കാനഡയ്ക്കും മെക്‌സിക്കോയ്ക്കും തീരുവയില്ലെന്ന് ട്രംപ്

കാനഡയ്ക്കും മെക്‌സിക്കോയ്ക്കും തീരുവയില്ലെന്ന് ട്രംപ്
  • യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള പ്രതിരോധ തീരുവ ഒഴിവാക്കാനും രാജ്യങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്
  • യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലൂമനിയം ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് തീരുവ തുടരും

ന്യൂഡെല്‍ഹി: സ്റ്റീല്‍, അലൂമിനിയം ഇറക്കുമതി തീരുവയില്‍ നിന്നും കാനഡയെയും മെക്‌സിക്കോയെയും ഒഴിവാക്കുന്നതിനുള്ള കരാര്‍ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിക്ക് തീരുവ ചുമത്തിയത് അയല്‍ രാജ്യങ്ങളുമായുള്ള തര്‍ക്കത്തിന് വഴിയൊരുക്കിയതായും പുതിയ വ
ടക്കേ അമേരിക്കല്‍ സ്വതന്ത്ര വ്യാപാര (യുഎസ്-കാനഡ-മെക്‌സിക്കോ കരാര്‍) കരാര്‍ തടസപ്പെടുത്തിയതായും ട്രംപ് അറിയിച്ചു.

കാനഡയും മെക്‌സിക്കോയുമായി ഒരു കരാറില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും തീരുവയില്ലാതെ യുഎസ് ഉല്‍പ്പന്നങ്ങള്‍ ഈ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുമെന്നും ട്രംപ് പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഒട്ടാവയും വാഷിംഗ്ടണും തമ്മിലുള്ള കരാര്‍ കാനഡ പുറത്തുവിട്ട ശേഷമാണ് ട്രംപ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

സ്റ്റീല്‍, അലൂമിനിയം ഇറക്കുമതിക്ക് യുഎസ് ഏര്‍പ്പെടുത്തിയിട്ടുള്ള തീരുവയും കാനഡയുടെ പ്രതിരോധ നടപടികളും റദ്ദാക്കാന്‍ കരാറില്‍ ധാരണയായിട്ടുണ്ട്. രണ്ട് ദിവസത്തില്‍ കൂടുതല്‍ ഇത്തരം വ്യാപാര സംരക്ഷണ നടപടികള്‍ നിലനില്‍ക്കില്ലെന്നാണ് പ്രഖ്യാപനം. സമാനമായ കരാറില്‍ യുഎസുമായി ധാരണയായിട്ടുണ്ടെന്ന് മെക്‌സിക്കോ ഭരണകൂടവും സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് വ്യാപാര സംരക്ഷണവാദത്തിന്റെ ഭാഗമായി ചൈന അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റീല്‍, അലൂമിനിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് യുഎസ് അധിക തീരുവ പ്രഖ്യാപിച്ചത്. സ്റ്റീലിന് 25 ശതമാനവും അലൂമിനിയത്തിന് പത്ത് ശതമാനവുമാണ് തീരുവ ഏര്‍പ്പെടുത്തിയത്. ദേശീയ സുരക്ഷാ വാദം പറഞ്ഞ് ആദ്യ തീരുവ ഏര്‍പ്പെടുത്തിയ സമയത്ത് മെക്‌സിക്കോയെയും കാനഡയെയും ട്രംപ് അതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീടാണ് ഈ രാഷ്ട്രങ്ങള്‍ക്ക് ട്രംപ് തീരുവ ഏര്‍പ്പെടുത്തിയത്.

യുഎസും മെക്‌സിക്കോയും കാനഡയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ സര്‍ക്കാര്‍ പുതുക്കാന്‍ തീരുമാനിച്ചതിന് ശേഷവും ലോഹ ഇറക്കുമതി തീരുവ നിലവിലുണ്ടായിരുന്നു. എന്നാല്‍, യുഎസ് ലോഹത്തിന്റെ തീരുവ പിന്‍വലിക്കുന്നതുവരെ സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവെക്കില്ലെന്നായിരുന്നു കനേഡിയന്‍ മെക്‌സിക്കോ സര്‍ക്കാരുകളുടെ തീരുമാനം.

സ്റ്റീല്‍, അലൂമിനിയം തീരുവ ഇരുരാജ്യങ്ങളിലെയും തൊഴിലാളികളെയും ഉപഭോക്താക്കളെയും ബാധിച്ചതായും ഒരു പുതിയ സ്വതന്ത്ര വ്യാപാര കരാറിന് ഈ പശ്ചാത്തലത്തില്‍ ഒരു അര്‍ത്ഥവുമില്ലെന്നാണ് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞത്. നാഫ്റ്റ കരാര്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ലോഹ ഇറക്കുമതി തീരുവ വെല്ലുവിളിയാകുമെന്നും അദ്ദേഹം അറിയിച്ചു.

ഇപ്പോള്‍ ഈ തീരുവകള്‍ പൂര്‍ണമായും ഒഴിവാക്കിയിരിക്കുകയാണ്. യുഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഇനി തീരുമാനമെന്നും വരും ആഴ്ചകളില്‍ മികച്ച രീതിയില്‍ തങ്ങള്‍ മുന്നോട്ടുപോകുമെന്നും ജസ്റ്റിന്‍ ട്രൂഡോ പറഞ്ഞു. യുഎസ്-മെക്‌സികോ-കാനഡ കരാര്‍ അംഗീകരിക്കുന്നതിന് തീരുവ പിന്‍വലിച്ചത് വഴിയൊരുക്കിയതായി മെക്‌സിക്കന്‍ പ്രതിനിധിയും അറിയിച്ചു.

ലോഹ ഇറക്കുമതി തീരുവ നിര്‍ത്തലാക്കുന്നതുവരെ യുഎസ്-മെക്‌സികോ-കാനഡ കരാറിനെ അംഗീകരിക്കില്ലെന്ന് യുഎസ് കോണ്‍ഗ്രസിലെ ചില പ്രധാന അംഗങ്ങളും പറഞ്ഞിരുന്നു. യുഎസ് കോണ്‍ഗ്രസ് ഇത് ഉടന്‍ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. കാനഡയുമായുള്ള കരാര്‍ അനുസരിച്ച് ലോക വ്യാപാര സംഘടനയില്‍ നല്‍കിയിട്ടുള്ള എല്ലാ പരാതികളും ഇരു സര്‍ക്കാരുകളും പിന്‍വലിക്കും. സ്റ്റീല്‍, അലൂമനിയം ഇറക്കുമതി നിരീക്ഷിക്കാനും ഉല്‍പ്പാദന ചെലവിനേക്കാള്‍ കുറഞ്ഞ നിരക്കിലാണ് വില്‍ക്കുന്നതെന്ന് ഉറപ്പുവരുത്താനും രാജ്യങ്ങള്‍ തമ്മില്‍ ധാരണയായിട്ടുണ്ട്. യൂറോപ്യന്‍ യൂണിയനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സ്റ്റീല്‍, അലൂമനിയം ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ നിലനിര്‍ത്തിയിട്ടുണ്ട്.

Comments

comments

Categories: Business & Economy