സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ നൂതന പ്രക്രിയ

സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ നൂതന പ്രക്രിയ

ആസ്റ്റര്‍ മെഡ്‌സിറ്റിയിലാണ് വിജയകരമായ പ്രക്രിയ നടത്തിയത്

സ്‌ട്രോക്കിനെ പ്രതിരോധിക്കാന്‍ ബ്ലഡ് തിന്നര്‍ (ആന്റി കൊയാഗുലന്റ്) ഉപയോഗിക്കാനാകാത്ത രോഗികളില്‍ പകരം ഉപയോഗിക്കാനാകുന്ന നൂതന പ്രക്രിയ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വിജയകരമായി നടത്തി. ആശുപത്രിയിലെ നാല് രോഗികളിലാണ് സാങ്കേതികമായി ഏറെ വെല്ലുവിളിയുള്ള ലെഫ്റ്റ് ഏട്രിയല്‍ അപ്പന്‍ഡേജ് ക്ലോഷര്‍ എന്ന പ്രക്രിയ വിജയകരമായി നടത്തിയത്.

ക്രമരഹിതമായ ഹൃദയമിടിപ്പുള്ള രോഗിയുടെ ഹൃദയത്തിലെ ഉപരി അറയായ ഇടത് ഏട്രിയല്‍ അപ്പന്‍ഡേജില്‍ രക്തം കട്ടപിടിക്കുന്നതാണ് സ്‌ട്രോക്കിന് കാരണമാകുന്നത്. രക്തം കട്ടപിടിക്കാതിരിക്കാന്‍ ആന്റികോയാഗുലന്റാണ് സാധാരണയായി നല്‍കുന്നത്. എന്നാല്‍ ഈ രോഗികളില്‍ രണ്ട് പേര്‍ക്ക് ഈ മരുന്ന് നല്‍കിയപ്പോള്‍ വയറില്‍ നിര്‍ത്താതെ രക്തസ്രാവം ഉണ്ടായി. മറ്റൊരു രോഗിയില്‍ പ്ലേറ്റ്‌ലറ്റിന്റെ അളവ് കുറവായതിനാല്‍ ഇത് ഉപയോഗിക്കാനാകുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഡോക്റ്റര്‍മാര്‍ ലെഫ്റ്റ് ഏട്രിയല്‍ അപ്പന്‍ഡേജ് ക്ലോഷര്‍ എന്ന പ്രക്രിയ നിര്‍ദ്ദേശിച്ചത്.

രക്തം കട്ടപിടിക്കുന്ന ഇടത് ഏട്രിയല്‍ അപ്പന്‍ഡേജ്, പ്ലഗ് ഉപയോഗിച്ച് അടയ്ക്കുന്നതാണ് ഈ പ്രക്രിയ. ആന്‍ജിയോഗ്രാഫിക്ക് സമാനമായ പ്രക്രിയയിലൂടെ ഹൃദയത്തിന്റെ വലത് വശത്തിലൂടെ പ്ലഗ് കടത്തിവിട്ട് ഇടത് വശത്ത് എത്തിച്ച് ഘടിപ്പിക്കുകയാണ് ചെയ്യുന്നത്. നാല് പേരിലും പ്രക്രിയ വിജയകരമായിരുന്നു. പ്രക്രിയയ്ക്ക് ശേഷം എല്ലാ രോഗികളും സുഖമായിരിക്കുന്നുവെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കാര്‍ഡിയാക് ഇലക്ട്രോഫിസിയോളജിസ്റ്റ് ഡോ. പ്രവീണ്‍ ശ്രീകുമാര്‍ അറിയിച്ചു.

ബ്ലഡ് തിന്നര്‍ ഉപയോഗിക്കാനാകാത്ത രോഗികളില്‍ ഈ പ്രക്രിയ ഏറെ ഫലപ്രദമാണെന്നും കാര്‍ഡിയോളജിസ്റ്റുകള്‍ക്കും ന്യൂറോളജിസ്റ്റുകള്‍ക്കും ഈ പ്രക്രിയ പരിഗണിക്കാവുന്നതാണെന്നും രോഗിയെ പരിപാലിച്ച ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റ് ഡോ. രാജശേഖര്‍ വര്‍മ പറഞ്ഞു. പ്രക്രിയ ആവശ്യമുള്ളവര്‍ക്ക് ഈ ചികിത്സാ സാധ്യത പ്രയോജനപ്പെടുത്താന്‍ ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കാര്‍ഡിയോളജി വിഭാഗം തയ്യാറാണെന്ന് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം ലീഡ് കണ്‍സള്‍ട്ടന്റ് ഡോ. അനില്‍കുമാര്‍ പറഞ്ഞു.

Comments

comments

Categories: Health
Tags: stroke