സൗരോര്‍ജോല്‍പ്പാദനത്തില്‍ സര്‍വകാല റെക്കോഡ്

സൗരോര്‍ജോല്‍പ്പാദനത്തില്‍ സര്‍വകാല റെക്കോഡ്
  • ജനുവരി-മാര്‍ച്ച് പാദത്തില്‍ ഉല്‍പ്പാദിപ്പിച്ചത് 11.3 ടെറാവാട്ട് സൗരോര്‍ജം
  • കഴിഞ്ഞ വര്‍ഷത്തെ സമാന പാദത്തെക്കാള്‍ 57% കൂടുതല്‍ ഉല്‍പ്പാദനം
  • ആകെ ഊര്‍ജോല്‍പ്പാദനത്തില്‍ സൗരോര്‍ജത്തിന്റെ പങ്ക് 3.4% ആയി ഉയര്‍ന്നു

ന്യൂഡെല്‍ഹി: പുനരുപയോഗിക്കാവുന്ന ഊര്‍ജ മേഖലയില്‍ ഇന്ത്യ നടത്തുന്ന വമ്പന്‍ നിക്ഷേപങ്ങള്‍ വിജയം കാണുന്നതിന്റെ സൂചനകള്‍ നല്‍കി സൗരോര്‍ജ ഉല്‍പ്പാദന കണക്കുകള്‍. ഇതാദ്യമായി ഒരു പാദത്തില്‍ പത്ത് ടെറാവാട്ട് അവറിന് (ടിഡബ്ല്യൂഎച്ച്) മുകളില്‍ സൗരോര്‍ജ ഉല്‍പ്പാദനം എന്ന റെക്കോഡ് നേട്ടം രാജ്യം കൈവരിച്ചു. സെന്‍ട്രല്‍ ഇലക്ട്രിസിറ്റി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് ഈ വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 11.3 ടെറാവാട്ട് അവര്‍ സൗരോര്‍ജമാണ് ഇന്ത്യ ഉല്‍പ്പാദിപ്പിച്ചത്. മുന്‍ പാദത്തില്‍ നിന്ന് 16.5 ശതമാനത്തിന്റെയും മുന്‍ വര്‍ഷം ഇതേ പാദത്തിനേക്കാള്‍ 57 ശതമാനത്തിന്റെയും വര്‍ധനയാണ് ഊര്‍ജോല്‍പ്പാദനത്തില്‍ ഉണ്ടായിരിക്കുന്നത്. പുനരുപയോഗ ഊര്‍ജ സാങ്കേതികവിദ്യകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഫലമായി രാജ്യത്തിന്റെ സൗരോര്‍ജ ശേഷി അതിവേഗം വര്‍ധിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ നേട്ടം.

രാജ്യത്തെ മൊത്തം ഊര്‍ജോല്‍പ്പാദനത്തിലെ സൗരോര്‍ജത്തിന്റെ പങ്കും 3.4 ശതമാനം എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തിന്റെ മൊത്തം ഊര്‍ജ ഉല്‍പ്പാദനത്തിലെ പുനരുപയോഗ ഊര്‍ജത്തിന്റെ പങ്കും കാര്യമായി ഉയരുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് പാദത്തില്‍ രാജ്യത്ത് ആകെ ഉല്‍പ്പാദിപ്പിച്ച ഊര്‍ജത്തിന്റെ 8.7 ശതമാനമാണ് പുനരപുയോഗിക്കാവുന്ന സ്രോതസുകളില്‍ നിന്നുള്ള ഊര്‍ജം. മുന്‍ പാദത്തില്‍ (2018 ലെ നാലാം പാദം) 7.3 ശതമാനമായിരുന്നു വിഹിതം. എല്ലാ വര്‍ഷവും ആദ്യ പാദത്തിലെ തെളിഞ്ഞ ആകാശം ഊര്‍ജോല്‍പ്പാദനം വര്‍ധിക്കാന്‍ കാരണമാകാറുണ്ടെന്നാണ് കണ്ടുവരുന്നത്. എന്നാല്‍ 2018 ലെ ഒന്നാം പാദത്തിലെ 7.5 ശതമാനം വിഹിതത്തില്‍ നിന്നുള്ള മുന്നേറ്റം മേഖല ക്രമേണ ശക്തിപ്പെടുന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ഒന്നാം പാദത്തിലുണ്ടായ ആകെ സൗരോര്‍ജോല്‍പ്പാദനത്തിന്റെ 38 ശതമാനം ഉല്‍പ്പാദനവും മാര്‍ച്ച് മാസത്തിലാണ് നടന്നത്. ഇക്കാലയളവില്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിച്ച സൗരോര്‍ജത്തിന്റെ 58 ശതമാനവും ദക്ഷിണേന്ത്യന്‍ മേഖലയാണ് സംഭാവന ചെയ്തത്. തെലങ്കാന, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങള്‍ മികച്ച ഉല്‍പ്പാദന വളര്‍ച്ച നേടി. മാര്‍ച്ചില്‍, ആന്ധ്രപ്രദേശിലെ സോളാര്‍ പാടങ്ങളില്‍ ഫെബ്രുവരിയിലേതിനേക്കാള്‍ 40 ശതമാനം അധിക വൈദ്യുതി ഉല്‍പ്പാദിപ്പിക്കപ്പെട്ടു. കര്‍ണാടകയില്‍ ഉല്‍പ്പാദന വര്‍ധന 52 ശതമാനമാണ്. ഉത്തര്‍പ്രദേശിന്റെയും രാജസ്ഥാന്റെയും സഹായത്തോടെ വടക്കന്‍ സംസ്ഥാനങ്ങള്‍ 19 ശതമാനം വൈദ്യുതി ദേശീയ ഗ്രിഡിലേക്ക് സംഭാവന ചെയ്തു. ഗുജറാത്തടക്കമുള്ള പടിഞ്ഞാറന്‍ മേഖലയുടെ സംഭാവന 21 ശതമാനമാണ്.

2018-19 സാമ്പത്തിക വര്‍ഷം രാജ്യത്ത് ആകെ ഉല്‍പ്പാദിച്ചത് 38.9 ടെറാവാട്ട് അവര്‍ സൗരോര്‍ജമാണ്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ നിന്ന് 51 ശതമാനം വര്‍ധനയാണ് നേടിയിരിക്കുന്നത്. ഇക്കാലയളവിലെ മൊത്തം ഊര്‍ജോപ്പാദനത്തിലെ സൗരോര്‍ജത്തിന്റെ വിഹിതം മുന്‍ വര്‍ഷത്തെ (2017-18 സാമ്പത്തിക വര്‍ഷം) രണ്ട് ശതമാനത്തില്‍ നിന്ന 2.8 ശതമാനത്തിലേക്ക് വര്‍ധിച്ചിട്ടുമുണ്ട്.

ആകെ ഊര്‍ജത്തില്‍ സൗരോര്‍ജത്തിന്റെ പങ്ക്

വര്‍ഷം വിഹിതം

2017-18 2%

2018-19 2.8%

2019-20
(ഒന്നാം പാദം) 3.4%

Categories: FK News, Slider
Tags: Solar Power