മഴക്കാലമായി, കുട വാങ്ങുമ്പോള്‍ ഇവരെയും ഓര്‍ക്കാം

മഴക്കാലമായി, കുട വാങ്ങുമ്പോള്‍ ഇവരെയും ഓര്‍ക്കാം

സ്വിച്ചിട്ടാല്‍ നാല് മടക്കായി ചുരുങ്ങുന്ന കുടകള്‍, എസി കുടകള്‍, അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കുന്ന കുടകള്‍ അങ്ങനെ തൃശൂര്‍ പൂരത്തിന്റെ കുടമാറ്റം അനുസ്മരിപ്പിച്ചുകൊണ്ട് വിവിധതരത്തിലുള്ള കുടകള്‍ വിപണിയില്‍ പല ബ്രാന്‍ഡുകളില്‍, പല വിലകളില്‍ സജീവമാകുമ്പോള്‍ ജീവിതത്തില്‍ ചെറുത്തുനില്‍പ്പിന്റെ പാഠങ്ങള്‍ ഉരുവിട്ട് തനിക്കായും മറ്റുള്ളവര്‍ക്കായും കുടയുടെ തണല്‍ സൃഷ്ട്ടിക്കുന്ന കുറച്ചു വ്യക്തികള്‍ നമുക്ക് ചുറ്റുമുണ്ട്. പരസ്യ പ്രചരണങ്ങളുടെയോ ബ്രാന്‍ഡിംഗ് തന്ത്രങ്ങളുടെയോ ബ്രാന്‍ഡ് അംബാസിഡര്‍മാരുടെയോ പിന്തുണയില്ലാതെ, നിലനില്‍പ്പിനായി കുടനിര്‍മാണം നടത്തുന്ന ഇവരില്‍ ശാരീരിക വൈകല്യമുള്ളവരും സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നാക്കം നില്‍ക്കുന്നവരും ഉള്‍പ്പെടുന്നു. യഥാര്‍ത്ഥത്തില്‍ നിലനില്‍പ്പിനായുള്ള സംരംഭകത്വ പാഠങ്ങള്‍ പഠിക്കേണ്ടത് ഇവരില്‍ നിന്നുമാണ്. ബ്രാന്‍ഡഡ് കുടകള്‍ ശരാശരി 500 രൂപക്ക് വിപണിയില്‍ വിലക്കപ്പെടുമ്പോള്‍ ഹാന്‍ഡിക്രോപ്‌സ്, കാര്‍ത്തുമ്പി തുടങ്ങിയ സംഘടനകള്‍ക്ക് കീഴില്‍ നിര്‍മിക്കുന്ന കുടകള്‍ 300 രൂപക്ക് ലഭ്യമാകുന്നു.

”ഇതൊരു യുദ്ധമാണ്, നിലനില്‍പ്പിനായി നടത്തുന്ന ഒരു യുദ്ധം., ചെറുത്തു നില്‍പ്പിന്റെ യുദ്ധം. എനിക്കിതില്‍ വിജയിച്ച തീരൂ കാരണം എന്റെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു ഭാരമായി മാറരുത്” വീല്‍ ചെയറില്‍ ഇരുന്നുകൊണ്ട് വിവിധ നിറങ്ങളിലുള്ള കുടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് കണ്ണൂര്‍ സ്വദേശിയായ ബാബു ഇത് പറയുമ്പോള്‍ അത് വലിയൊരു സാമൂഹിക മാറ്റത്തിന്റെ കൂടി ഭാഗമാകുകയാണ്. ആറു വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു വാഹനാപകടമാണ് ബാബുവിനെ അരക്ക് കീഴ്‌പോട്ട് തളര്‍ത്തിയത്. ഒരു കുടുംബത്തിന്റെ മുഴുവന്‍ അത്താണിയായിരുന്ന ബാബുവിനെ പോലൊരു വ്യക്തി ഒരു കട്ടിലിലേക്ക് ഒതുങ്ങിയപ്പപ്പോള്‍ അത് കുടുംബത്തിന്റെ മുഴുവന്‍ നിലനില്‍പ്പിനെയും ബാധിച്ചു. തനിക്ക് സംഭവിച്ച അപകടം തന്റെ പ്രിയപ്പെട്ടവരുടെയും ജീവിതത്തിലെ നിറങ്ങള്‍ കെടുത്തുന്നു എന്ന തോന്നാനില്‍ നിന്നാണ് വരുമാനം ലഭിക്കുന്ന എന്തെങ്കിലും സ്വയം തൊഴില്‍ കണ്ടെത്തണമെന്ന് ചിന്ത ബാബുവിനുണ്ടാകുന്നത്. അതിനായുള്ള അന്വേഷണം വികലാംഗര്‍ക്കായുള്ള സംഘടനാ പ്രവര്‍ത്തനങ്ങളിലേക്കും സോഷ്യല്‍ മീഡിയ കൂട്ടായ്മകളിലേക്കും എത്തിച്ചേര്‍ന്നു. അവിടെ നിന്നുമാണ് കുട നിര്‍മാണ രീതി അഭ്യസിക്കുന്നത്. കുട നിര്‍മാണം സീസണല്‍ ആണെങ്കിലും അത് തന്റെ കുടുംബത്തിന്റെ വരുമാനത്തിന്റെ മുഖ്യഘടകമാണെന്ന് ബാബു പറയുന്നു.

ഇത് കേവലമൊരു ബാബുവിന്റെ മാത്രം ജീവിതകഥയല്ല. ഇത്തരത്തില്‍ ശാരീരിക അവശതകള്‍ ഉള്ളവരും സാമൂഹികമായും സാമ്പത്തികമായും പിന്‍പന്തിയില്‍ നില്‍ക്കുന്നവരുമായി നിരവധിയാളുകളാണ് സ്വയം തൊഴില്‍ എന്ന നിലക്ക് കുടനിര്‍മാണം നടത്തുന്നത്. ബ്രാന്‍ഡിന്റെ ഉറപ്പോ പരസ്യത്തിന്റെ പിന്‍ബലമോ ഒന്നും കൂടാതെ വിപണിയിലെത്തുന്ന ഈ കുടയുടെ ഈടിന്റെ കാര്യത്തില്‍ പക്ഷേ ഒരു സംശയവും വേണ്ട.. ബ്രാന്‍ഡഡ് കുടകള്‍ ശരാശരി 500 രൂപക്ക് വിപണിയില്‍ വിലക്കപ്പെടുമ്പോള്‍ ഹാന്‍ഡിക്രോപ്‌സ്, കാര്‍ത്തുമ്പി തുടങ്ങിയ സംഘടനകള്‍ക്ക് കീഴില്‍ നിര്‍മിക്കുന്ന കുടകള്‍ 300 രൂപക്ക് ലഭ്യമാകുന്നു. അവഗണിക്കാതെ അര്‍ഹമായ പ്രാധാന്യം നല്‍കാന്‍ തയ്യാറായാല്‍ അതിലൂടെ കരക്കെത്തുക നിരവധി ജീവിതങ്ങളായിരിക്കും.

കാഴ്ചയില്ലാത്തവരുടെ കൈവിരുത്

കാഴ്ചയില്ലാത്ത ഒരു പറ്റം ആളുകളുടെ കൈവിരുതാണ് കോഴിക്കോട് ജില്ലയിലെ ഫറോഖില്‍ നിന്നും എത്തുന്ന വര്‍ണ്ണക്കുടകളില്‍ കാണാന്‍ കഴിയുന്നത്. ജീവിതത്തിന്റെ പുറംകാഴ്ചകള്‍ കാണാനാകാതെ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപ്പെട്ടവര്‍ സ്വന്തം നിലനില്‍പ്പിനായി മുന്നിട്ടിറങ്ങിയപ്പോള്‍ അത് കുടനിര്‍മാണത്തിനു വഴിവച്ചു. കുണ്ടായിത്തോട് അന്ധ തൊഴില്‍പരിശീലന പുനരധിവാസ കേന്ദ്രത്തിലെ കാഴ്ചയില്ലാത്ത നിരവധിയാളുകള്‍ക്കാണ് കുടനിര്മാണത്തില്‍ പരിശീലനം നല്‍കിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യ നീതിവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണിവിടെ പരിശീലനവും കുടനിര്‍മാണവും നടപ്പാക്കിവരുന്നത്.സാമൂഹ്യനീതി വകുപ്പ് 8,35,000 രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. കേന്ദ്രത്തിലെ അന്തേവാസികളില്‍ ഏതാനും പേരെ പരിശീലിപ്പിച്ച ശേഷമായിരുന്നു അവര്‍ സ്വന്തമായി കുട നിര്‍മാണമാരംഭിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ 44 ആം ഡിവിഷനിലുള്‍പ്പെട്ട കുണ്ടായിത്തോട് കേന്ദ്രത്തില്‍ 22 അന്തേവാസികളില്‍ ഏതാനും പേരാണ് കുട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

മികച്ച പരിശീലനം കിട്ടിയ ഒരാള്‍ക്ക് ഒരു കുട നിര്‍മിക്കാന്‍ ഒരു മണിക്കൂര്‍ വേണം. ഒരു ദിവസം ഒരാള്‍ നാല് കുടകള്‍ വരെയുണ്ടാക്കും. സാധാരണ കുടക്ക് 260 രൂപയും കുട്ടികളുടേതിന് 180 രൂപയുമാണ് നിരക്ക്. കുട നിര്‍മാണത്തിനു പുറമെ ചോക്ക്, പേപ്പര്‍ ബാഗുകള്‍, കോട്ടണ്‍ കാരി ബാഗുകള്‍, നീളന്‍ കവറുകള്‍ എന്നിവയും ഇവര്‍ നിര്‍മിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് ഇവര്‍ കുട നിര്‍മാണത്തില്‍ സജീവമായിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയും പരിചയക്കാര്‍ വഴിയും വില്‍പന നടക്കുന്നു.

വേദനയുടെ മറവില്‍ പാലിയംകുടകള്‍

മലപ്പുറം ജില്ലയിലെ മഞ്ചേരി ചെരണി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ക്ലിനിക്കില്‍ 2018 മുതല്‍ കുട നിര്‍മാണം പുരോഗമിക്കുന്നു. പെരുന്നാള്‍, സ്‌കൂള്‍ വിപണികള്‍ മുന്കൂട്ടിക്കണ്ടുകൊണ്ടാണ് വിവിധ രോഗങ്ങളാല്‍ വേദന അനുഭവിക്കുന്ന ആളുകളുടെ കുട നിര്‍മാണം. ശാരീരികമായ വേദന കടിച്ചമര്‍ത്തി അവര്‍ നെയ്‌തെടുക്കുന്നത് സ്വന്തം ജീവിതമാണ്. വര്‍ണക്കുട, പുള്ളിക്കുട, മടക്കുകുട, കാലന്‍കുട, നീളന്‍കുട തുടങ്ങി ഇന്ന് വിപണിയില്‍ ലഭ്യമായ ഏതിനം കുടകളും ഇവര്‍ നിര്‍മിക്കുന്നു. 2018 ല്‍ പതിനഞ്ചോളം ആളുകള്‍ ഉള്‍പ്പെടുന്ന ടീമുമായായിരുന്നു തുടക്കം. പാലിയം എന്ന പേരിലാണ് ഈ കുടകള്‍ വിപണിയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടായിരത്തില്‍ പരം കുടകള്‍ ഇവര്‍ നിര്‍മിച്ചു. ഇക്കുറി കൂടുതല്‍ നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ്.

ഒരു വ്യക്തി എട്ടു കുടകള്‍ വരെ ഒരു ദിവസം നിര്‍മിക്കുന്നുണ്ട്. ഇടനിലക്കാരെ ഒഴിവാക്കിക്കൊണ്ടാണ് പാലിയം കുടയുടെ വില്‍പന. ക്ലിനിക്കല്‍ സേവനം ചെയ്യാനെത്തുന്നവരിലൂടെയും സന്ദര്‍ശിക്കാനെത്തുന്നവരിലൂടെയും വിതരണം നടത്തുന്നു. ഒരു ജീവകാര്യ്ണ്യപ്രവര്‍ത്തനത്തിന്റെ ഭാഗം എന്നവണ്ണം പാലിയം കുടകള്‍ വാങ്ങുന്നവരുടെ എണ്ണവും കുറവല്ല. തങ്ങളുടെ ചികിത്സക്കും മരുന്നിനും ഉള്ള പണമെങ്കിലും കുട നിര്‍മാണത്തിലൂടെ കണ്ടെത്താന്‍ കഴിയണം എന്ന ആഗ്രഹം മാത്രമാണ് ഇവര്‍ക്കുള്ളത്.

അതിജീവനത്തിന്റെ കരുത്തുമായി കാര്‍ത്തുമ്പി

സാമൂഹികമായും സാമ്പത്തികമായും ഏറെ പിന്നാക്കം നില്‍ക്കുന്ന പാലക്കാട് ജില്ലയിലെ ആദിവാസി സമൂഹത്തിന്റെ ജീവിതത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ ഭാഗമാണ് കര്‍ത്തുമ്പി കുടകള്‍. എടുത്തു പറയത്തക്ക വരുമാനം ഒന്നും തന്നെ ഇല്ലാതിരുന്ന ഈ പ്രദേശത്തെ ആദിവാസി കുടുംബങ്ങളിലെ വനിതകളുടെ നേതൃത്വത്തിലാണ് കുട നിര്‍മാണം നടക്കുന്നത്. അഞ്ചു വര്‍ഷത്തോളമായി കര്‍ത്തുമ്പി കുടകള്‍ വിപണിയില്‍ സജീവമാണ്. മണ്ണിനെയും മരത്തെയും കാടിനെയും ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന ആദിവാസി സമൂഹത്തിന്റെ ഇല്ലായ്മകളില്‍ കൂടെ നില്‍ക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു തമ്പ് എന്ന സംഘടന ആദിവാസി വനിതകളെ കുട നിര്‍മാണം അഭ്യസിപ്പിച്ചത്. സ്വയം തൊഴില്‍ പരിശീലനം ലഭിച്ചതോടെ അധ്വാനിച്ചു പണം സമ്പാദിക്കാനുള്ള ആഗ്രഹവും ഇവരില്‍ പ്രകടമായി.

സ്ഥിരം തൊഴില്‍ ചെയ്യാനുള്ള അവസരം സൃഷ്ടിച്ചാല്‍ അത് അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ വക്കാന്‍ സഹായമാകും എന്ന തോന്നലില്‍ നിന്നാണ് കര്‍ത്തുമ്പി കുടകള്‍ ജനിക്കുന്നത്. ആദിവാസി സംഘടനയായ ‘തമ്പ്’ ഓണ്‍ലൈന്‍ കൂട്ടായ്മ ആയ ‘പീസ് കളക്റ്റീവ്’ എന്നിവ സംയുക്തമായി ആരംഭിച്ച കുട നിര്‍മ്മാണ സംരംഭം ഇപ്പോള്‍ മികച്ച രീതില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ആദ്യം കുട നിര്‍മ്മാണത്തില്‍ പരിശീലനം നേടിയ ദാസന്നൂര്‍ ആദിവാസിയൂരിലെ ഈ ലക്ഷ്മി എന്ന വീട്ടമ്മയാണ് മറ്റുള്ളവരെ കുടനിര്‍മ്മാണത്തിന്റെ പാഠങ്ങള്‍ അഭ്യസിപ്പിച്ചത്.

ഇത്തരത്തില്‍ നിര്‍മിക്കുന്ന കൂടുകള്‍ പ്രധാനമായും വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, ഇതര സ്ഥാപനങ്ങള്‍ എന്നിവയിലൂടെയുമാണ് വിളിക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ ടെക്‌നോ പാര്‍ക്കില്‍ നിന്നും കുടയ്ക്ക് ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. ഇവരോടൊപ്പം പ്രോഗ്രസ്സീവ് ടെക്കീസ് എന്ന ഐടി സാംസ്‌കാരിക സംഘടന കുടയുടെ വില്പനക്ക് പൂര്‍ണ പിന്തുണനല്‍കി പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ത്തുമ്പി കുടകളുടെ ഗുണനിലവാരം മറ്റുള്ളവയോട് കിടപിടിക്കത്തക്കതാണ്. വിവിധ വര്‍ണങ്ങളില്‍ ഉള്ള ത്രീ ഫോള്‍ഡ് കുടകളാണ് കാര്‍ത്തുമ്പി ബ്രാന്‍ഡിലൂടെ നിര്‍മ്മിക്കപ്പെടുന്നത്.

300 മുതല്‍ 350 രൂപ വരെയാണ് ഒരു കര്‍ത്തുമ്പി കുടയുടെ വില. തിരുവനന്തപുരം, കൊരട്ടി, കോഴിക്കോട് തുടങ്ങിയ മറ്റു ഐ ടി പാര്‍ക്കുകളിലെ പ്രോഗ്രസ്സീവ് ടെക്കീസിന്റെ പ്രവര്‍ത്തകരും ഈ സംരംഭത്തിന് പ്രചോദനമായി കൂടെയുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളില്‍ ഉള്ളവരുടെ നിസ്വാര്‍ത്ഥമായ സഹകരണം ഉണ്ടാകും എന്ന പ്രതീക്ഷയോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുന്നു.ഓണ്‍ലൈന്‍ വഴിയും കുടയുടെ വിപണനം സജീവമാക്കാനായുള്ള ഒരുക്കത്തിലാണ് പ്രവര്‍ത്തകര്‍.

വീല്‍ ചെയറില്‍ ഇരുന്ന് കുട നെയ്ത് മുസ്തഫ

ഒരു അപകടത്തെ തുടര്‍ന്നാണ് മലപ്പുറം സ്വദേശിയായ മുസ്തഫ പറമ്പന്റെ നടുവിന് ക്ഷതം ഏല്‍ക്കുന്നത്. അതോടെ മുസ്തഫയുടെ ജീവിതം ചക്രകസേരയിലായി. എന്നാല്‍ അതുകൊണ്ടൊന്നും കീവിതത്തില്‍ പരാജയം സമ്മതിക്കാന്‍ മുസ്തഫ തയ്യാറല്ലായിരുന്നു. ഹാന്‍ഡിക്രോപ്‌സ് എന്ന സംഘടനയുടെ ഭാഗമായി പതിയെ ജീവിതത്തിലേക്ക് തിരിച്ചു വന്ന മുസ്തഫ നിലനില്‍പ്പിനായി പേപ്പര്‍ പേന നിര്‍മാണം , അച്ചാര്‍ നിര്‍മാണം തുടങ്ങിയ പല കാര്യങ്ങളും ചെയ്തു. ഒടുവിലിപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കുട നിര്‍മാണത്തിലാണ്. ഇതിനോടകം വീല്‍ ചെയറില്‍ ഇരുന്നുകൊണ്ട് നിരവധി കുടകള്‍ അദ്ദേഹം നിര്‍മിച്ചു. മൂന്നു മടക്കുള്ള കുടകളും കുട്ടികള്‍ക്കായുള്ള കുടകളുമാണ് പ്രധാനമായും നിര്‍മിക്കുന്നത്. ചില്ലറ വില്‍പ്പനക്ക് പുറമെ വിവിധ സ്ഥാപനങ്ങള്‍ നല്‍കുന്ന വലിയ ഓര്‍ഡറുകളായും മുസ്തഫ കുടകള്‍ നിര്‍മിക്കുന്നു.പറമ്പന്‍സ് എന്ന പേരിലാണ് മുസ്തഫ തന്‍ നിര്‍മിച്ച അച്ചാറുകള്‍ വിപണിയില്‍ എത്തിച്ചിരുന്നത്. ഇവക്കും ഏറെ ജനകീയത ലഭിച്ചിരുന്നു. സമൂഹ മാധ്യമങ്ങളില്‍ സജീവമായ മുസ്തഫ പറമ്പന്‍ തന്റെ കുടകള്‍ക്കുള്ള വിപണി കണ്ടെത്തുന്നതും സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയാണ്.

Categories: FK Special, Slider