സര്‍ക്കാരിനെ കാത്തിരിക്കുന്ന നയപരമായ വെല്ലുവിളികള്‍

സര്‍ക്കാരിനെ കാത്തിരിക്കുന്ന നയപരമായ വെല്ലുവിളികള്‍

ഏഴ് ഘട്ടങ്ങളായുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചിരിക്കുന്നു. പ്രചരണത്തിന്റെ കവിതയില്‍ നിന്ന് പ്രകടനത്തിന്റെ ഗദ്യത്തിലേക്ക് ഇന്ത്യ മാറുന്ന പരിവര്‍ത്തന കാലമാണിത്. അങ്ങേയറ്റം ആക്രമണോല്‍സുകമായ പ്രചാരണത്തിനും ആരോപണ പ്രത്യാരോപണങ്ങള്‍ക്കും മോഹന വാഗ്ദാനങ്ങള്‍ക്കുമൊടുവില്‍ ഇനി ചെയ്തു കാട്ടേണ്ട സമയം ആഗതമായിരിക്കുന്നു. മറ്റന്നാളത്തെ വോട്ടെണ്ണലിന് ശേഷം അധികാരത്തിലെത്തുന്ന സര്‍ക്കാര്‍ ഏതു പാര്‍ട്ടിയുടെയായാലും കടുത്ത സമ്മര്‍ദ്ദം തന്നെ നേരിടും.

എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം പുറത്തു വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഭരണസംവിധാനം രാജ്യത്ത് തുടരുമെന്ന സൂചനയാണ് ലഭിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിശാല സഖ്യത്തിലൂടെ അധികാരത്തിലേറാമെന്ന സ്വപ്‌നം കൈവെടിഞ്ഞിട്ടുമില്ല. വോട്ടെണ്ണാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ കൂടുതല്‍ പ്രവചനങ്ങള്‍ക്ക് ഏതായാലും സാധ്യതയില്ല. ഇന്ത്യയെ തുടര്‍ന്ന് നയിക്കാന്‍ ഏതു സര്‍ക്കാരെത്തിയാലും സാമ്പത്തിക പരിഷ്‌കരണം തന്നെയായിരിക്കും മുന്‍ഗണനാ അജണ്ടയെന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച രീതിയിലുള്ള ഭരണ നിര്‍വഹണത്തിന് ആഴത്തിലുള്ള ഘടനാപരമായ മാറ്റങ്ങള്‍ പുതിയ സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതുണ്ട്. പ്രവേശന തടസങ്ങള്‍ കുറച്ചുകൊണ്ട്, വിപണി തുറന്നു കൊടുക്കുന്നത് മാത്രം പര്യാപ്തമാവില്ലെന്ന് അനുഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു.

ഉദാഹരണമായി, ബാങ്കിംഗ് രംഗത്തെ മത്സരം വര്‍ധിപ്പിക്കാന്‍ കൂടുതല്‍ ലൈസന്‍സുകള്‍ നല്‍കുന്നതുകൊണ്ടു മാത്രം സാധിക്കില്ല. നിയന്ത്രണ സംവിധാനം ശക്തിപ്പെടുത്തുകയും ബാങ്കുകള്‍ക്കായി പ്രത്യേക പാപ്പരത്ത പ്രശ്‌ന പരിഹാര സംവിധാനം രൂപീകരിക്കുകയും ബാങ്കുകളുടെ സര്‍ക്കാര്‍ ഉടമസ്ഥത മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങളും പ്രകടനങ്ങളും മുന്‍നിര്‍ത്തിയാവണം പരിഷ്‌കരണങ്ങള്‍ കൊണ്ടുവരേണ്ടത്. പൊതു ചരക്ക് വ്യവസ്ഥ (ക്രമസമാധാനം, കരാര്‍ നടപ്പിലാക്കല്‍, സാമ്പത്തിക-ധന സുസ്ഥിരത, പൊതു ആരോഗ്യം, പ്രതിരോധം, വിദേശ നയം), എല്ലാവര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം നല്‍കല്‍, അവശ്യ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായുള്ള വിപണിയില്‍ ഉപഭോക്തൃ സുരക്ഷാ നിയന്ത്രണവും മത്സര നിയന്ത്രണവും ഉറപ്പാക്കുക, പാരിസ്ഥിതിക നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങളുടെയും വസ്തുക്കളുടെയും വിതരണം ഉറപ്പാക്കല്‍, ദുരന്തനിവാരണം, ദാരിദ്ര്യ നിര്‍മാര്‍ജനം, അടിസ്ഥാന ഗവേഷണ ധനസഹായം മുതലായവയാണ് രാജ്യത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഇന്നത്തെ വികസിത രാജ്യങ്ങള്‍ നാം ഇപ്പോഴെത്തിച്ചേര്‍ന്നിരിക്കുന്ന വികസ്വര ഘട്ടത്തിലായിരുന്നപ്പോള്‍ ഇത്രയും അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നില്ല. ഇന്ത്യയില്‍, രാജ്യത്തിന്റെ പങ്ക് വികസിപ്പിക്കുന്നതിനുള്ള തത്വശാസ്ത്രപരമായ മാറ്റം രാജ്യത്തിന്റെ ശേഷി, വിഭവ ലഭ്യത മുതലായവയുടെ പരിമിതികളെ അവഗണിക്കുന്നെന്നതാണ് വാസ്തവം. ഈ പരിമിതികള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.

അതേസമയം തന്നെ ബാഹ്യമായ പ്രവര്‍ത്തനങ്ങള്‍ക്കായി ശേഷിയും വിഭവങ്ങളും ഉപയോഗിക്കുകയും ചെയ്യുന്നു. ഉദാഹരണമായി, സര്‍ക്കാര്‍ ഉടമസ്ഥത ആവശ്യമില്ലാത്ത ഫാര്‍മസ്യൂട്ടിക്കല്‍സ്, എന്‍ജിനീയറിംഗ്, ഖനനം, എണ്ണ വിപണനം, ഹോട്ടലുകള്‍, ഷിപ്പിംഗ് തുടങ്ങിയ മേഖലകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് വലിയ സ്വാധീനം ചെലുത്തുന്നത്.

അടിസ്ഥാന തത്വങ്ങള്‍ മാറണം

സമ്പദ് വ്യവസ്ഥ പരിഷ്‌കരിക്കുന്നതില്‍ തത്വശാസ്ത്രപരമായ രണ്ട് മാറ്റങ്ങള്‍ക്ക് വഴികാണിക്കാന്‍ സാധിക്കും. ആദ്യമായി മുന്‍കൂട്ടി നിശ്ചയിച്ച ഫലങ്ങളുമായി വിപണികളെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് പോലെയുള്ള വൈരുദ്ധ്യാത്മക സമീപനങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. പല അടിസ്ഥാന മേഖലകളിലും രാജ്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മോശമാണ്. മറ്റ് രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളെ അപേക്ഷിച്ച് നമ്മുടെ വിദ്യാര്‍ത്ഥികളുടെ പ്രകടനം ശരാശരിയാണ്. പൊതു സുരക്ഷ രാജ്യതലസ്ഥാനമടക്കം വിവിധ ഭാഗങ്ങളില്‍ താറുമാറാണ്. കരാര്‍ നടപ്പാക്കല്‍ വളരെ പ്രയാസമാണെന്ന് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് സൂചിക പറയുന്നു.

ഇവയെല്ലാം അടിസ്ഥാനപരമായ പ്രശ്‌നങ്ങളാണ്. എന്നാല്‍ സര്‍ക്കാര്‍ പ്രാധമിക വിവരങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നത് തുടരുന്നത് യഥാര്‍ത്ഥ നേട്ടങ്ങളെ ബാധിക്കുകയും ചെയ്യുന്നു. തുടര്‍ച്ചയായ ഈ പരാജയം, രാജ്യത്ത് കടുത്ത അതൃപ്തി ഉയരുന്നതിനും തെരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ നിലപാട് രൂപപ്പെടാനും കാരണമാകുന്നു. കാര്യക്ഷമമായ നിയന്ത്രണം, പാപ്പരത്തത്തില്‍ നിന്ന് പുറത്ത് കടക്കുന്നതിനുള്ള സംവിധാനം, അടിസ്ഥാനസൗകര്യ വിതരണം, കരാര്‍ നടപ്പിലാക്കല്‍ മുതലായവ വിപണിയുടെ മികച്ച പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. സര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഇവയെല്ലാം നന്നാക്കിയെടുക്കാന്‍ ശ്രമിക്കുന്നതിന് പകരം സര്‍ക്കാര്‍, വിപണിയുടെ ഫലങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നു. ബാങ്കിംഗ് മേഖലയില്‍ മത്സരം വളരെ കുറവും പരിഷ്‌കാരങ്ങള്‍ക്കെതിരെയുള്ള തടസങ്ങള്‍ ഉയര്‍ന്ന തലത്തില്‍ തുടരുമ്പോളും എക്കൗണ്ടുകള്‍ തുറന്നു കൊടുക്കാനും വായ്പകള്‍ നല്‍കാനുമാണ് ബാങ്കുകളോട് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.

വിപണിയിലേക്ക് വരുമ്പോള്‍ സര്‍ക്കാരിന്റെ ശ്രദ്ധ ഫലങ്ങളില്‍ നിന്ന് പ്രാഥമിക പ്രവര്‍ത്തനങ്ങളിലേക്ക് മാറേണ്ടത് ആവശ്യമാണ്. സേവന മേഖലയിലാവട്ടെ പ്രാഥമിക ഇന്‍പുട്ടുകളില്‍ നിന്ന് അന്തിമ ഫലങ്ങളിലേക്കും ശ്രദ്ധ തിരിയേണ്ടതുണ്ട്.

രണ്ടാമത്, സമ്പദ് വ്യവസ്ഥയില്‍ രാജ്യത്തിന്റെ ഇടപെടല്‍ ചട്ടങ്ങളുടെയും കാര്യകാരണങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം. സമ്പദ് വ്യവസ്ഥയുടെ നിയന്ത്രണസ്ഥാനമേറ്റെടുക്കുന്നത് വഴി ചഞ്ചലമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന ശീലം ഭരണകൂടത്തിനു കൈവന്നെന്നു കാണാം. ആര്‍ബിഐ പോലുള്ള ചില സ്വതന്ത്ര നിയന്ത്രണ റെഗുലേറ്റര്‍മാരിലും ഈ സംസ്‌കാരം വ്യാപിച്ചു. നിര്‍വചിക്കപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ഭരണകൂടം സമ്പദ് വ്യവസ്ഥയില്‍ നിര്‍ബന്ധമായും ഇടപെടണം. കൂടാതെ മേഖലയിലെ പങ്കാളികളുമായി ചര്‍ച്ചകള്‍ നടത്തിയും പ്രകടനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചും തീരുമാനങ്ങളുടെ പ്രതീക്ഷിത സ്വാധീനത്തെക്കുറിച്ചുള്ള വിശകലനം പ്രദാനം ചെയ്യുന്നതിനുള്ള ഇടപെടലുകളും നടത്തണം.

ചില പരിഷ്‌കരണങ്ങള്‍ ബുദ്ധിമുട്ടുള്ളവയാണ്. കാരണം അവ സ്വേച്ഛാപരമായ ശക്തികളെ സര്‍വശക്തമെന്ന സര്‍ക്കാര്‍ കാഴ്ചപ്പാടിനെ പരിമിതപ്പെടുത്തുകയും ചെയ്യുന്നു. ഇവയില്‍ പല ആശയങ്ങളും വ്യത്യസ്തമായ സന്ദര്‍ഭങ്ങളില്‍ നിന്ന് കടമെടുക്കുന്നവയാണ്. പരിധികളെക്കുറിച്ച് കൃത്യമായ ധാരണയില്ലാതെ അവ കൈകാര്യം ചെയ്യപ്പെടുകയും ചെയ്യുന്നു. ഈയിടെ ഉയര്‍ന്നു വന്ന മൂന്ന് ആശയങ്ങള്‍ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്.

ഒന്നാമത്തേത്ത്, ഉയര്‍ന്നു വരുന്ന സംരക്ഷണവാദവും സര്‍ക്കാരിന്റെ മുഖ്യ കാര്‍മികത്വത്തോടു കൂടിയ വളര്‍ച്ചയും തൊഴില്‍ സൃഷ്ടിയുമാണ്. ഉന്നത ശേഷിയും താരതമ്യേന സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുമുള്ള രാജ്യങ്ങള്‍ ഈ മാര്‍ഗ്ഗം വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. നമ്മുടെ ജനാധിപത്യ മൂല്യങ്ങളും സര്‍ക്കാരിന്റെ പരിമിതികളും അംഗീകരിക്കുന്ന രീതിയിലുള്ള മാര്‍ഗമാണ് നാം തിരിഞ്ഞെടുക്കേണ്ടത്. സംരക്ഷണവാദം, വ്യാവസായിക നയം എന്നിവയില്‍ ഇന്ത്യയുടെ അനുഭവം അത്ര നല്ലതല്ലെന്നാണ് നമ്മുടെ ഭൂതകാലം ജാഗ്രതപ്പെടുത്തുന്നത്.

രണ്ടാമതായി, കുറഞ്ഞ അടിസ്ഥാന വരുമാന പദ്ധതികളിലൂടെ സമ്പത്തിന്റെ മെച്ചപ്പെട്ട വിതരണം ഉറപ്പാക്കുമെന്ന വാഗ്ദാനം നരേന്ദ്ര മോദി സര്‍ക്കാരും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസും നല്‍കുന്നുണ്ട്. ‘സബ്‌സിഡി രാജ്യം’ എന്ന സങ്കല്‍പ്പത്തിന് ബദലായി ഇത്തരം ചില ചില ലഘു നടപടികള്‍ സ്വീകരിക്കാമെങ്കിലും, പ്രതിശീര്‍ഷ വാര്‍ഷിക വരുമാനം 1.25 ലക്ഷം മാത്രമുള്ള രാജ്യത്ത് കാര്യമായ പുനര്‍വിതരണം പ്രതീക്ഷിക്കരുത്. കൂടാതെ ഉയര്‍ന്ന നികുതി ചുമത്തലുകളും സര്‍ക്കാരിന്റെ ഉയര്‍ന്ന കടമെടുക്കലുകളും സ്വകാര്യ മേഖലയുടെ വളര്‍ച്ചാ അടിത്തറയെ തകര്‍ക്കും.

മൂന്നാമത്തെ കാര്യം, ഡാറ്റ സ്വകാര്യതാ അവകാശത്തെ സംരക്ഷിക്കണമെന്നതാണ്. ഡാറ്റ സമ്പദ് വ്യവസ്ഥ നിരീക്ഷിക്കുന്നതിനും നിയമ ലംഘനം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുമുള്ള അധികാരങ്ങളുള്ള ഒരു അതോറിറ്റി രൂപീകരിക്കണമെന്ന ശുപാര്‍ശയടങ്ങളിയ റിപ്പോര്‍ട്ട് ജസ്റ്റിസ് ശ്രീ കൃഷ്ണ കമ്മിറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. നിര്‍ദിഷ്ട അവകാശങ്ങളുടെ വിപുലമായ പട്ടികയും നിയന്ത്രണങ്ങളും മറ്റ് രാജ്യങ്ങളില്‍ നിന്ന് പകര്‍ത്തിയവയാണ്. ഇന്ത്യയില്‍ ഇത്തരമൊരു നിയമം വരുത്താനിടയുള്ള നാശനഷ്ടങ്ങളെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമമേയില്ല. ഇത് പൊതു താല്‍പ്പര്യത്തിന് അനുസൃതമായതാണോയെന്ന് നമുക്ക് അറിയില്ല. ഇത്തരത്തിലുള്ള ചില നിയമങ്ങള്‍ നടപ്പാക്കുന്നതിലെ ബൃഹത്തായ വെല്ലുവിളികളെയും അപകട സാധ്യതകളെയും സംബന്ധിച്ച് വലിയ ധാരണയുമില്ല. നിയമങ്ങള്‍ പകര്‍ത്തുക മാത്രം ചെയ്താല്‍ ഉദ്ദേശിച്ച ഫലം കിട്ടില്ലെന്ന് സാരം.

ബാങ്ക് ദേശസാല്‍ക്കരണം മുതല്‍ നോട്ട് അസാധുവാക്കല്‍ വരെ വിവിധ വിഷയങ്ങള്‍ തിടുക്കപ്പെട്ടാണ് നമ്മുടെ സര്‍ക്കാരുകള്‍ കൈകാര്യം ചെയ്തതെന്ന് കാണാം. നല്ല രീതിയില്‍ ഇവ നടപ്പാക്കാനുള്ള സാധ്യതയും അങ്ങനെ നഷ്ടപ്പെട്ടു. അടിസ്ഥാനപരമായ പ്രകടനങ്ങളെ നിര്‍വഹിക്കാന്‍ സഹായിക്കുന്ന യാഥാസ്ഥിതികമല്ലാത്ത ആശയങ്ങളെ നമ്മള്‍ തീര്‍ച്ചയായും പരിഗണിക്കണം (ഉദാഹരണം, സ്‌കൂളുകളിലെ പുതിയ പഠന രീതികള്‍). കൂടാതെ പുതിയ വെല്ലുവിളികളെ സ്വീകരിക്കുകയും വേണം. എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പുറം കടക്കുന്ന ആശയങ്ങളെ നാം കരുതിയിരിക്കണം. തെരഞ്ഞെടുപ്പെന്ന ജനാധിപത്യ അവകാശത്തിന്റെ അടിസ്ഥാനം നമുക്ക് ലഭിച്ചിട്ടുണ്ട്. മറ്റുള്ള മേഖലകളിലും അടിസ്ഥാന അവകാശങ്ങള്‍ നമ്മള്‍ നേടേണ്ടത് ആവശ്യമാണ്. ‘പരിവര്‍ത്തന’ ആശയങ്ങള്‍ എന്നു വിളിക്കപ്പെടുന്നവയ്ക്കുപരി അടിസ്ഥാനപരമായവയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുള്ള ധൈര്യവും ജ്ഞാനവും പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന നമ്മുടെ നേതാക്കള്‍ക്ക് ഉണ്ടായിരിക്കട്ടെ.

Categories: FK Special, Slider