സുസുകി ജിക്‌സര്‍ എസ്എഫ് 250 ഇന്ന് അവതരിക്കും

സുസുകി ജിക്‌സര്‍ എസ്എഫ് 250 ഇന്ന് അവതരിക്കും

ഇന്ത്യയിലെ ക്വാര്‍ട്ടര്‍ ലിറ്റര്‍ സെഗ്‌മെന്റില്‍ സുസുകിയുടെ രണ്ടാമത്തെ പരീക്ഷണം

ന്യൂഡെല്‍ഹി : ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന സുസുകി ജിക്‌സര്‍ എസ്എഫ് 250 ഇന്ന് അവതരിപ്പിക്കും. ഇതിനുമുമ്പ് മോട്ടോര്‍സൈക്കിളിന്റെ ചിത്രങ്ങള്‍ ചോര്‍ന്നു. ബജാജ് പള്‍സര്‍ ആര്‍എസ് 200, യമഹ ഫേസര്‍ 25, ഹോണ്ട സിബിആര്‍250ആര്‍ തുടങ്ങിയ പ്രഗല്‍ഭരെ എതിരിടാനാണ് ജിക്‌സര്‍ എസ്എഫ് 250 വരുന്നത്. ഇന്ത്യയിലെ ക്വാര്‍ട്ടര്‍ ലിറ്റര്‍ (250 സിസി) മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ സുസുകിയുടെ രണ്ടാമത്തെ പരീക്ഷണമാണ് ജിക്‌സര്‍ എസ്എഫ്250.

സുസുകിയുടെ പുതിയ ഡിസൈന്‍ ഭാഷ വ്യക്തമാക്കുന്നതാണ് ചോര്‍ന്നുകിട്ടിയ ചിത്രങ്ങള്‍. പഴയ ജിഎസ്എക്‌സ് മോഡലുകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് പുതിയ ഫുള്‍ ഫെയേര്‍ഡ് മോട്ടോര്‍സൈക്കിള്‍. പ്രത്യേകിച്ച് പൂര്‍ണ്ണ എല്‍ഇഡിയായ, മൂന്ന് ഭാഗങ്ങളോടുകൂടിയ ഹെഡ്‌ലാംപ് ക്ലസ്റ്റര്‍. മുനയും മൂര്‍ച്ചയുമുള്ളതാണ് ഫെയറിംഗ്. ക്ലിപ്പ്-ഓണ്‍ ഹാന്‍ഡില്‍ബാറുകള്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, സ്പ്ലിറ്റ് സീറ്റുകള്‍, ഇരട്ടക്കുഴല്‍ എക്‌സ്‌ഹോസ്റ്റ് എന്നിവ നല്‍കിയിരിക്കുന്നു. 17 ഇഞ്ച് അലോയ് വീലുകളിലാണ് ബൈക്ക് വരുന്നത്. ഇരട്ട 5 സ്‌പോക്ക് വീലുകള്‍. മുന്നില്‍ 110/70, പിന്നില്‍ 150/60 ട്യൂബ്‌ലെസ് ടയറുകള്‍ നല്‍കിയിരിക്കുന്നു.

249 സിസി, സിംഗിള്‍ സിലിണ്ടര്‍, ഓയില്‍ കൂള്‍ഡ്, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ്, എസ്ഒഎച്ച്‌സി എന്‍ജിന്‍ മോട്ടോര്‍സൈക്കിളിന് കരുത്തേകും. 9,000 ആര്‍പിഎമ്മില്‍ 26 ബിഎച്ച്പി കരുത്തും 7,500 ആര്‍പിഎമ്മില്‍ 22.6 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 6 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 161 കിലോഗ്രാമാണ് കെര്‍ബ് വെയ്റ്റ്. ടെലിസ്‌കോപിക് ഫോര്‍ക്കുകളും മോണോഷോക്കും സസ്‌പെന്‍ഷന്‍ നിര്‍വ്വഹിക്കും. രണ്ട് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിരിക്കുന്നു. ഡുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേഡാണ്.

Comments

comments

Categories: Auto