എണ്ണ ഇറക്കുമതിയും ഉപഭോഗവും കുറയുന്നു

എണ്ണ ഇറക്കുമതിയും ഉപഭോഗവും കുറയുന്നു
  • ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ദീര്‍ഘകാല തളര്‍ച്ച നേരിട്ടേക്കും
  • എണ്ണ മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റേതാണ് റിപ്പോര്‍ട്ട്
  • നടപ്പു സാമ്പത്തിക വര്‍ഷം എണ്ണ ഇറക്കുമതി വര്‍ധന 3.5 ശതമാനമായി ചുരുങ്ങുമെന്നാണ് സെല്ലിന്റെ നിരീക്ഷണം

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയിലെ ദീര്‍ഘകാല തളര്‍ച്ചാ സൂചന നല്‍കികൊണ്ടുള്ള സര്‍ക്കാര്‍ റിപ്പോര്‍ട്ട് പുറത്ത്. ഈ വര്‍ഷം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ 3.5 ശതമാനത്തിന്റെ കുറഞ്ഞ വളര്‍ച്ചയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാജ്യത്തിന്റെ എണ്ണ ആവശ്യകതയുടെ 80 ശതമാനത്തിലധികവും ഇന്ത്യ നിറവേറ്റുന്നത് ഇറക്കുമതിയിലൂടെയാണ്. ഇത് പരിഗണിക്കുമ്പോള്‍ എണ്ണ ഇറക്കുമതിയിലുണ്ടാകുന്ന കുറഞ്ഞ വളര്‍ച്ച ആവശ്യകതയും ഉപഭോഗവും ഇടിയുന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്ന് എണ്ണ മന്ത്രാലയത്തിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ (പിപിഎസി) റിപ്പോര്‍ട്ടില്‍ പറയുന്നു.

നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ണ്ണ ഇറക്കുമതി 233 മില്യണ്‍ ടണിലെത്തുമെന്നാണ് പിപിഎസിയുടെ നിരീക്ഷണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 227 മില്യണ്‍ ടണ്‍ എണ്ണ ഇറക്കുമതി ചെയ്ത സ്ഥാനത്താണിത്. ഇറക്കുമതി കുറയുന്നത് എണ്ണ ഇറക്കുമതി ചെലവ് നിയന്ത്രിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ സഹായിക്കുമെങ്കിലും ഇന്ത്യന്‍ റിഫൈനറികളില്‍ അസംസ്‌കൃത എണ്ണ സംസ്‌കരണം കുറയുന്നത് പെട്രോള്‍, ഡീസല്‍, എടിഎഫ് തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം കുറയുന്നതിന്റെ സൂചനയാണെന്നും ഇത് സമ്പദ്‌വ്യവസ്ഥയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്തുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

2018ന്റെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ പുരോഗതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തോടെ വളര്‍ച്ച വീണ്ടും ഇടിയുന്നതാണ് കണ്ടത്. സെപ്റ്റംബര്‍-ഡിസംബര്‍ പാദത്തില്‍ 6.6 ശതമാനമായിരുന്നു ഇന്ത്യയുടെ ജിഡിപി വളര്‍ച്ച. അഞ്ച് പാദത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ച നിരക്കാണിത്. ഇത് കണക്കിലെടുക്കുമ്പോള്‍ 2018-2019ല്‍ വളര്‍ച്ച 7 ശതമാനമായി ചുരുങ്ങുമെന്നാണ് നിഗമനം. തൊട്ടുമുന്‍ സാമ്പത്തിക വര്‍ഷം 7.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാനത്താണിത്. ഐഎംഎഫ് പോലുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിഗമനം 7.3 ശതമാനമായും വെട്ടിക്കുറച്ചിട്ടുണ്ട്.

എണ്ണ ഇറക്കുമതി ചെലവ് കുറയുന്നത് കറന്റ് എക്കൗണ്ട് കമ്മി കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും എണ്ണ വില ഉയരുന്നതില്‍ ഇത് ഒരു ഘടകമാണ്. ഗള്‍ഫ് പ്രതിസന്ധിയെ തുടര്‍ന്ന് ക്രൂഡ് വില ഉയരുന്നതും ഇറാനില്‍ നിന്നും വെനസ്വലയില്‍ നിന്നുമുള്ള എണ്ണ വിതരണം വെട്ടിക്കുറയ്ക്കുന്നതും ഒപെക് രാഷ്ട്രങ്ങളിലെ ഉല്‍പ്പാദനം കുറയുന്നതും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്കുമേല്‍ അധിക ഭാരമേല്‍പ്പിക്കുമെന്ന് വിദഗ്ധരുടെ നിരീക്ഷണം.

നടപ്പു സാമ്പത്തിക വര്‍ഷത്തെ എണ്ണ ഇറക്കുമതി ചെലവ് 113 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ഒരു ബില്യണ്‍ ഡോളറിന്റെ വര്‍ധനയാണ് ഇറക്കുമതി ബില്ലില്‍ കണക്കാക്കിയിട്ടുള്ളത്. ക്രൂഡ് ഓയില്‍ വില ബാരലിന് 70 ഡോളറായി ഉയരുമെന്നും പിപിഎസി പറയുന്നുണ്ട്. ക്രൂഡ് ഇറക്കുമതിക്ക് പുറമെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയിലും ക്ഷീണം നേരിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2017-2018ല്‍ 35.5 മില്യണ്‍ ടണ്‍ ആയിരുന്ന പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 32.5 മില്യണ്‍ ടണ്ണായി ചുരുങ്ങി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലും ഈ ഇടിവ് പ്രകടമായിരുന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി 66.8 മില്യണ്‍ ടണില്‍ നിന്നും 61.1 മില്യണ്‍ ടണ്ണായി ചുരുങ്ങി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ അറ്റ കയറ്റുമതിക്കാരാണ് ഇന്ത്യ. അന്താരാഷ്ട്ര വിപണിയിലും പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി കുറഞ്ഞിട്ടുണ്ട്.

Comments

comments

Categories: Business & Economy
Tags: Oil import