വ്യാജ വാര്‍ത്തകള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ വിജയം നേടി ഫിന്‍ലാന്‍ഡ്

വ്യാജ വാര്‍ത്തകള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ വിജയം നേടി ഫിന്‍ലാന്‍ഡ്

വിവര യുദ്ധം വന്‍തോതില്‍ അരങ്ങേറുന്ന ഒരു കാലഘട്ടത്തിലാണു നമ്മള്‍ ജീവിക്കുന്നത്. തെറ്റിദ്ധാരണ പരത്തുന്നതും, വിദ്വേഷം കുത്തിനിറച്ചതുമായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ് റഷ്യയെന്നു അമേരിക്കയും പാശ്ചാത്യസമൂഹവും ആരോപിക്കുന്നു. റഷ്യയുടെ ഇന്‍ഫര്‍മേഷന്‍ വാറിനെ ഫലപ്രദമായി നേരിടാന്‍ പാശ്ചാത്യസമൂഹത്തിനു സാധിച്ചിട്ടില്ലെങ്കിലും ചെറുരാജ്യമായ ഫിന്‍ലാന്‍ഡ് ഇക്കാര്യത്തില്‍ ബഹുദൂരം മുന്നേറിയിരിക്കുകയാണ്. അവര്‍ വ്യാജ വാര്‍ത്തകളെ ഇന്നു ഫലപ്രദമായി നേരിടുന്നു. ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ ഫിന്‍ലാന്‍ഡിനെ ഇക്കാര്യത്തില്‍ മാതൃകയാക്കുകയും ചെയ്യുന്നു.

ഈയടുത്ത കാലത്തു ഫിന്‍ലാന്‍ഡിന്റെ തലസ്ഥാനമായ ഹെല്‍സിങ്കിയില്‍ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ എസ്പൂ അഡല്‍റ്റ് എഡ്യുക്കേഷന്‍ സെന്ററില്‍ (Espoo Adult Education Centre) ഒത്തുകൂടുകയുണ്ടായി. ഒട്ടുമിക്ക കോളേജുകളിലെയും പാഠ്യപദ്ധതികളില്‍ ഇല്ലാത്തതും എന്നാല്‍ വളരെ പ്രാധാന്യമുള്ളതുമായൊരു വിഷയത്തെക്കുറിച്ചുള്ള പ്രഭാഷണം കേള്‍ക്കാനായിരുന്നു അവര്‍ ഒത്തുചേര്‍ന്നത്. പവര്‍ പോയ്ന്റ് പ്രസന്റേഷന്റെ (PowerPoint presentation) സഹായത്തോടെ പ്രഭാഷണം നയിച്ചത്, ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രിയുടെ ഓഫീസിലെ ജുസി ടൊയ്‌വാനേന്‍ എന്ന ചീഫ് കമ്മ്യൂണിക്കേഷന്‍സ് സ്‌പെഷ്യലിസ്റ്റായിരുന്നു. പവര്‍ പോയ്ന്റ് പ്രസന്റേഷനിടെ ‘ നിങ്ങള്‍ എപ്പോഴെങ്കിലും റഷ്യന്‍ ട്രോള്‍ സംഘത്തിന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ടോ’ ? എന്ന തലക്കെട്ടില്‍ ഒരു ചോദ്യം വിദ്യാര്‍ഥികളോടു ചോദിച്ചിരുന്നു. (ട്രോള്‍ എന്ന് ഇവിടെ ഉദ്ദേശിച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ ആക്ഷേപഹാസ്യ രൂപേണ പ്രസിദ്ധീകരിക്കുന്ന ചിത്രമാണ്). മറ്റൊരു വിവരണം, ഒരു ട്വിറ്റര്‍ പ്രൊഫൈല്‍ പേജിന്റെ പടം കാണിച്ചു കൊണ്ടായിരുന്നു. ഈ പടത്തിലൂടെ ബോട്ടുകളെ അഥവാ യന്ത്രസംവിധാനങ്ങളെ എങ്ങനെ തിരിച്ചറിയാമെന്നു വിശദീകരിച്ചു. പിന്നീട് ഡീപ്പ് ഫേക്ക് എന്ന സര്‍വസാധാരണമായ കൃത്രിമ വീഡിയോ, ഓഡിയോ ടെക്‌നോളജിയെ കുറിച്ചും വിശദീകരിച്ചു.

വ്യാജവാര്‍ത്ത പ്രചരിക്കുന്നത് നിയന്ത്രിക്കുന്നതിനു വേണ്ടി ഫിന്‍ലാന്‍ഡ് സര്‍ക്കാര്‍ 2014-ല്‍ തുടക്കമിട്ട ഉദ്യമത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ക്ലാസ് സംഘടിപ്പിച്ചത്. ഓണ്‍ലൈനില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചു വിഭാഗീയത സൃഷ്ടിക്കുന്ന പ്രവണതയെ നേരിടാന്‍ വിദ്യാര്‍ഥികളെയും, മാധ്യമപ്രവര്‍ത്തകരെയും, രാഷ്ട്രീയക്കാരെയും പരിശീലിപ്പിക്കുകയെന്നതായിരുന്നു ഈ ഉദ്യമത്തിന്റെ ലക്ഷ്യം. ഈ ഉദ്യമം, എല്ലാ പ്രായത്തിലുമുള്ള പൗരന്മാരെ ഇന്നത്തെയും ഇനി വരാനിരിക്കുന്ന കാലത്തിലെയും സങ്കീര്‍ണമായ ഡിജിറ്റല്‍ പരിതസ്ഥിതിയില്‍ ജീവിക്കാന്‍ സജ്ജരാക്കുന്നതിനായി രാജ്യമെമ്പാടും സ്വീകരിച്ചു വരുന്ന സമീപനത്തിന്റെ ഒരു ഭാഗം മാത്രമാണ്.
റഷ്യയുമായി 832 മൈല്‍ അതിര്‍ത്തി പങ്കിടുന്ന നോര്‍ഡിക് രാജ്യമാണു ഫിന്‍ലാന്‍ഡ്. 101 വര്‍ഷം മുമ്പ് സോവിയറ്റ് യൂണിയനില്‍നിന്നും സ്വാതന്ത്ര്യം നേടിയ രാജ്യമാണു ഫിന്‍ലാന്‍ഡ്. പക്ഷേ, ക്രെംലിന്‍ പിന്തുണയോടെ അരങ്ങേറുന്ന സംഘടിതമായ ആശയപ്രചാരണത്തെ ഫിന്‍ലാന്‍ഡ് ഇന്നും ഭയപ്പാടോടെയാണു നോക്കിക്കാണുന്നത്. 2014-ല്‍ ക്രിമിയയെ മോസ്‌കോ അധീനപ്പെടുത്തിയതോടെയും, കിഴക്കന്‍ ഉക്രൈയ്‌നില്‍ റിബലുകളെ റഷ്യ പിന്തുണച്ചതോടെയും, യുദ്ധം ഇന്‍ഫര്‍മേഷന്‍ വാര്‍ഫെയറായി അഥവാ വിവര യുദ്ധമായി മാറിയതായി ബോധ്യപ്പെട്ടു.

സമീപകാല വര്‍ഷങ്ങളില്‍, തെറ്റിദ്ധാരണ പരത്തുംവിധം ഫിന്‍ലാന്‍ഡിനെ ലക്ഷ്യമിട്ട് നടത്തിയ പ്രവര്‍ത്തനങ്ങളുടെ എണ്ണം എത്രയായിരുന്നെന്നു കൃത്യമായി നിര്‍ണയിക്കാന്‍ പ്രയാസമാണെന്നു ചീഫ് കമ്മ്യൂണിക്കേഷന്‍ സ്‌പെഷ്യലിസ്റ്റ് ടൊയ്‌വാനേന്‍ പറയുന്നു. എന്നാല്‍ ഇമിഗ്രേഷന്‍, യൂറോപ്യന്‍ യൂണിയന്‍, നാറ്റോയില്‍ ഫിന്‍ലാന്‍ഡ് മുഴുവന്‍ സമയ അംഗമാകുമോ തുടങ്ങിയവ സംബന്ധിച്ച നിരവധി തെറ്റായ വിവരങ്ങള്‍ പ്രചരിച്ചിരുന്നതായി അദ്ദേഹം പറയുന്നു. 2015-ല്‍ ഫിന്‍ലാന്‍ഡില്‍ ഓണ്‍ലൈനില്‍ തെറ്റായ വിവരങ്ങളടങ്ങിയ ട്രോളുകളുടെ പെരുമഴക്കാലമായിരുന്നു. ട്രോളുകള്‍ പ്രവഹിച്ചതോടെ, ഫിന്‍ലാന്‍ഡ് പ്രസിഡന്റ് സൗളി നിനിസ്റ്റോ, തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതിനെതിരേ പോരാടാന്‍ എല്ലാ ഫിനിഷ് പൗരന്മാരോടും ആഹ്വാനം ചെയ്തു. പിന്നീട് 2016-ല്‍ വ്യാജ വാര്‍ത്തകള്‍ എങ്ങനെ തിരിച്ചറിയാം, അവയ്‌ക്കെതിരേ എങ്ങനെ പോരാടാം എന്നതിനെ കുറിച്ച് അറിയുന്നതിനായി അമേരിക്കയില്‍നിന്നുള്ള വിദഗ്ധരുടെ അഭിപ്രായം ആരാഞ്ഞു. വിമര്‍ശനാത്മക ചിന്തയ്ക്ക് ഊന്നല്‍ കൊടുത്തു കൊണ്ടു വിദ്യാഭ്യാസ സമ്പ്രദായവും പരിഷ്‌ക്കരിച്ചു. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ക്കെതിരേ പോരാടാനായി സ്വീകരിച്ച നടപടികളുടെ പുരോഗതി എത്രയാണെന്ന് അളക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും, ഫിന്‍ലാന്‍ഡ് പുലര്‍ത്തിയ സമീപനം വിജയകരമായിരുന്നെന്നു തോന്നുന്നുണ്ട്. ഇപ്പോള്‍ ലോകത്തിലെ മറ്റ് രാജ്യങ്ങള്‍ തെറ്റായ വിവരങ്ങള്‍ക്കെതിരേയുള്ള പോരാട്ടം വിജയിക്കുന്നത് എങ്ങനെയാണെന്ന് അറിയാന്‍ ഫിന്‍ലാന്‍ഡ് സ്വീകരിച്ച മാതൃകയെയാണ് ആശ്രയിക്കുന്നത്. വ്യാജവാര്‍ത്തകള്‍ക്കെതിരേയുള്ള പോരാട്ടത്തിനായി സിംഗപ്പൂര്‍ മാതൃകയാക്കുന്നത് ഫിന്‍ലാന്‍ഡ് സ്വീകരിച്ച തന്ത്രമാണ്.

ലിംഗ സമത്വം, സാമൂഹിക നീതി, സുതാര്യത, വിദ്യാഭ്യാസം, മാധ്യമ സ്വാതന്ത്ര്യം, സന്തോഷം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പട്ടികയില്‍ എക്കാലത്തും മുന്‍നിര സ്ഥാനം പിടിക്കുന്ന ചെറിയ രാജ്യമാണു ഫിന്‍ലാന്‍ഡ്. അതു കൊണ്ടു തന്നെ പുറത്തുനിന്നുള്ള ഛിദ്രശക്തികള്‍ക്ക് ഫിന്നിഷ് സമൂഹത്തിനുള്ളില്‍ വിള്ളല്‍ വീഴ്ത്താന്‍ പ്രയാസവുമാണ്. ലോകത്തിന്റെ മറ്റ് രാജ്യങ്ങളിലുള്ള മാധ്യമങ്ങളുടെ വിശ്വാസ്യത ചോര്‍ന്നപ്പോള്‍, ഫിന്‍ലാന്‍ഡില്‍ മാധ്യമങ്ങള്‍ ശക്തരായി നിലകൊണ്ടു. അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ റോയ്‌ട്ടേഴ്‌സിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡിജിറ്റല്‍ ന്യൂസ് റിപ്പോര്‍ട്ട് 2018-ല്‍, മാധ്യമ വിശ്വാസ്യതയുടെ കാര്യത്തില്‍ ഫിന്‍ലാന്‍ഡ് ആയിരുന്നു മുന്‍നിര സ്ഥാനത്തെത്തിയത്. ഫിന്നിഷ് ജനത, വാര്‍ത്തകള്‍ക്കായി ബദല്‍ സ്രോതസുകളെ ആശ്രയിക്കാനുള്ള സാധ്യത കുറവാണെന്നാണ് ഇതിലൂടെ അര്‍ഥമാക്കുന്നത്.

മാധ്യമ സാക്ഷരത മാത്രം പോരാ

തെറ്റായ വിവരങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത് തടയാനും അവയെ എളുപ്പം മനസിലാക്കുവാനും ഫിന്നിഷ് ജനത കണ്ടുപിടിച്ച മാര്‍ഗമാണു മാധ്യമ സാക്ഷരത നേടുകയെന്നത്. അതോടൊപ്പം വിമര്‍ശനാത്മക ചിന്ത വളര്‍ത്തിയെടുക്കുക എന്നതും അതിന്റെ ഭാഗമാണ്. എന്നാല്‍ കേവലം മാധ്യമ സാക്ഷരതയും വിമര്‍ശനാത്മക ചിന്തയും മാത്രം മതിയാകില്ലെന്ന അഭിപ്രായമാണു ചില കോണുകളില്‍നിന്നും ഉയരുന്നത്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ സോഷ്യല്‍ മീഡിയ കമ്പനികളുടെ ഭാഗത്തുനിന്നുള്ള ക്രിയാത്മക ഇടപെടല്‍ കൂടി വേണമെന്നും ചിലര്‍ വാദിക്കുന്നു. റഷ്യന്‍ ട്രോളുകള്‍ കൂടുതല്‍ പ്രചരിക്കുന്നത് ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍/യു ട്യൂബ് എന്നിവയിലൂടെയാണ്. ഇക്കാര്യം മനസിലാക്കി സോഷ്യല്‍ മീഡിയ കമ്പനികള്‍ ഇവ നിയന്ത്രിക്കാന്‍ ശ്രമം നടത്തേണ്ടതുണ്ടെന്നു ഫിന്‍ലാന്‍ഡ് പബ്ലിക് ബ്രോഡ്കാസ്റ്ററായ വൈഎല്‍ഇ കിയോസ്‌കി (YLE Kioski) ജേണലിസ്റ്റായ ജെസീക്ക ആരോ പറഞ്ഞു. വെള്ളം, വായു, കാടുകള്‍ എന്നിവ മലിനപ്പെടുത്തുന്ന കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാരുകള്‍ രംഗത്തുവരാറുണ്ട്. അതു പോലെ തന്നെ മനുഷ്യ മനസിനെ മലിനപ്പെടുത്തുന്ന ഓണ്‍ലൈന്‍ കമ്പനികളെയും നിയന്ത്രിക്കണമെന്നു ജെസീക്ക ആരോ പറയുന്നു.

Comments

comments

Categories: Top Stories