പുതിയ സര്‍ക്കാര്‍ എണ്ണ ഇടപാട് പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷ: ഇറാന്‍

പുതിയ സര്‍ക്കാര്‍ എണ്ണ ഇടപാട് പുനസ്ഥാപിക്കുമെന്ന് പ്രതീക്ഷ: ഇറാന്‍

കരാറില്‍ നിന്ന് പിന്‍മാറില്ലെന്ന ഉറപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഇറാന്‍ സ്ഥാനപതി

ന്യൂഡെല്‍ഹി: യുഎസ് ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍ ഇറാനില്‍ നിന്നും എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിച്ചെങ്കിലും പൊതുതെരഞ്ഞെടുപ്പിനുശേഷം പുതിയതായി അധികാരത്തിലെത്തുന്ന കേന്ദ്ര സര്‍ക്കാര്‍ ഇടപാട് പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യയിലെ ഇറാനിയന്‍ സ്ഥാനപതി അലി ചെഗേനി. പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഇന്ത്യ എല്ലാ തലങ്ങളിലും, പ്രത്യേകിച്ച് എണ്ണ ഇടപാട് അടക്കമുള്ള സാമ്പത്തികമേഖലയില്‍ ഇറാനുമായുള്ള ബന്ധം വികസിപ്പിക്കുമെന്നാണ് ഇറാന്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

‘ഇറാന്‍ കരാറില്‍ നിന്ന് പിന്‍മാറില്ലെന്ന് ഇന്ത്യയോട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഇന്ത്യ പണ്ടത്തെപ്പോലെ തന്നെ ഇറാനെ സുഹൃത്തായി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാനും ഇന്ത്യയും തമ്മില്‍ ഊര്‍ജതലത്തിലുള്ള ബന്ധം പരസ്പര സ്വീകാര്യത, സുസ്ഥിരത, സുരക്ഷ, വിശ്വാസ്യത എന്നിവയിലധിഷ്ഠിതമാണ്. പരസ്പരം ഗുണകരമാകുന്ന തരത്തില്‍ ഇന്ത്യക്ക,് ഇന്ത്യന്‍ രൂപയില്‍ എണ്ണ വില്‍ക്കാന്‍ തയാറായ ആദ്യ രാജ്യമാണ് ഇറാനെന്ന കാര്യം വിസ്മരിക്കരുത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച്ച ഇറാന്‍ വിദേശകാര്യമന്ത്രി ഇന്ത്യയില്‍ ദ്വിദിന സന്ദര്‍ശനം നടത്തിയിരുന്നു.

യുഎസ് ഉപരോധത്തെ മറികടന്നുകൊണ്ട് ഇറാനുമായി എണ്ണ ഇടപാട് നടത്താന്‍ ഡോളര്‍ ഇതര കറന്‍സിയിലുള്ള ബാര്‍ട്ടര്‍ പേമെന്റ് മാധ്യമായ ഇന്‍സ്റ്റെക്‌സ് പോലുള്ള സാധ്യതകള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഈ കൂട്ടായ്മയില്‍ അംഗമാകാന്‍ ഇറാന്‍ ഇന്ത്യയോട് നിര്‍ദേശിച്ചിട്ടുണ്ട്.

Categories: FK News, Slider

Related Articles