ഹോട്ടല്‍ മെനുവില്‍ ഭക്ഷണത്തോടൊപ്പം കലോറിയും പ്രദര്‍ശിപ്പിക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി

ഹോട്ടല്‍ മെനുവില്‍ ഭക്ഷണത്തോടൊപ്പം കലോറിയും പ്രദര്‍ശിപ്പിക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി

കഴിക്കുന്ന ഭക്ഷണത്തിന്റെ പോഷകഗുണം സംബന്ധിച്ച അവബോധം ജനങ്ങളില്‍ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം

ദുബായ്: ദുബായിലെ എല്ലാ ഭക്ഷണശാലകളും അവരുടെ മെനുവില്‍ ഭക്ഷണ വിവരങ്ങള്‍ക്കൊപ്പം ഓരോ വിഭവങ്ങളിലും അടങ്ങിയിരിക്കുന്ന കലോറിയും പ്രദര്‍ശിപ്പിക്കണമെന്ന് ദുബായ് മുനിസിപ്പാലിറ്റി. കഴിക്കുന്ന ഭക്ഷണത്തിന്റെ പോഷകഗുണങ്ങള്‍ എന്തെല്ലാമാണെന്നത് സംബന്ധിച്ച അവബോധം ജനങ്ങളില്‍ ഉണ്ടാക്കുക എന്നതാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. സമൂഹത്തില്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗം പോലുള്ള ശാരീരിക വെല്ലുവിളികളെ നേരിടുന്നതിനുള്ള സുപ്രധാന നടപടിയാണിത്.

രണ്ട് ഘട്ടങ്ങളിലായാണ് നിയമം നടപ്പിലാക്കുക. റെസ്റ്റോറന്റുകള്‍, കഫെറ്റീരിയ, കഫേ അടക്കം അഞ്ചോളം ഭക്ഷണവിതരണ കേന്ദ്രങ്ങള്‍ നവംബര്‍ മുതലും കാറ്ററിംഗ് സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങി എമിറേറ്റിലെ മറ്റ് ഭക്ഷണശാലകള്‍ ജനുവരി മുതലും ഈ നിയമം പ്രാബല്യത്തില്‍ വരുത്തണമെന്നാണ് ദുബായ് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള നിര്‍ദ്ദേശം.

തങ്ങളുടെ ആരോഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ ജനങ്ങള്‍ക്ക് പ്രേരണ നല്‍കുന്ന ഈ നിയമം ദുബായ് ജനതയെ ആരോഗ്യകരമായ ജീവിതചര്യയിലേക്ക് നയിക്കുന്നതിനുള്ള ആദ്യചുവടുവെപ്പാകും. കൂടാതെ, ഉപഭോക്താക്കള്‍ക്ക് ആരോഗ്യപൂര്‍ണമായ ഭക്ഷണങ്ങള്‍ വിളമ്പാന്‍ റെസ്റ്റോറന്റുകള്‍ക്കും ഈ നിയമം പ്രചോദനമാകുമെന്ന് അധികാരികള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. കലോറി അറിയാതെ ഭക്ഷണം കഴിക്കുന്നതാണ് മിക്ക വരെയും പൊണ്ണത്തടിയിലേക്ക് നയിക്കുന്നതെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വ്യത്യസ്ത പ്രായക്കാരുടെ കലോറി ആവശ്യങ്ങള്‍ വ്യത്യസ്തമാണെന്നിരിക്കെയാണ് റെസ്റ്റോറന്റുകളില്‍ പ്രായഭേദമന്യേ ആളുകള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത്. മെനുവിനൊപ്പം കലോറി പ്രദര്‍ശിപ്പിക്കുമ്പോള്‍ ആരോഗ്യം സംബന്ധിച്ച തിരിച്ചറിവ് ചിലരിലെങ്കിലും ഉണ്ടാകുകയും ആരോഗ്യത്തിന് മുന്‍ഗണന നല്‍കി അവര്‍ ഭക്ഷണം തെരഞ്ഞെടുക്കുകയും ചെയ്യുമെന്നാണ് അധികാരികള്‍ കരുതുന്നത്.

അതേസമയം എത്തരത്തിലാണ് ഈ നിയമം നടപ്പാക്കേണ്ടത് എന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുനിസിപ്പാലിറ്റി പുറത്തിറക്കിയിട്ടില്ല. ഓരോ വിഭവങ്ങളിലെയും കലോറി എങ്ങനെ കണക്കാക്കുമെന്ന് റെസ്‌റ്റോറന്റ് ഉടമകളില്‍ ആശയക്കുഴപ്പമുണ്ട്. ഷെഫ് മാറുന്നതനുസരിച്ച് ചേരുവകള്‍ മാറാനുള്ള സാധ്യതയും അതിനനുസരിച്ച് കലോറി മാറാനുള്ള സാധ്യതയും ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെ വരുമ്പോള്‍ എല്ലാ ദിവസവും മെനു മാറ്റേണ്ടി വരുമെന്നും ഇവര്‍ പറയുന്നു.

മെനുവില്‍ കലോറി പ്രദര്‍ശിപ്പിക്കുന്ന യുഎഇയിലെ ആദ്യ എമിറേറ്റാണ് ദുബായ്. ജനുവരിയില്‍ സൗദി അറേബ്യ ഈ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നിരുന്നു.

Comments

comments

Categories: Arabia