ടെക് ഭീമന്മാര്‍ക്കെതിരേ ഓണ്‍ലൈന്‍ പ്രചാരണവുമായി ട്രംപ്

ടെക് ഭീമന്മാര്‍ക്കെതിരേ ഓണ്‍ലൈന്‍ പ്രചാരണവുമായി ട്രംപ്

സോഷ്യല്‍ മീഡിയ യാഥാസ്ഥിതിക നിലപാടുള്ളവരുടെ ശബ്ദം ഒഴിവാക്കുകയാണെന്ന പരാതി ദീര്‍ഘനാളായി യുഎസ് പ്രസിഡന്റ് ട്രംപിനുണ്ട്. ഇപ്പോള്‍ ഇതാ പുതിയ സോഷ്യല്‍ മീഡിയയ്‌ക്കെതിരേ പുതിയൊരു നീക്കവുമായി ട്രംപ് രംഗത്തുവന്നിരിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ രേഖപ്പെടുത്തിയ അഭിപ്രായത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ കമ്പനി സെന്‍സര്‍ ചെയ്‌തെന്നു കരുതുന്ന ആളുകളോട് അക്കാര്യം തെളിവ് സഹിതം പങ്കുവയ്ക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് ട്രംപ്. ഇതിനായി അദ്ദേഹം ഒരു വെബ്‌സൈറ്റ് ആപ്പ്് കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു.

ഫേസ്ബുക്കും, ട്വിറ്ററും, ഗൂഗിളും പോലുള്ള ബിഗ് ടെക്‌നോളജി കമ്പനികള്‍, കാഴ്ചപ്പാടുകള്‍ക്കും, അഭിപ്രായ പ്രകടനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയോ സെന്‍സര്‍ ചെയ്യുകയോ ചെയ്തു എന്നു കരുതുന്ന ആളുകളോട് അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് പ്രസിഡന്റ് ട്രംപ്. ഇതിനു വേണ്ടി ട്രംപിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് ഒരു വെബ്‌സൈറ്റ് കഴിഞ്ഞ ബുധനാഴ്ച ലോഞ്ച് ചെയ്യകയുമുണ്ടായി. ‘ നിങ്ങളുടെ കാഴ്ചപ്പാടുകള്‍ ഏതുമാകട്ടെ, ടെക് കമ്പനികള്‍ നിങ്ങള്‍ക്കെതിരേ കൈക്കൊണ്ട നടപടിയില്‍ രാഷ്ട്രീയ പക്ഷപാതിത്വമുണ്ടെന്നു നിങ്ങള്‍ക്കു തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ അനുഭവം പ്രസിഡന്റ് ട്രംപുമായി പങ്കുവയ്ക്കുക’ എന്നു വെബ് പേജില്‍ കുറിച്ചിരിക്കുന്നു. സ്‌ക്രീന്‍ ഷോട്ട്, ലിങ്ക് (യുആര്‍എല്‍) തുടങ്ങിയവയിലൂടെ പരാതി സമര്‍പ്പിക്കാം. ഏതു സോഷ്യല്‍ മീഡിയ കമ്പനിയെ കുറിച്ചാണോ പരാതിയുള്ളത്, ആ കമ്പനിക്കെതിരേ പരാതിയുള്ളവരില്‍നിന്നും ഓണ്‍ലൈനില്‍ പരാതി സ്വീകരിക്കുന്നു, അതോടൊപ്പം പരാതിക്കാരന്റെ പേര്, ഫോണ്‍ നമ്പര്‍, ഇമെയ്ല്‍ എന്നിവ ഉള്‍പ്പെടെ നിരവധിയായ വിവരങ്ങളും വെബ്‌സൈറ്റിലൂടെ ശേഖരിക്കുന്നു. അവസാനം, വൈറ്റ് ഹൗസിന്റെ ഇമെയ്ല്‍ പട്ടികയിലേക്കു അവരുടെ പേര് കൂട്ടി ചേര്‍ക്കാന്‍ പരാതിക്കാരനോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് വെബ്‌സൈറ്റ്. ഓണ്‍ലൈനില്‍, അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടം നടത്തുകയാണ് ട്രംപ് ഭരണകൂടമെന്നാണു വെബ്‌സൈറ്റ് ലോഞ്ച് ചെയ്തതിനു ശേഷം ബുധനാഴ്ച ട്രംപിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് കുറിച്ചത്.

ടെക് ബയാസ് സ്റ്റോറി ഷെയറിംഗ് ടൂള്‍ (Tech Bias Story Sharing Tool)

ഇന്റര്‍നെറ്റ്, സോഷ്യല്‍ മീഡിയ സെന്‍സര്‍ഷിപ്പിനെതിരേ പോരാട്ടം നടത്താന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ടെക് ബയാസ് സ്റ്റോറി ഷെയറിംഗ് ടൂള്‍ എന്ന വെബ്‌സൈറ്റ് ആപ്പ് കഴിഞ്ഞ ബുധനാഴ്ചയാണ് (മേയ് 15) അവതരിപ്പിച്ചത്. ഈ ടൂള്‍ തുറക്കുമ്പോള്‍ സോഷ്യല്‍ മീഡിയ അഭിപ്രായ സ്വാതന്ത്ര്യവുമായി മുന്നേറണമെന്ന സന്ദേശമാണുള്ളത്. ഇതിലൂടെയാണു സോഷ്യല്‍ മീഡിയയ്‌ക്കെതിരേ പരാതി സമര്‍പ്പിക്കാന്‍ ട്രംപ് ഭരണകൂടം സംവിധാനമൊരുക്കിയിട്ടുള്ളത്. ഈ ടൂള്‍ ഹോസ്റ്റ് ചെയ്തിരിക്കുന്നത് ടൈപ്പ്‌ഫോം എന്ന സോഫ്റ്റ്‌വെയറിലാണ്.

2020-ല്‍ ഡാറ്റ ഉപയോഗപ്പെടുത്താനുള്ള നീക്കമോ ?

സോഷ്യല്‍ മീഡിയ കമ്പനികള്‍ യൂസര്‍മാരോട്/ആളുകളോട് നീതിയുക്തമായി പെരുമാറുകയാണെന്ന ആരോപണത്തെ കുറിച്ചു വൈറ്റ് ഹൗസ് അന്വേഷിക്കുകയാണോ ഇതിലൂടെ ? തീര്‍ച്ചയായും അങ്ങനെ കരുതാം. പക്ഷേ, അതിനപ്പുറം വോട്ടറുടെ ഡാറ്റാ ബേസ് നിര്‍മിക്കാനുള്ള ഒരു തന്ത്രമായിരിക്കാം ഇതെന്നു കരുതുന്നവരുമുണ്ട്. ആളുകളുടെ വിവരം ശേഖരിച്ചു പിന്നീട് ഈ ഡാറ്റ 2020-ലെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നുമാണു ടെക് ലോകത്തെ വിദഗ്ധര്‍ സംശയിക്കുന്നത്.

ട്വിറ്ററിനെ പ്രകീര്‍ത്തിച്ചും എതിര്‍ത്തും ട്രംപ്

2016-ല്‍ നടന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നേടിയ വിജയത്തില്‍ ട്വിറ്റര്‍ ചെറുതല്ലാത്ത പങ്ക് വഹിച്ചിട്ടുണ്ടെന്ന് ഒരിക്കല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് ട്രംപ്. 60 ദശലക്ഷം പേര്‍ ട്രംപിനെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുമുണ്ട്. എന്നാല്‍ അതേ ട്വിറ്ററിനെതിരേ ആക്രമണം നടത്താനും ട്രംപ് മടി കാണിച്ചിട്ടില്ല. ട്വിറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട് ട്രംപ്. ട്രംപിനെ പോലുള്ള കണ്‍സര്‍വേറ്റീവ് അഥവാ യാഥാസ്ഥിതിക നിലപാട് പുലര്‍ത്തുന്നവരുടെ പോസ്റ്റുകള്‍ ട്വിറ്റര്‍ അവഗണിക്കുകയാണെന്നു (shadow banning) കഴിഞ്ഞ വര്‍ഷം ജുലൈയില്‍ ട്രംപ് ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം ട്വിറ്റര്‍ നിഷേധിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു മാസം കഴിഞ്ഞപ്പോള്‍ ഗൂഗിളിനെതിരേയും ട്രംപ് തിരിഞ്ഞു. തന്റെ ഭരണകൂടത്തെ കുറിച്ചുള്ള പോസിറ്റീവ് സ്റ്റോറികള്‍ ഗൂഗിള്‍ അവരുടെ തെരച്ചില്‍ വിഭാഗത്തില്‍ (search results) മനപ്പൂര്‍വ്വം മുക്കികളയുകയാണെന്ന് ട്രംപ് ആരോപിച്ചു. എന്നാല്‍ ട്രംപിന്റെ ആരോപണം ഗൂഗിള്‍ നിഷേധിച്ചു.ട്രംപിനെ പോലുള്ള യാഥാസ്ഥിതിക നിലപാടുള്ളവര്‍ ഇന്റര്‍നെറ്റ് ഭീമന്മാര്‍ക്കെതിരേ നടത്തുന്ന പ്രചാരണത്തിനു ചൂടുപിടിച്ചത് ഏതാനും മാസങ്ങള്‍ക്കു മുന്‍പായിരുന്നു. ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ ടെക് കമ്പനികള്‍ ഇന്‍ഫോ വാര്‍ എന്ന വെബ്‌സൈറ്റ് നടത്തുന്ന അലക്‌സ് ജോണ്‍സ് എന്ന തീവ്ര വലതുപക്ഷക്കാരന്റെ കണ്ടന്റുകള്‍ നീക്കം ചെയ്തിരുന്നു. ഇയാള്‍ നവമാധ്യമങ്ങളുടെ സഹായത്തോടെ വെബ് കാസ്റ്റ് ചെയ്തിരുന്ന പരിപാടികളാണു നീക്കം ചെയ്തത്. വെറുപ്പിന്റെ വിദ്വേഷത്തിന്റെ സന്ദേശമാണ് അലക്‌സ് ജോണ്‍സ് പ്രചരിപ്പിക്കുന്നതെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഈ മാസം ഫേസ്ബുക്ക് നിരവധി കണ്‍സര്‍വേറ്റീവ്മാരുടെ എക്കൗണ്ടുകള്‍ നീക്കം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ട്രംപ് ടെക് കമ്പനികള്‍ക്കെതിരേ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചു തുടങ്ങിയത്. സോഷ്യല്‍ മീഡിയയ്‌ക്കെതിരേ പരാതിയുള്ളവര്‍ക്കു അവരുടെ പരാതി സമര്‍പ്പിക്കാന്‍ ഓണ്‍ലൈനില്‍ ട്രംപ് സംവിധാനം ഒരുക്കിയിട്ടുണ്ട്. എന്നാല്‍ ഇതിലൂടെ ലഭിക്കുന്ന ഡാറ്റ ഉപയോഗിച്ച് എന്തു നടപടിയായിരിക്കും സ്വീകരിക്കുകയെന്ന് ട്രംപ് ഭരണകൂടം വിശദമാക്കിയിട്ടില്ല. ഏതായാലും ട്രംപിന്റെ ഈ പുതിയ നീക്കം ടെക് ഇന്‍ഡസ്ട്രിക്കെതിരേയുള്ള ഏറ്റവും പുതിയ ആക്രമണമായിട്ടാണു വിശേഷിപ്പിക്കുന്നത്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഗൂഗിള്‍ ഉള്‍പ്പെടെയുള്ള ടെക് കമ്പനികളെ നിയന്ത്രിക്കാനായി വൈറ്റ് ഹൗസ് ആരംഭിച്ചിരിക്കുന്ന പുതിയ നീക്കം അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങള്‍, അഭിപ്രായ സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവര്‍ എന്നിവരില്‍നിന്നും വലിയ എതിര്‍പ്പുകള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ട്രംപിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് അവര്‍ പറയുന്നു.

ക്രൈസ്റ്റ്ചര്‍ച്ച് ആഹ്വാനത്തോട് സഹകരിക്കില്ലെന്ന് ട്രംപ് ഭരണകൂടം

കാഴ്ചപ്പാടുകള്‍ക്കും, അഭിപ്രായ പ്രകടനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുകയോ സെന്‍സര്‍ ചെയ്യുകയോ ചെയ്തു എന്നു കരുതുന്ന ആളുകളോട് അവരോട് മോശമായി പെരുമാറിയ സോഷ്യല്‍ മീഡിയ കമ്പനികളുടെ വിശദവിവരങ്ങള്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച ട്രംപ് ഭരണകൂടം പക്ഷേ, ക്രൈസ്റ്റ്ചര്‍ച്ച് ആഹ്വാനത്തോടു സഹകരിക്കില്ലെന്ന് അറിയിച്ചു. ട്രംപിന്റെ ഈ നിലപാട് ഇരട്ടത്താപ്പാണെന്ന് ഡമോക്രാറ്റുകള്‍ ആരോപിച്ചു. തീവ്രവാദ പ്രവര്‍ത്തനങ്ങളെ തകര്‍ക്കേണ്ടതുണ്ട്. എന്നാല്‍ വലിയ തോതിലുള്ള സെന്‍സര്‍ഷിപ്പിലൂടെയായിരിക്കരുത് അതെന്നു വൈറ്റ് ഹൗസ് പ്രസ്താവിച്ചു.

ഈ വര്‍ഷം മാര്‍ച്ച് 15-ന് ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചിലുള്ള രണ്ട് മുസ്ലിം ആരാധനാലയങ്ങളില്‍ പ്രാര്‍ഥിക്കാന്‍ വന്നവര്‍ക്കു നേരേ നടന്ന ആക്രമണത്തിന്റെ തത്സമയ ദൃശ്യം ഫേസ്ബുക്കിലൂടെ വെബ്കാസ്റ്റ് ചെയ്തിരുന്നു. ഇത് ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ മുന്‍കരുതലെടുക്കണമെന്നും തീവ്രവാദ ഉള്ളടക്കം നവമാധ്യമങ്ങളില്‍നിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ളതാണ് ക്രൈസ്റ്റ്ചര്‍ച്ച് ആഹ്വാനം. ഇതിന്റെ കരട് രൂപം തയാറാക്കിയത് ഫ്രാന്‍സും ന്യൂസിലാന്‍ഡും ചേര്‍ന്നാണ്. പാരീസില്‍ വച്ച് ഈ മാസം 15-നാണു ന്യൂസിലാന്‍ഡിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സമൂഹം ഓണ്‍ലൈന്‍ തീവ്രവാദത്തിനെതിരേ നടപടിയെടുക്കാന്‍ ആഹ്വാനം ചെയ്തത്. ഇതിന് ഓസ്‌ട്രേലിയ, കാനഡ, യുകെ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ പിന്തുണ അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അമേരിക്ക ഇതിനോട് പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണു സ്വീകരിച്ചിരിക്കുന്നത്. ക്രൈസ്റ്റ്ചര്‍ച്ച് ആഹ്വാനം ചെയ്ത് അതേ ദിവസം തന്നെയാണു സോഷ്യല്‍ മീഡിയ കമ്പനികളുടെ രാഷ്ട്രീയ പക്ഷപാതിത്വത്തിനു വിധേയരായിട്ടുള്ളവര്‍ക്കു പരാതി സമര്‍പ്പിക്കാനുള്ള വെബ്‌സൈറ്റ് വൈറ്റ്ഹൗസ് ലോഞ്ച് ചെയ്തതും.

Comments

comments

Categories: Top Stories