യുഎസ്ടി ഗ്ലോബലിനെ കൃഷ്ണ സുധീന്ദ്ര നയിക്കും

യുഎസ്ടി ഗ്ലോബലിനെ കൃഷ്ണ സുധീന്ദ്ര നയിക്കും
  • നേതൃമാറ്റവും പിന്തുടര്‍ച്ചാ പദ്ധതിയും പ്രഖ്യാപിച്ച് യുഎസ്ടി ഗ്ലോബല്‍
  • സിഇഒ സ്ഥാനത്തുനിന്ന് വിരമിക്കുന്നതായി സാജന്‍ പിള്ളയുടെ പ്രഖ്യാപനം; ഡയറക്റ്റര്‍ ബോര്‍ഡില്‍ തുടരും
  • നിലവില്‍ കമ്പനിയുടെ സിഎഫ്ഒയും പ്രസിഡന്റുമാണ് കൃഷ്ണ

തിരുവനന്തപുരം: ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സൊലൂഷന്‍സ് കമ്പനിയായ യുഎസ്ടി ഗ്ലോബലിന്റെ സി ഇ ഒ സ്ഥാനത്തുനിന്ന് സാജന്‍ പിള്ള വിരമിക്കുന്നതായി കമ്പനി പ്രഖ്യാപിച്ചു. കൃഷ്ണ സുധീന്ദ്രയാണ് പുതിയ സിഇഒ. നിലവില്‍ കമ്പനിയുടെ സിഎഫ്ഒയും പ്രസിഡന്റുമാണ് അദ്ദേഹം. രണ്ടു പതിറ്റാണ്ടിലേറെയായി കമ്പനിയുടെ സിഇഒ സ്ഥാനം വഹിച്ചുവരുന്ന സാജന്‍ പിള്ള ഒരു വര്‍ഷം കൂടി ഡയറക്റ്റര്‍ ബോര്‍ഡില്‍ തുടരും. പരിവര്‍ത്തന ഘട്ടം വിജയകരമായി പൂര്‍ത്തീകരിക്കുന്നതിന് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയുമായി പുതിയ സിഇഒ കൃഷ്ണ സുധീന്ദ്രയ്ക്കും മറ്റ് ഉന്നത നേതൃത്വത്തിനും ഒപ്പം അദ്ദേഹം പ്രവര്‍ത്തിക്കും.

ഇന്നൊവേഷന്‍ ലക്ഷ്യമാക്കി സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തി കമ്പനിയില്‍ ആരോഗ്യകരമായ ഒരു സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ സൃഷ്ടിച്ചെടുത്തതില്‍ പ്രമുഖ പങ്കാണ് സാജന്‍ പിള്ള വഹിച്ചത്. ഒരു വര്‍ഷക്കാലം കൂടി ബോര്‍ഡില്‍ തുടരുന്ന അദ്ദേഹം, പുതിയതായി രൂപം കൊടുത്ത വെന്‍ച്വര്‍ ഫണ്ടുമായി ഇതേ മേഖലയിലെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തിലും ഉപയോക്തൃ മൂല്യം വര്‍ധിപ്പിക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്ന മേഖലയാണ് സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ. മുന്‍നിര സാങ്കേതിക വിദ്യയും ഇന്നൊവേഷനും കൊണ്ടുവരുന്ന സ്റ്റാര്‍ട്ടപ്പുകളെയും ഉപയോക്താക്കളെയും കണ്ണിചേര്‍ത്ത് ഇരുകൂട്ടര്‍ക്കും മൂല്യങ്ങള്‍ പകര്‍ന്നുനല്‍കി കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയുള്ള യുഎസ്ടി ഗ്ലോബലിലെ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ തനിക്ക് സംതൃപ്തി നല്‍കുന്നതായിരുന്നു എന്ന് സാജന്‍ പിള്ള അഭിപ്രായപ്പെട്ടു.

വെന്‍ച്വര്‍ മൂലധനമാണ് ഇക്കാലത്ത് സ്റ്റാര്‍ട്ടപ്പുകളെ നയിക്കുന്നത്. അതില്‍ത്തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാനും അതിലൂടെ കമ്പനിയുടെ ആഗോള തല ബിസിനസ്, ഉപയോക്തൃ സേവനങ്ങള്‍ എന്നിവയില്‍ വ്യാപൃതനാവാനുമാണ് ആഗ്രഹിക്കുന്നത്. ഉപയോക്തൃ സേവനങ്ങളില്‍ ഊന്നല്‍ നല്‍കിയുള്ള യുഎസ്ടി ഗ്ലോബലിന്റെ ഇന്നൊവേഷന്‍ യാത്ര തുടരാന്‍ അത് സഹായകമാകും. എന്റെ സ്ഥാനത്തേക്ക് കൃഷ്ണ സുധീന്ദ്ര കടന്നു വരുന്നതും കമ്പനിയുടെ വരും തലമുറ നേതൃപദവിയില്‍ അദ്ദേഹം അവരോധിക്കപ്പെടുന്നതും അഭിമാനകരമായി കരുതുന്നു. കമ്പനിയുടെ ഈ പരിണാമ ഘട്ടത്തില്‍ മുന്‍നിരയില്‍ നിന്ന് നയിക്കാന്‍ ഏറ്റവും പ്രാപ്തനായ വ്യക്തിയാണ് അദ്ദേഹം-സാജന്‍ പിള്ള പറഞ്ഞു. നേതൃമാറ്റ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒരു വര്‍ഷമായി കമ്പനിയുടെ പ്രസിഡന്റ് പദവി വഹിക്കുകയാണ് കൃഷ്ണ സുധീന്ദ്ര.

പതിനഞ്ചു വര്‍ഷക്കാലത്തെ സേവനത്തിനിടയില്‍ ഉപയോക്തൃ വളര്‍ച്ച, വിപണി വികസനം എന്നിവ വഴി കമ്പനിയുടെ വളര്‍ച്ചയിലും വ്യവസായ പുരോഗതിയിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. യു എസ്ടി ഗ്ലോബലിലേക്ക് സ്വകാര്യ ഇക്വിറ്റി നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ആഗോള തല പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തു പകരുന്നതിനു പുറമേ, ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയും കാര്യശേഷിയും കൈവരിക്കാനുതകുന്ന കരുത്തുറ്റ ധനകാര്യ വ്യവസ്ഥ വികസിപ്പിക്കുന്നതിലും ഭരണനിര്‍വഹണം പോലുള്ള മേഖലകളിലും അദ്ദേഹം മികച്ച പങ്കുവഹിച്ചിട്ടുണ്ട്.

കമ്പനിയുടെ തലപ്പത്ത് ഏറ്റവും അനുയോജ്യനായ വ്യക്തിയെ അവരോധിക്കാനായി വര്‍ഷങ്ങളായി ആസൂത്രണം ചെയ്ത നേതൃമാറ്റ പദ്ധതി വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ പ്രഖ്യാപനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നതെന്ന് യുഎസ്ടി ഗ്ലോബല്‍ ഡയറക്റ്റര്‍ ബോര്‍ഡ് ചെയര്‍മാന്‍ പരസ് ചന്ദാരിയാ അഭിപ്രായപ്പെട്ടു. കമ്പനിയുടെ പ്രസിഡന്റ്, സിഎഫ്ഒ എന്നീ നിലകളില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച കൃഷ്ണയുടെ സിഇഒ എന്ന നിലയിലുള്ള വരുംകാല പ്രവര്‍ത്തനങ്ങളെ തങ്ങളെല്ലാം ഉറ്റുനോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കമ്പനിക്കായി നല്‍കിയ എണ്ണമറ്റ സംഭാവനകളുടെ പേരില്‍ മുഴുവന്‍ ബോര്‍ഡ് അംഗങ്ങള്‍ക്കുംവേണ്ടി സാജനോട് കൃതജ്ഞത രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സേവനങ്ങളേയും അര്‍പ്പണമനോഭാവത്തെയും ഞങ്ങള്‍ വിലമതിക്കുന്നു. വെന്‍ച്വര്‍ സംരംഭങ്ങളുമായി വരുംനാളുകളിലും ഞങ്ങള്‍ ഒന്നിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഎസ്ടി ഗ്ലോബലിന്റെ സിഇഒ ആയി തെരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ അഭിമാനമുണ്ടെന്ന് കൃഷ്ണ സുധീന്ദ്ര പറഞ്ഞു.

യുഎസ്ടി ഗ്ലോബല്‍ പോലെ കരുത്തുറ്റ ഒരു സ്ഥാപനത്തെ നയിക്കാനും അതിലെ പ്രതിഭാസമ്പന്നരെ പിന്തുണയ്ക്കാനും കമ്പനിയെ വളര്‍ച്ചയിലേക്ക് നയിക്കാനും സാജനും മറ്റു ബോര്‍ഡ് അംഗങ്ങളും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments

comments

Categories: FK News

Related Articles