ആര്‍സിഇപി-ഇന്ത്യ വ്യാപാരകമ്മി കുറയുന്നു

ആര്‍സിഇപി-ഇന്ത്യ വ്യാപാരകമ്മി കുറയുന്നു

ഓസ്‌ട്രേലിയ, ചൈന, ഇന്തോനേഷ്യ, കൊറിയ, ന്യൂസിലന്‍ഡ്, തായ്‌ലന്‍ഡ് എന്നിവയുമായുള്ള വാണിജ്യ കമ്മി താഴ്ന്നു

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈനയും ഓസ്‌ട്രേലിയയുമടക്കം ആര്‍സിഇപി (മേഖലാ സമഗ്ര സാമ്പത്തിക കൂട്ടുകെട്ട്) അംഗരാജ്യങ്ങളുമായുള്ള കച്ചവടത്തില്‍ ഇന്ത്യക്ക് വ്യാപാര കമ്മി നേരിട്ടെങ്കിലും ഇത് മുന്‍വര്‍ഷത്തേക്കാള്‍ കുറഞ്ഞെന്ന് റിപ്പോര്‍ട്ട്. 16 അംഗരാജ്യങ്ങളില്‍ 11 രാജ്യങ്ങളുമായുള്ള വ്യാപാരത്തിലാണ് കമ്മി നേരിട്ടത്. കയറ്റുമതി ഇറക്കുമതിയേക്കാള്‍ കുറയുന്ന അവസ്ഥയാണ് വ്യാപാര കമ്മി. അതേസമയം ബ്രൂണെ, ജപ്പാന്‍, മലേഷ്യ, സിംഗപ്പൂര്‍ രാജ്യങ്ങളുമായുള്ള വ്യാപാരകമ്മി മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ക്രമമായി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ബ്രൂണെ, ജപ്പാന്‍, മലേഷ്യ രാജ്യങ്ങളുമായുള്ള വ്യാപാര വിടവ് യഥാക്രമം 0.5, 7.1, 3.8 ബില്യണ്‍ ഡോളറാണ്. ഇത് ഒരു വര്‍ഷം മുന്‍പ് 2018 സാമ്പത്തിക വര്‍ഷം) യഥാക്രമം 0.4, 6.2, 3.3 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയായിരുന്നു. സിംഗപ്പൂരുമായി മുന്‍ സാമ്പത്തിക വര്‍ഷം ഉണ്ടായിരുന്ന 2.7 ബില്യണ്‍ ഡോളറിന്റെ മിച്ച വ്യാപാരം ഇത്തവണ 5.3 ബില്യണ്‍ ഡോളറിന്റെ കമ്മിയായി മാറി.

ഓസ്‌ട്രേലിയ, ചൈന, ഇന്തോനേഷ്യ, കൊറിയ, ന്യൂസിലന്‍ഡ്, തായ്‌ലന്‍ഡ് രാജ്യങ്ങളുമായുള്ള വാണിജ്യ കമ്മി മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞിട്ടുണ്ട്. ഓസ്‌ട്രേലിയയുമായുള്ള വ്യാപാര കമ്മി ഒരു വര്‍ഷത്തിനിടെ 10 ബില്യണില്‍ നിന്ന് 8.9 ഡോളറിലേക്കും ചൈനയുമായുള്ള കമ്മി 63 ബില്യണില്‍ നിന്ന് 50.2 ബില്യണ്‍ ഡോളറിലേക്കും താഴ്ന്നു. ഇന്തോനേഷ്യ (12.5 ബില്യണില്‍ നിന്ന് 10.1 ബില്യണ്‍ ഡോളര്‍), കൊറിയ (11.9 ബില്യണില്‍ നിന്ന് 11 ബില്യണ്‍) ന്യൂസിലന്‍ഡ് (0.3 ബില്യണില്‍ നിന്ന് 0.2 ബില്യണ്‍ ഡോളര്‍) തായ്‌ലന്‍ഡ് (3.5 ബില്യണില്‍ നിന്ന് 2.7 ബില്യണ്‍ ഡോളര്‍) എന്നിങ്ങനെയാണ് വ്യാപാര കമ്മി കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ കംബോഡിയ, മ്യാന്‍മര്‍, ഫിലിപ്പീന്‍സ് എന്നിവയുമായുള്ള ഇന്ത്യയുടെ മിച്ച വ്യാപാരം യഥാക്രമം 0.1 ബില്യണ്‍ി, 0.7 ബില്യണ്‍, ഒരു ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ്. ലാവോസുമായി മുന്‍ വര്‍ഷം ഇന്ത്യ വാണിജ്യമൊന്നും നടത്തിയിരുന്നില്ല.

മറ്റ് രാജ്യങ്ങളിലെ ഉല്‍പ്പന്ന വിപണിക്കൊപ്പം സേവന മേഖലയിലേക്കും പ്രവേശനം നേടാന്‍ കരാര്‍ ഇന്ത്യയെ സഹായിച്ചെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അതേ സമയം ആര്‍സിഇപി രാജ്യങ്ങളുമായുള്ള വാണിജ്യ കമ്മി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ധാരണകള്‍ സംബന്ധിച്ച് ഇന്ത്യ ജാഗ്രത പാലിക്കണമെന്നും അല്ലാത്തപക്ഷം ഇത് ആഭ്യന്തര നിര്‍മാതാക്കളെ ബാധിക്കുമെന്നും മറുപക്ഷമുണ്ട്.

Categories: Business & Economy, Slider
Tags: Rcep