്തും 153 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

Comments

comments

Categories: Auto
Tags: Skoda Rapid