എക്‌സിറ്റ്‌പോളിലേറി വിപണിക്കുതിപ്പ്

എക്‌സിറ്റ്‌പോളിലേറി വിപണിക്കുതിപ്പ്
  • സെന്‍സെക്‌സും നിഫ്റ്റിയും ദശകത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
  • സെന്‍സെക്‌സ് 1,421 പോയന്റും നിഫ്റ്റി 3.7 ശതമാനത്തിന്റെയും മുന്നേറ്റമുണ്ടാക്കി
  • വ്യാപാരം ആരംഭിച്ച് ഒരു മിനിറ്റിനകം നിക്ഷേപകര്‍ക്ക് ലഭിച്ചത് 3.2 ലക്ഷം കോടി ലാഭം

ന്യൂഡെല്‍ഹി: ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ മികച്ച ഭൂരിപക്ഷത്തോടെ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ത്യന്‍ ഓഹരി വിപണിയെ ചരിത്ര നേട്ടത്തിലേക്കുയര്‍ത്തി. ഇന്നലെ വ്യാപാരം ആരംഭിച്ച് ഒരു മിനിറ്റിനുള്ളില്‍ വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികളുടെ സംയുക്ത മൂല്യം 3,18,000 കോടി രൂപ ഉയര്‍ന്നു. വ്യപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ ബെഞ്ച്മാര്‍ക്ക് സെന്‍സെക്‌സ് 962 പോയിന്റ് (2.52%) ഉയര്‍ന്ന് 38,892.89 രൂപ എന്ന നിലയിലെത്തി. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി50 281 പോയിന്റ് (2.51 ശതമാനം ) ഉയര്‍ന്ന് 11,648.70 ലേക്കും മുന്നേറി. ദിനാന്ത്യത്തില്‍, ബിഎസ്ഇ സെന്‍സെക്‌സ് 1,421.90 പോയ്ന്റ് (3.75%) ഉയര്‍ന്ന് 39,352.67 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 421.10 പോയ്ന്റ് (3.69 %) ഉയര്‍ന്ന് 11,828.25 എന്ന നിലയിലുമെത്തി.

ബാങ്കിംഗ്, വാഹന ഓഹരികളാണ് മുന്നേറ്റത്തെ നയിച്ചത്. നിഫ്റ്റി ബാങ്കിംഗ് ഇന്‍ഡെക്‌സും ഓട്ടോ ഇന്‍ഡെക്‌സും നാല് ശതമാനത്തിലധികം വര്‍ധന രേഖപ്പെടുത്തി. നിഫ്റ്റിയുടെ പൊതുമേഖലാ ബാങ്ക് ഇന്‍ഡക്‌സ് എട്ട് ശതമാനമാണ് ഉയര്‍ന്നത്. ബിഎസ്ഇ സെന്‍സെക്‌സില്‍ എസ്ബിഐ ഓഹരി മൂല്യം 8.04 ശതമാനം വര്‍ധിച്ച് 344.60 എന്ന നിലയിലാണ്. ഐസിഐസിഐ, യെസ് ബാങ്ക് എന്നിവ യഥാക്രമം 4.48 %, 6.73 % വര്‍ധന നേടിയിട്ടുണ്ട്. ഇന്ത്യന്‍ രൂപയും രണ്ടാഴ്ചത്തെ ശക്തമായ നിലയിലേക്കെത്തിയിട്ടുണ്ട്. രൂപയുടെ മൂല്യം ഉയര്‍ന്ന് യുഎസ് ഡോളറിനെതിരെ 69.66 എന്ന നിലയിലാണ്. വരും ദിവസങ്ങളില്‍ വിപണി ഇനിയും നേട്ടമുണ്ടാക്കുമെന്നാണ് നിരീക്ഷകരുടെ പക്ഷം. എക്‌സിറ്റ് പോള്‍ ഫലങ്ങളോട് സമാനമാണ് യഥാര്‍ത്ഥ ഫലങ്ങളെങ്കില്‍ വിപണിയില്‍ വീണ്ടും വന്‍ മുന്നേറ്റം തന്നെ പ്രകടമായേക്കും.

സര്‍ക്കാര്‍ രൂപീകരണത്തിന് 272 സീറ്റ് മതിയെന്നിരിക്കെ ഇത്തവണത്തെ പൊതുതെരഞ്ഞെടുപ്പില്‍ 306 സീറ്റ് നേടി ബിജെപി വിജയിക്കുമെന്നാണ് ടൈംസ് നൗ-വിഎംആര്‍ എക്‌സിറ്റ് പോള്‍ സര്‍വേ പ്രവചിച്ചിരിക്കുന്നത്. റിപ്പബ്ലിക്-സിവോട്ടര്‍ സര്‍വേ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിക്ക് 287 സീറ്റിലാണ് വിജയസാധ്യത കാണുന്നത്. അതേ സമയം ന്യൂസ് നേഷന്റെ സര്‍വേ ഫലത്തില്‍ എന്‍ഡിഎ 282 മുതല്‍ 290 സീറ്റുകള്‍ വരെ നേടുമെന്നും പ്രവചനമുണ്ട്. എബിപി നീല്‍സണ്‍ സര്‍വേ 277 സീറ്റുകളാണ് എന്‍ഡിഎക്ക് പ്രവചിക്കുന്നത്.

എക്‌സിറ്റ് പോള്‍ ഫലം പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ചതാണെന്ന് അഭിപ്രായപ്പെട്ട മോട്ടിലാല്‍ ഒസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സിഎംഡി മോട്ടിലാല്‍ ഒസ്വാള്‍ അടുത്ത കുറച്ചു ദിവസത്തിനുള്ളില്‍ ഓഹരി വിപണിയില്‍ 2-3 ശതമാനം ഉയര്‍ച്ചയുണ്ടാകുമെന്നും നിക്ഷേപകര്‍ നിലവാരമുള്ള നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. ബിജെപി ഒറ്റയ്ക്ക് ഭരിപക്ഷം നേടുമെന്ന ഏതൊരു സൂചനയും ഓഹരി വിപണിയില്‍ നേട്ടമുണ്ടാക്കുമെന്നും രൂപയുടെ മൂല്യം വര്‍ധിപ്പിക്കുമെന്നും പ്രഭുദാസ് ലീലാധര്‍ സിഇഒ അജയ് ബോധക് അഭിപ്രായപ്പെട്ടു.

Categories: Business & Economy, Slider