ചീറ്റിപ്പോയ കച്ചവടം-1

ചീറ്റിപ്പോയ കച്ചവടം-1

ഇന്ത്യന്‍ വ്യോമയാന രംഗത്ത് ചോര പൊടിയാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. ആദ്യം എയര്‍ ഡെക്കാനും എയര്‍ സഹാറയും അപ്രത്യക്ഷമായി. പിന്നാലെ ഇരു വിമാനക്കമ്പനികളെയും യഥാക്രമം സ്വന്തമാക്കിയ കിംഗ്ഫിഷറും ജെറ്റ് എയര്‍വേയ്‌സും പറക്കലവസാനിപ്പിച്ച് നിലത്തിറങ്ങിയിരിക്കുന്നു. കാല്‍ നൂറ്റാണ്ടുകൊണ്ട് ഇന്ത്യയിലെ വിമാന യാത്രക്കാരുടെ പ്രിയപ്പെട്ട കമ്പനികളിലൊന്നായി മാറിക്കഴിഞ്ഞ ജെറ്റ് എയര്‍വേയ്‌സിന്റെ തകര്‍ച്ചയ്ക്ക് ഉടമ നരേഷ് ഗോയലിന് ചെറുതല്ലാത്ത പങ്കുണ്ട്

‘നാരദതംബുരുമുഖ്യജനങ്ങളും
മറ്റും വിമാനാഗ്രചാരികളൊക്കവേ
ചുറ്റും നിറഞ്ഞിതു, രാമന്‍ തിരുവടി
നിന്നരുളും പ്രദേശത്തിങ്കലന്നേരം
വന്ദിച്ചിതെല്ലാവരെയും നരേന്ദ്രനും..’

– അദ്ധ്യാത്മരാമായണം കിളിപ്പാട്ട്

പണയത്തിലായിരുന്ന വീട് ജപ്തിയില്‍ നഷ്ടപ്പെട്ട് സഹോദരന്റെ വീട്ടിലേക്ക് കുടിയേറേണ്ടി വന്ന ഒരു വിധവയുടെ ദൈന്യങ്ങള്‍ ഒരു പതിനൊന്ന് വയസ്സുകാരന് പൂര്‍ണ്ണമായും മനസ്സിലായിക്കൊള്ളണമെന്നില്ല. എന്നാലും അവന് ചില കാര്യങ്ങള്‍ മനസ്സിലായി. അതിലൊന്ന് ജീവിതം ഒരു തുറന്ന യുദ്ധം ആണ് എന്നതാണ്. വാശിയുണ്ടെങ്കില്‍ എന്തും നേടിയെടുക്കാം എന്ന തിരിച്ചറിവ്. ആ തിരിച്ചറിവിന്റെ വെളിച്ചത്തിലാണ് അവന്‍ തുടര്‍പഠനം നടത്തിയത്. അറുപതുകളില്‍ ഒരു യൂണിവേഴ്‌സിറ്റി ബിരുദം എന്നത് വലിയ വിദ്യാഭ്യാസ നിലവാരം തന്നെ ആയിരുന്നു. പതിനെട്ടാം വയസ്സ് ആയപ്പോഴേക്കും അയാള്‍ ബി.കോം ബിരുദം നേടി. അതിനിടയില്‍ അമ്മാവന്‍ തന്റെ ട്രാവല്‍ ഏജന്‍സിയില്‍ ഒരു കണക്കപ്പിള്ള ആയി അയാളെ നിയമിക്കുന്നുണ്ട്. അതാണ് അയാളുടെ ജീവിതത്തില്‍ ആദ്യത്തെ വഴിത്തിരിവാകുന്നത്. അവിടെ നിന്നാണ് യാത്ര എന്നത് ഒരു കച്ചവടം കൂടിയാണെന്ന് അയാള്‍ തിരിച്ചറിയുന്നത്. ബിരുദം നേടിയ ശേഷം അമ്മാവനെ കടത്തി വെട്ടി അയാള്‍ ലെബനീസ് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ ട്രാവല്‍ ഏജന്‍സി നേരിട്ട് ഏറ്റെടുക്കുന്നു. എയര്‍ട്രാവല്‍ ബിസിനസ്സിലുള്ള അയാളുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് സ്പര്‍ശിച്ചറിയാനായി എന്നതിന്റെ തെളിവാണ് ഇറാഖ് എയര്‍വേയ്സ് അയാളെ പബ്ലിക് റിലേഷന്‍സ് മാനേജരായി നിയമിക്കാന്‍ തീരുമാനിച്ചത്. അപ്പോള്‍ അയാളുടെ പ്രായം വെറും ഇരുപത് വയസ്സ്. രണ്ട് വര്‍ഷത്തിനകം ജോര്‍ദാന്‍ റോയല്‍ എയര്‍വേയ്സ് അയാളെ തങ്ങളുടെ റീജണല്‍ മാനേജരായി തിരഞ്ഞെടുത്തു. പിന്നീട് മിഡില്‍ ഈസ്റ്റ് എയര്‍ലൈന്‍, ഫിലിപ്പീന്‍സ് എയര്‍ലൈന്‍ തുടങ്ങി വിവിധ വിമാനക്കമ്പനികളില്‍ അയാള്‍ വിവിധ തസ്തികകളില്‍ നിയമിതനാവുന്നുണ്ട്.

1991 ജൂണില്‍ ഇന്ത്യയില്‍ അധികാരമേറ്റ നരസിംഹറാവു സര്‍ക്കാര്‍ അതുവരെ പൊതുമേഖല കയ്യടക്കി വാണ മേഖലകള്‍ ഓരോന്നായി സ്വകാര്യ-വിദേശ സംരംഭകര്‍ക്ക് തുറന്ന് കൊടുത്തു. അതിനനുസൃതമായി വിവിധ നയങ്ങള്‍ സര്‍ക്കാര്‍ പൊളിച്ചെഴുതി. അതിലൊന്നാണ് വ്യോമയാന നയം. അവിടെ ‘തുറന്ന ആകാശം’ എന്ന ആഗോള പദ്ധതി ഇന്ത്യ അംഗീകരിക്കുകയാണ് ചെയ്തത്. അത് പ്രകാരം വ്യോമയാന ഗതാഗത രംഗത്ത് സര്‍ക്കാരിന്റെ ഇടപെടലുകള്‍ കഴിയുന്നത്ര കുറച്ച് ഈ മേഖലയിലെ സര്‍ക്കാര്‍ ഏകാധിപത്യം അവസാനിപ്പിച്ചു. സ്വാതന്ത്ര്യലബ്ധിയുടെ കാലത്ത് നിലവിലുണ്ടായിരുന്ന നിരവധി വിമാനക്കമ്പനികളെ ഏറ്റെടുത്ത് ഏകോപിപ്പിച്ചാണ് അന്താരാഷ്ട്ര വ്യോമയാനത്തിന് ‘എയര്‍ ഇന്ത്യ’യും ആഭ്യന്തര ആകാശത്ത് ‘ഇന്ത്യന്‍ എയര്‍ലൈന്‍സും’ മാത്രമാക്കി ജവഹര്‍ലാല്‍ നെഹ്റു അമ്പതുകളുടെ ആദ്യം വായുഗതാഗതം ദേശസാല്‍ക്കരിച്ചത്. (പണ്ഡിറ്റ് ചാച്ചാ നെഹ്റുവിനെ ഭാരതം തിരസ്‌കരിക്കാന്‍ ആരംഭിച്ചത് ഇപ്പോഴൊന്നുമല്ല; തൊണ്ണൂറുകളുടെആരംഭത്തില്‍ തന്നെ അത് തുടങ്ങി). ‘തുറന്ന ആകാശം’ നയം പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ വിമാനക്കമ്പനികള്‍ക്ക് ഉണ്ടായിരുന്ന കുത്തക അവസാനിച്ച് സ്വകാര്യ കമ്പനികള്‍ക്ക് ഈ രംഗത്ത് നിലയുറപ്പിക്കാനായി. എന്നാലും മുന്‍നിര മുതലാളിമാരായ ടാറ്റയോ ബിര്‍ളയോ, അതുപോലുള്ളവരോ പെട്ടെന്ന് ഇതിലേയ്ക്ക് ചാടിവീണില്ല. അവര്‍ രംഗം നിരീക്ഷിച്ച് നില്‍ക്കുകയായിരുന്നു. സ്വകാര്യമേഖലയില്‍ നിന്ന് വരുവാനുള്ളവര്‍ക്കുള്ള ഇടം അതുപോലെ മത്സരമില്ലാതെ നിലനിന്നു.

1992 ഏപ്രില്‍ ഒന്ന്. നമ്മുടെ ബി.കോംകാരന്‍ അപ്പോഴേയ്ക്കും വ്യോമയാന ഗതാഗതത്തിന്റെ കച്ചവട മുഖത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയിരുന്നു. സര്‍ക്കാരിന്റെ പുതിയ വ്യോമയാന നയത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ അയാള്‍ അന്ന് ഒരു പുതിയ കമ്പനി രജിസ്റ്റര്‍ ചെയ്തു; ജെറ്റ് എയര്‍വേയ്സ് പ്രൈവറ്റ് ലിമിറ്റഡ്. ഇതിനകം ആ ചെറുപ്പക്കാരന്റെ പേര് എല്ലാവര്‍ക്കും മനസ്സിലായിക്കാണും; നരേഷ് കുമാര്‍ ഗോയല്‍. പഞ്ചാബിലെ സംഗ്രൂരിലെ ഒരു ചെറുകിട സ്വര്‍ണ്ണ വ്യാപാരിയുടെ രണ്ടാമത്തെ മകന്‍. 2005 ലെ ഫോബ്സ് മാസിക പട്ടിക പ്രകാരം ഇന്ത്യയിലെ പതിനാറാമത്തെ ധനികന്‍. അന്ന് സ്വത്ത് ഏകദേശം രണ്ട് ശതകോടി ഡോളര്‍.

ജെറ്റ് എയര്‍വേയ്‌സില്‍ ആദ്യം നിക്ഷേപം നടത്തുന്നത്, ബ്രിട്ടീഷ് രാജ്ഞിയുടെ അധീനതയില്‍ ഉള്ള സ്വയംഭരണ ദ്വീപായ എയ്ല്‍ ഓഫ് മാന്‍ എന്ന നികുതിമുക്ത പ്രദേശത്തെ ടെയ്ല്‍ വിന്‍ഡ്സ് എന്ന സ്ഥാപനമാണ്. ആ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഒരുപാട് അഭ്യൂഹങ്ങളും നിയമവഴക്കുകളും എല്ലാം നടന്നുവെങ്കിലും അതിനെയെല്ലാം സര്‍ക്കാര്‍ സഹായത്തോടെ ഗോയല്‍ അതിജീവിച്ചു. ഗോയലിന് 60 ശതമാനവും ഗള്‍ഫ്എയര്‍, കുവൈറ്റ് എയര്‍ എന്നിവയ്ക്ക് 20 ശതമാനം വീതവും ഓഹരി പങ്കാളിത്തം അതിനകം ജെറ്റ് ടെയ്ല്‍ വിന്‍ഡ്സ് എന്ന് പേരായ നിക്ഷേപ സ്ഥാപനത്തില്‍ ഉണ്ടായിരുന്നു. വ്യോമയാന രംഗത്തെ വിദേശ നിക്ഷേപം സംബന്ധിച്ച് 1997 ല്‍ ചെറിയൊരു മടക്കയാത്ര പ്രഖ്യാപിച്ചപ്പോള്‍ ആകാശഗതാഗത വ്യവസായത്തില്‍ വിദേശ നിക്ഷേപത്തിന് വിലക്ക് വീണു. നിയമം മറികടക്കാന്‍, ഗള്‍ഫ്എയറിന്റെയും കുവൈറ്റ് എയറിന്റെയും 40% ഓഹരികള്‍ പെട്ടെന്ന് നരേഷ് ഗോയലിന്റെ പേരിലായി!

1993 മെയ് അഞ്ചിന് ആഭ്യന്തര പറക്കലുകള്‍ ആരംഭിച്ച ജെറ്റ് എയര്‍വേയ്സ് 2004 മാര്‍ച്ചില്‍ അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിച്ചു. 2005 ല്‍ കമ്പനിയുടെ ഓഹരികളുടെ പ്രാഥമിക വില്‍പ്പന നടന്നു. അങ്ങിനെ 20% ഓഹരി പൊതുജനങ്ങള്‍ക്ക് സ്വന്തമായി; 1890 കോടി രൂപയാണ് ജെറ്റ് എയര്‍വേയ്സ് അതുമുഖേന സ്വരൂപിച്ചത്. ഇതിനിടയില്‍ ഹ്രസ്വദൂര അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് പുറമെ ദീര്‍ഘദൂര സര്‍വീസുകളും ജെറ്റ് ആരംഭിക്കുന്നുണ്ട്. ലണ്ടനിലും മറ്റും ജെറ്റ് ചിറക് വീശി ഇറങ്ങി. പിന്നീടുള്ള ലക്ഷ്യം അമേരിക്കയായി. അതിനായി അമേരിക്കന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കിയ ജെറ്റ് ഒരു പുലിവാലില്‍ കയറി പിടിക്കുകയായിരുന്നു. അവിടത്തെ ഒരു രജിസ്റ്റേര്‍ഡ് കമ്പനിയായ ജെറ്റ് എയര്‍വേയ്സ് ഇന്‍കോര്‍പറേറ്റഡിന്റെ സിഇഒയായ നാന്‍സി ഹെക്കര്‍മാന്‍ എന്ന വനിത, ട്രേഡ്മാര്‍ക്ക് ലംഘനത്തിന് ഇന്ത്യയിലെ ജെറ്റ് എയര്‍വേയ്‌സിനെതിരെ നിയമ നടപടി ആരംഭിച്ചു. കൂടാതെ ജെറ്റ് എയര്‍വേയ്‌സിന് ഭീകര സംഘടന ആയ അല്‍ ക്വയിദ ആയി ബന്ധമുണ്ടെന്നും ആരോപിക്കപ്പെട്ടു. ഏതായാലും ആ കുരുക്ക് അധികം മുറുകാതെ ജെറ്റ് അമേരിക്കന്‍ കോടതിയുടെ ക്‌ളീന്‍ ചിറ്റ് നേടി.

അതുവരെ എയര്‍ ഇന്ത്യയുടെയും ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെയും പ്രായം ചെന്ന ജീവനക്കാരുടെ സര്‍ക്കാര്‍ മനോഭാവത്തോടെയുള്ള അലസഗമനം മാത്രം കണ്ടിരുന്ന ഇന്ത്യന്‍ യാത്രക്കാര്‍ക്ക് ജെറ്റിലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരുടെ വേഗതയാര്‍ന്ന സേവനതല്‍പ്പരത ഇഷ്ടപ്പെട്ടു. കൂടുതല്‍ കൂടുതല്‍ പേര്‍ ജെറ്റില്‍ സഞ്ചരിക്കാന്‍ തുടങ്ങി. അന്ന് വിമാനയാത്രക്കൂലി സാധാരണക്കാരന്റെ പോക്കറ്റിന് താങ്ങാനാവുമായിരുന്നില്ല. മിക്കവാറും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍/കമ്പനി ചെലവില്‍ യാത്ര ചെയ്യുമ്പോഴാണ് വിമാനത്തില്‍ കയറുന്നത്. ജെറ്റ് ഒരു കാര്യം ചെയ്തു. കോര്‍പ്പറേറ്റ് രംഗത്തെ കമ്പനികള്‍ക്ക് ലോയല്‍റ്റി ബോണസ് പോയന്റ് സംവിധാനം ഏര്‍പ്പെടുത്തി. ഇത്ര പോയന്റായാല്‍ ഒരു ക്യാഷ്ബാക്ക്. ചെലവിനത്തില്‍ കുറവ് അല്ലെങ്കില്‍ ‘ഇതര വരുമാനത്തില്‍’ വര്‍ധനവ് നല്‍കുന്ന ഈ സംവിധാനം കമ്പനികള്‍ അത്യധികം സ്വാഗതം ചെയ്തു. തങ്ങളുടെ ജീവനക്കാര്‍ ഇനി ജെറ്റ് എയര്‍വേയ്‌സിലേ സഞ്ചരിക്കാവൂ എന്നും ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ കമ്പനിയുടെ കോര്‍പ്പറേറ്റ് കോഡ് അതില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ടിഎ തുക നിഷേധിക്കുമെന്നും അവര്‍ അറിയിപ്പുകള്‍ നല്‍കി. അതോടെ ജെറ്റ് എയര്‍വേയ്സിന്റെ സുവര്‍ണ്ണകാലം ആയി.

ഇതിനിടയില്‍ ആണ് എയര്‍ഡെക്കാന്റെ വരവ്. ഒരു മണിക്കൂര്‍ പറക്കല്‍ സമയത്തിന് എഴുന്നൂറ് രൂപയ്ക്കും അഞ്ഞൂറ് രൂപയ്ക്കും ടിക്കറ്റുകള്‍. ഓരോ വിമാനത്തിലും നിശ്ചിത എണ്ണം ടിക്കറ്റുകള്‍ മൂന്ന് രൂപയ്ക്കും ഒരു രൂപയ്ക്കും. കാപ്റ്റന്‍ ഗോപിനാഥിന്റെ ഇന്ദ്രജാലം, മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിനെ കവച്ചുവെച്ചു. കുറേശ്ശേകുറേശ്ശേ ഇത് ഇന്ത്യക്കാര്‍ക്ക് ശീലമായി മാറി. ലോ-കോസ്റ്റ് എയര്‍ലൈന്‍ എന്ന സങ്കല്‍പ്പം ഇവിടെ പ്രബലപ്പെട്ടു. ‘ചുമ്മാ പറക്കണം’ (Simply Fly) എന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തിയത് ക്യാപ്റ്റന്‍ ഗോപിനാഥ് പട്ടാളത്തില്‍ പഠിച്ച മനഃശാസ്ത്രപാഠങ്ങള്‍ ആയിരിക്കണം.

അങ്ങിനെയിരിക്കെ പ്രധാനപ്പെട്ട രണ്ട് പുതിയ കമ്പനികള്‍ ഇന്ത്യന്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടു. സുഖലോലുപതയുടെ ആത്യന്തിക രൂപമായ കിംഗ്ഫിഷര്‍ എയര്‍ലൈനും (2003) ലോ-കോസ്റ്റ് സങ്കേതത്തില്‍ ഉറപ്പിച്ച ഇന്‍ഡിഗോയും (2006). അതിസുന്ദരിമാരായ മോഡലുകള്‍ വന്‍ ശമ്പളത്തില്‍ എയര്‍ ഹോസ്റ്റസുമാരായപ്പോള്‍ സാധാരണക്കാരില്‍ നിന്ന് ഫ്ളൈറ്റ് അറ്റന്‍ഡന്റുമാരെ കണ്ടെത്തുകയാണ് ഇന്‍ഡിഗോ ചെയ്തത്. ജെറ്റ് എയര്‍വേയ്സ് ആയിരുന്നു കിംഗ്ഫിഷറിന്റെ വ്യവസായ എതിരാളി. ആ മത്സരം വ്യക്തിപരമായി വളര്‍ന്നോ ചുരുങ്ങിയോ, നരേഷ് ഗോയലും വിജയ് മല്യയും തമ്മില്‍ സംസാരിക്കാന്‍ തന്നെ ഒരു സമയത്ത് മടിച്ചിരുന്നു. എയര്‍ഡെക്കാന്‍ ആയിരുന്നു ഇന്‍ഡിഗോയുടെ ലക്ഷ്യം.

എയര്‍ഡെക്കാന്‍ മത്സരം അതിജീവിക്കാനാവാതെ ബുദ്ധിമുട്ടി. ഒടുവില്‍ തരക്കേടില്ലാത്ത വിലയ്ക്ക് എയര്‍ലൈന്‍ കമ്പനി വിജയ് മല്യയ്ക്ക് വിറ്റ് ക്യാപ്റ്റന്‍ പടനിലം വിട്ടു. കിംഗ്ഫിഷറായ എയര്‍ഡെക്കാന്‍ പിന്നീട് ലോ-കോസ്റ്റ് അല്ലാതായി. അത് ഇന്‍ഡിഗോയ്ക്ക് ആണ് ഏറ്റവും ഗുണം ചെയ്തത്. ഇതിനിടയില്‍ ഗോഎയര്‍, സ്‌പൈസ്ജെറ്റ് തുടങ്ങിയവ രംഗപ്രവേശം ചെയ്യുന്നുണ്ടെങ്കിലും ആകാശത്തെ കാണാച്ചുഴികള്‍ അവയെ ഉലയ്ക്കുന്നുണ്ട്. മീഡിയ രാജാവ് കലാനിധിമാരന്‍ സ്പൈസ്ജെറ്റ് അതിന്റെ ഉടമസ്ഥന്‍ അജയ് സിംഗില്‍ നിന്ന് വാങ്ങി. എന്നാല്‍ സഞ്ചിതനഷ്ടവും കടവും മൂലം പിന്നീട് അജയ് സിംഗിന് തന്നെ വെറും ഒരു രൂപ വിലയ്ക്ക് കമ്പനി തിരിച്ച് വില്‍ക്കേണ്ടിവന്നു. ശരാശരി നിലവാരത്തില്‍ രണ്ടു കമ്പനികളും ഉയര്‍ന്നും താഴ്ന്നും പറന്ന് ആകാശത്ത് സാന്നിധ്യമറിയിച്ചുകൊണ്ടിരുന്നു.

ജെറ്റ് എയര്‍വേയ്സിനൊപ്പം എന്ന പോലെ വ്യോമഗതാഗത രംഗത്ത് വന്ന കമ്പനിയാണ് എയര്‍ സഹാറ. 1978 ല്‍ ലക്നൗ ആസ്ഥാനമാക്കി വെറും 2,000 രൂപ മൂലധനത്തില്‍ തുടങ്ങിയ വ്യവസായ ഗ്രൂപ്പാണ് സഹാറ ഇന്ത്യ പരിവാര്‍. സഹാറ ചിട്ടി തട്ടിപ്പില്‍ അന്വേഷണം നേരിടുന്ന സുബ്രതോ റോയിയുടെ സ്ഥാപനം. ഈ ഗ്രൂപ്പാണ് 1993 ല്‍ എയര്‍ സഹാറ ആരംഭിച്ചത്. അത് ചുരുങ്ങിയ കാലം കൊണ്ട് പന്ത്രണ്ട് ബോയിംഗ് വിമാനങ്ങളടക്കം പത്തൊന്‍പത് വിമാനങ്ങളുമായി 20 ഇടങ്ങളിലേക്ക് ദിവസവും 115 ഫ്ളൈറ്റുകള്‍ നടത്തുന്ന വലിയ കമ്പനിയായി. എങ്കിലും നഷ്ടത്തില്‍ നിന്ന് പുറത്ത് വരാതിരുന്ന എയര്‍ സഹാറയെ 2007 ല്‍ 500 മില്യണ്‍ ഡോളറിന് (1,450 കോടി രൂപ) നരേഷ് ഗോയല്‍ സ്വന്തമാക്കി, ജെറ്റിന്റെ ഭാഗമാക്കി. അതൊരു മധുര പ്രതികാരം ആയിരുന്നു. എയര്‍ ഡെക്കാന്‍ വാങ്ങിക്കുന്ന മല്യയ്ക്ക് ഒരു മറുപടി. മുഴുവന്‍ ക്യാഷ് ഡീല്‍.

ജെറ്റിന്റെ പ്രവര്‍ത്തന മൂലധനത്തില്‍ നിന്ന് വലിയൊരു ഭാഗം എയര്‍ സഹാറ വാങ്ങുവാന്‍ പോയതോടെ, അതിന് ദൈനംദിന ചെലവുകള്‍ക്കുള്ള പണം തികയാതെ വന്നു. എങ്കിലും ഒരുവിധം രണ്ടറ്റവും കൂട്ടിമുട്ടിച്ച് ജെറ്റ് ചിറകൊടിയാതെ പറന്നുകൊണ്ടിരുന്നു. വിമാനം പറന്നുകൊണ്ടിരിക്കുമ്പോള്‍ കോക്പിറ്റില്‍ നിന്ന് മുന്നോട്ട് കണ്ടില്ലെങ്കിലും കുഴപ്പമില്ല. കാരണം, പിന്നീടെല്ലാം എയര്‍ ട്രാഫിക് കണ്ട്രോള്‍ നിര്‍ദ്ദേശങ്ങളും മുന്നില്‍ കാണുന്ന അസംഖ്യം ഡയലുകളും പറഞ്ഞുതന്നോളും. മുന്നിലത്തെ ഗ്ലാസില്‍ വെയില്‍ തട്ടാതിരിക്കാന്‍ പത്രം വെച്ച് അടച്ചാലും കുഴപ്പമില്ല. പുറത്തേയ്ക്ക് കാഴ്ച ടേക്ക് ഓഫിനും ലാന്റിംഗിനും മതി. അത് വിമാനത്തിന്റെ കഥ. എന്നാല്‍ വിമാനക്കമ്പനിയ്ക്ക് അങ്ങനെ അടച്ചിരിക്കാന്‍ ആവില്ല. ജെറ്റ് എയര്‍വേയ്സ്, അല്ലെങ്കില്‍ നരേഷ് ഗോയല്‍, കോക്പിറ്റില്‍ മുന്‍കാഴ്ചകള്‍ പലതും മറച്ചാണ് ഇരുന്നത്.

(അടുത്ത തിങ്കളാഴ്ച തുടരും)

Categories: FK Special, Slider