സൗദി അറേബ്യ അടിയന്തര ഉച്ചകോടി പ്രഖ്യാപിച്ചു

സൗദി അറേബ്യ അടിയന്തര ഉച്ചകോടി പ്രഖ്യാപിച്ചു

പശ്ചിമേഷ്യയിലെ സംഘര്‍ഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ മെയ് 30ന് മക്കയില്‍ അറബ്, ഗള്‍ഫ് രാഷ്ട്രത്തലവന്മാര്‍ സമ്മേളിക്കും

റിയാദ്: രാജ്യത്തെ ഇന്ധന സംവിധാനങ്ങളെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദി അറേബ്യ ഗള്‍ഫ്, അറബ് നേതാക്കളുടെ അടിയന്തര ഉച്ചകോടി പ്രഖ്യാപിച്ചു. മെയ് 30ന് മക്കയില്‍ വെച്ചാണ് ഉച്ചകോടി നടക്കുക. ഗള്‍ഫ് മേഖലയിലെ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ ഉച്ചകോടിയില്‍ പ്രധാന ചര്‍ച്ചയാകും.

സൗദി അറേബ്യയിലെ എണ്ണ പൈപ്പ്‌ലൈനുകള്‍ക്ക് നേരെയും യുഎഇ തുറമുഖത്തിന് സമീപത്ത് സൗദിയുടെ എണ്ണ ടാങ്കറുകള്‍ക്ക് നേരെയുമുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സല്‍മാന്‍ രാജാവ് അടിയന്ത ഉച്ചകോടി വിളിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഇസ്ലാമിക് ഉച്ചകോടിയോട് അനുബന്ധിച്ചാണ് അടിയന്തര ഉച്ചകോടി നടക്കുക. ഇതിനിടെ പശ്ചിമേഷ്യയില്‍ ഒരു യുദ്ധം ഒഴിവാക്കുന്നതിനായി സൗദി അറേബ്യ പരമാവധി ശ്രമം നടത്തുന്നുണ്ടെന്ന് സൗദി വിദേശകാര്യ സഹമന്ത്രി അദേല്‍ അല്‍ ജുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടായാല്‍ എല്ലാ ശക്തിയോടും ദൃഢതയോടും അതിനെ പ്രതിരോധിക്കാന്‍ സജ്ജമാണെന്നും രാജ്യത്തെ മുതിര്‍ന്ന നയതന്ത്രജ്ഞരില്‍ ഒരാളായ അദേല്‍ അല്‍ ജുബൈര്‍ മുന്നറിയിപ്പ് നല്‍കി. മേഖലയെ അസ്ഥിരമാക്കാനുള്ള ശ്രമമടക്കം എണ്ണമില്ലാത്ത കുറ്റകൃത്യങ്ങളാണ് ഇറാന്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്ന് ജുബൈര്‍ ആരോപിച്ചു. ഇറാന്റെ ഇത്തരം ചെയ്തികള്‍ അവസാനിപ്പിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പശ്ചിമേഷ്യയില്‍ യുദ്ധം ഉണ്ടാകാനുള്ള സാധ്യത ഇറാന്‍ വിദേശകാര്യ മന്ത്രിയും തള്ളിക്കളഞ്ഞു. തങ്ങള്‍ യുദ്ധം ആഗ്രഹിക്കാത്തത് കൊണ്ടും, ഇറാനുമായി എതിരാടാന്‍ തങ്ങള്‍ക്ക് സാധിക്കും എന്ന ആശയമോ തോന്നലോ ആര്‍ക്കും ഇല്ലാത്തത് കൊണ്ടും മേഖലയില്‍ ഒരു യുദ്ധം ഉണ്ടാകില്ലെന്ന് മുഹമ്മദ് ജാവേദ് സരീഫ് പറഞ്ഞു.

ഇതിനിടെ മേഖലയിലെ പുതിയ സംഭവവികാസങ്ങളും സുരക്ഷ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സംബന്ധിച്ച് സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മെക്ക് പോംപിയോയും തമ്മില്‍ ടെലഫോണ്‍ സംഭാഷണം നടത്തി. നേരത്തെ അറേബ്യന്‍ ഗള്‍ഫ് സമുദ്ര മേഖലയില്‍ സൈന്യത്തെ വിന്യസിക്കാന്‍ അമേരിക്ക ഗള്‍ഫ് രാഷ്ട്രങ്ങളുടെ അനുമതി തേടിയിരുന്നു. സൗദി അറേബ്യ അടക്കമുള്ള ചില ജിസിസി അംഗരാഷ്ട്രങ്ങള്‍ ഇതിന് അനുമതി നല്‍കിയതായാണ് വിവരം. പശ്ചിമേഷ്യയിലെ അയല്‍രാജ്യങ്ങള്‍ക്ക് നേരെയോ മേഖലയിലെ അമേരിക്കന്‍ താല്‍പര്യത്തിന് വിരുദ്ധമായോ ഇറാന്റെ ഭാഗത്ത് നിന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാല്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്കൊപ്പം നിന്ന് അതിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്ക മേഖലയില്‍ സൈന്യത്തെ വിന്യസിക്കാന്‍ ആലോചിക്കുന്നത്. നേരത്തെ ഇറാനില്‍ നിന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പശ്ചിമേഷ്യന്‍ മേഖലയിലേക്ക് അമേരിക്ക വിമാന വാഹിക്കപ്പലും ബോംബര്‍ വിമാനങ്ങളെയും അയച്ചിരുന്നു.

അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് പശ്ചിമേഷ്യയില്‍ സൗദിയിലും യുഎഇയിലും ആക്രമണങ്ങളുണ്ടാകുന്നത്. സൗദി അറേബ്യയിലെ എണ്ണ പെപ്പ്‌ലൈനുകള്‍ക്ക് നേരെ ഡ്രോണാക്രമണം ആണ് ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഹൂത്തികള്‍ ഏറ്റെടുത്തെങ്കിലും ഇറാന്റെ നിര്‍ദ്ദേശത്തോടെയാണ് ഇവര്‍ ആക്രമണം നടത്തിയതെന്നാണ് സൗദി ആരോപണം. യുഎഇയിലെ ഫുജെയ്‌റയില്‍ സൗദി അറേബ്യയുടെ രണ്ട് എണ്ണക്കപ്പലുകളും നോര്‍വെയുടെയും യുഎഇയുടെയും ചരക്ക് കപ്പലുകളും ലക്ഷ്യമാക്കി നടന്ന ആക്രമണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. യുഎഇയ്‌ക്കൊപ്പം സൗദി അറേബ്യ, നോര്‍വെ, യുഎസ് എന്നിവരും അന്വേഷണത്തില്‍ സഹകരിക്കുന്നുണ്ട്. ഈ ആക്രമണത്തിന് പിന്നിലും ഇറാനാണെന്നാണ് അമേരിക്കയും നോര്‍വെയും ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ കരുതുന്നത്.

Comments

comments

Categories: Arabia