എഐ മുന്നേറ്റത്തിന് 7,500 കോടിയുടെ പദ്ധതി

എഐ മുന്നേറ്റത്തിന് 7,500 കോടിയുടെ പദ്ധതി

പദ്ധതി നിര്‍ദേശം പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ നിതി ആയോഗ് മുന്നോട്ടുവെക്കും

ന്യൂഡെല്‍ഹി: രാജ്യത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്‍സ്റ്റിറ്റിയൂഷണല്‍ ചട്ടക്കൂടൊരുക്കാന്‍ നിതി ആയോഗിന്റെ പദ്ധതി. ഇതിനായി എയ്‌റാവാട്ട് (എഐആര്‍എഡബ്ല്യുഎടി) എന്ന പേരില്‍ ക്ലൗഡ് കംപ്യൂട്ടിംഗ് പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നതിനും ഗവേഷണ സ്ഥാപനങ്ങള്‍ വികസിപ്പിക്കുന്നതിനും 7,500 കോടി രൂപയുടെ നിക്ഷേപ നിര്‍ദേശമാണ് നിതി ആയോഗ് മുന്നോട്ടുവെക്കുന്നത്.

പദ്ധതി നിര്‍ദേശം ഇതിനകം തന്നെ നിതി ആയോഗ് കേന്ദ്ര എക്‌സ്‌പെന്‍ഡീച്ചര്‍ ഫിനാന്‍സ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടതായാണ് വിവരം. നിര്‍ദേശം ഉടന്‍ പരിഗണിച്ചേക്കും. പ്രാരംഭ ഘട്ട പ്രവര്‍ത്തനമെന്ന നിലയില്‍ മൂന്ന് വര്‍ഷത്തേക്ക് 7,500 കോടി രൂപയുടെ നിക്ഷേപം പുതിയ സര്‍ക്കാര്‍ അനുവദിക്കണമെന്നാണ് നിതി ആയോഗ് നിര്‍ദേശിക്കുന്നത്. എഐയുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതിന് ഒരു ഉന്നതതല സമിതി രൂപീകരിക്കണമെന്നും നിതി ആയോഗ് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടുന്നതിനുള്ള പദ്ധതി നിര്‍ദേശം തയാറായതായും പുതിയ സഭയില്‍ ഇത് അവതരിപ്പിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. എഐയ്ക്കുവേണ്ടി വ്യവസ്ഥാപിതമായ ചട്ടക്കൂടൊരുക്കാനും ഇതുമായി ബന്ധപ്പെട്ട നയങ്ങളില്‍ സുതാര്യത ഉറപ്പാക്കാനുമാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. അഞ്ച് ഗവേഷണ കേന്ദ്രങ്ങള്‍ക്കും 20 അന്താരാഷ്ട്ര എഐ ട്രാന്‍സ്ഫര്‍മേഷണല്‍ കേന്ദ്രങ്ങള്‍ക്കും ധനസഹായം നല്‍കുന്നതിനും എയ്‌റാവാട്ട് പ്ലാറ്റ്‌ഫോം രൂപീകരിക്കുന്നതിനുമാണ് നിക്ഷേപം വിനിയോഗിക്കുക.

വിവിധ മാനദണ്ഡങ്ങള്‍ പരിഗണിച്ചായിരിക്കും ധനസഹായത്തിന് അര്‍ഹതയുള്ള ഗവേഷണ സ്ഥാപനങ്ങളെ കണ്ടെത്തുക. ഈ സ്ഥാപനങ്ങളുടെ നേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും തുക നല്‍കുകയെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഒരു ടാസ്‌ക്‌ഫോഴ്‌സ് എഐ ദൗത്യത്തിന് മേല്‍നോട്ടം വഹിക്കും. നിതി ആയോഗ് അംഗമായിരിക്കും ഈ സമിതിക്ക് നേതത്വം നല്‍കുക. എല്ലാ മന്ത്രാലയത്തില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളും സമിതിയിലുണ്ടാകും. ഇതിനുപുറമെ വിദഗ്ധരായിരിക്കും സമിതിയിലെ മുഖ്യ അംഗങ്ങള്‍.

എഐ സാങ്കേതികവിദ്യ സ്വീകാര്യമായിട്ടുള്ള അഞ്ച് മേഖലകളിലെ പ്രധാനപ്പെട്ട പ്രൊജക്റ്റുകള്‍ കണ്ടെത്താന്‍ നിര്‍ദേശിച്ചുകൊണ്ട് സംസ്ഥാനങ്ങള്‍ക്കും മന്ത്രിമാര്‍ക്കും നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് കത്തയച്ചിട്ടുണ്ട്. എഐ സ്വീകാര്യത പ്രോത്സാഹിപ്പിക്കുന്നതിന് പ്രൊജക്റ്റുകളില്‍ എഐ പരിശോധിക്കേണ്ടതുണ്ടെന്നും എഐ ഉപയോഗിക്കാന്‍ കഴിയുന്ന പ്രത്യേക മേഖലകള്‍ കണ്ടെത്തേണ്ടതുണ്ടെന്നും കാന്ത് പറഞ്ഞിരുന്നു.

എഐയില്‍ വികസ്വര രാജ്യങ്ങള്‍ക്കിടയിലെ മാര്‍ഗദര്‍ശി എന്ന നിലയില്‍ ഇന്ത്യയെ ഉയര്‍ത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസം, ആരോഗ്യം, കാര്‍ഷികം, നഗരവല്‍ക്കരണം തുടങ്ങിയ മേഖലകളിലെ ചില പ്രധാന വെല്ലുവിളികള്‍ പരിഹരിക്കുന്നതിന് എഐ സാങ്കേതികവിദ്യക്ക് കഴിയുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. 2035ഓടെ ഇന്ത്യയുടെ ജിഡിപിയില്‍ 957 ബില്യണ്‍ ഡോളര്‍ കൂട്ടിച്ചേര്‍ക്കാന്‍ എഐയ്ക്ക് കഴിയും.

ഇന്ത്യയുടെ വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ 1.3 ശതമാനത്തിന്റെ സ്വാധീനം ചെലുത്താന്‍ എഐയ്ക്ക് കഴിയുമെന്നും സര്‍ക്കാര്‍ കരുതുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ എഐയ്ക്കായി ഒരു ദേശീയ സ്ട്രാറ്റജി നിതി ആയോഗ് അവതരിപ്പിച്ചിരുന്നു. അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ 150 ബില്യണ്‍ ഡോളറിന്റെ ആഭ്യന്തര എഐ വ്യവസായം വികസിപ്പിക്കാന്‍ ചൈന സജ്ജമായിട്ടുണ്ട്. 2030ഓടെ എഐ അധികാര കേന്ദ്രമായി മാറുകയാണ് ചൈനയുടെ ലക്ഷ്യം.

Comments

comments

Categories: FK News