ഗൂഗിളിനും ഫേസ്ബുക്കിനും ലഭിച്ചത് 53 കോടിയുടെ രാഷ്ട്രീയ പരസ്യങ്ങള്‍

ഗൂഗിളിനും ഫേസ്ബുക്കിനും ലഭിച്ചത് 53 കോടിയുടെ രാഷ്ട്രീയ പരസ്യങ്ങള്‍

രാഷ്ട്രീയ പരസ്യങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമെന്ന് ഈ വര്‍ഷം ആദ്യം തന്നെ ഗൂഗിളും ഫേസ്ബുക്കും വ്യക്തമാക്കിയിരുന്നു

ന്യൂഡെല്‍ഹി: ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ ഇന്ത്യയില്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നായി ഗൂഗിളിനും ഫേസ്ബുക്കിനും മൊത്തമായി ലഭിച്ചത് 53 കോടി രൂപയുടെ പരസ്യങ്ങള്‍. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി നല്‍കിയ പരസ്യങ്ങള്‍ക്കായി ഏറ്റവുമധികം ചെലവിടല്‍ നടത്തിയത് ബിജെപിയാണ്. ഫേസ്ബുക്കില്‍ 4.23 കോടി രൂപയാണ് പരസ്യങ്ങള്‍ക്കായി ബിജെപി ചെലവഴിച്ചത്. 17 കോടി രൂപയ്ക്ക് മുകളിലാണ് ഇക്കാലയളവില്‍ ഗൂഗിളിന് പരസ്യ പ്രചാരണത്തിനായി ബിജെപി നല്‍കിയത്.
ഫേസ്ബുക്കിന്റെ ആഡ് ലൈബ്രററി റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി-മേയ് കാലയളവില്‍ 121,000 രാഷ്ട്രീയ പരസ്യങ്ങളാണ് അവരുടെ പ്ലാറ്റ്‌ഫോമില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. 26.5 കോടിയുടെ ചെലവിടലാണ് ഈ പരസ്യങ്ങള്‍ക്കായി ഫേസ്ബുക്ക് നടത്തിയിട്ടുള്ളത്. ഗൂഗിളിന്റെ യൂട്യൂബ് ഉള്‍പ്പടെയുള്ള വിവിധ പ്ലാറ്റ്‌ഫോമുകളിലായി 14,837 പരസ്യങ്ങളാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഫെബ്രുവരി 19ന് ശേഷം വന്നിട്ടുള്ളത്. 27.36 കോടി രൂപയുടെ ചെലവിടല്‍ ഇതിനായി പാര്‍ട്ടികള്‍ നടത്തി.
ബിജെപി ഔദ്യോഗികമായി ഫേസ്ബുക്കില്‍ ചെലവിട്ട 4കോടി രൂപയ്ക്കു മുകളിലുള്ള തുകയ്ക്കു പുറമേ, ബിജെപിയെ പിന്തുണയ്ക്കുന്ന പേജുകള്‍ മൊത്തമായി 4കോടി രൂപയ്ക്കു മുകളിലുള്ള ചെലവിടല്‍ വേറേ നടത്തിയിട്ടുണ്ട്. 3,686 പരസ്യങ്ങളിലായി 1.46 കോടി രൂപയുടെ ചെലവിടലാണ് കോണ്‍ഗ്രസ് ഫേസ്ബുക്കില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നടത്തിയത്. ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകളിലെ 425 പരസ്യങ്ങള്‍ക്കായി 2.71 കോടി രൂപയുടെ ചെലവിടലും കോണ്‍ഗ്രസ് നടത്തിയിട്ടുണ്ട്.
29.28 ലക്ഷം രൂപയുടെ ചെലവിടലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ഫേസ്ബുക്കില്‍ നടത്തിയിട്ടുള്ളത്. ആംആദ്മി പാര്‍ട്ടി 176 പരസ്യങ്ങള്‍ക്കായി 13.62 ലക്ഷം രൂപയുടെ ചെലവിടല്‍ നടത്തി. എന്നാല്‍ എഎപിയുടെ പരസ്യ ചുമതല ഏറ്റെടുത്ത ഓബേണ്‍ ഡിജിറ്റല്‍ സൊലൂഷന്‍സ് 2.16 കോടി രൂപയുടെ ചെലവിടല്‍ ഗൂഗിള്‍ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങള്‍ക്കായി ഫെബ്രുവരി 19ന് ശേഷം നടത്തി.
സുതാര്യത ഉറപ്പുവരുത്തുന്നതിനായി രാഷ്ട്രീയ പരസ്യങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമെന്ന് ഈ വര്‍ഷം ആദ്യം തന്നെ ഗൂഗിളും ഫേസ്ബുക്കും വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യത നിലനിര്‍ത്തുന്നതിനും തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെയുള്ള അട്ടിമറി നീക്കങ്ങള്‍ അവസാനിപ്പിക്കാനും വിവിധ മുന്‍ കരുതലുകളും ഇരു ടെക്്‌നോളജി വമ്പന്‍മാര്‍ സ്വീകരിച്ചിരുന്നു.

Comments

comments

Categories: FK News
Tags: Facebook, Google