ഇഷ്‌ക് (മലയാളം)

ഇഷ്‌ക് (മലയാളം)

സംവിധാനം: അനുരാജ് മനോഹര്‍
അഭിനേതാക്കള്‍: ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍, ഷൈന്‍ ടോം ചാക്കോ
ദൈര്‍ഘ്യം: 2 മണിക്കൂര്‍ 14 മിനിറ്റ്

കുമ്പളങ്ങി നൈറ്റ്‌സിലെ തകര്‍പ്പന്‍ പ്രകടനത്തിനു ശേഷം ഷെയ്ന്‍ നിഗം പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ഇഷ്‌ക്. ഇതൊരു പ്രണയ ചിത്രമല്ല. ചിത്രത്തിന്റെ ടാഗ് ലൈനില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുമുണ്ട്. എന്നാല്‍ പ്രണയം പശ്ചാത്തലമാക്കി സാമൂഹിക പ്രാധാന്യമുള്ളൊരു പ്രമേയത്തെ അവതരിപ്പിച്ചിരിക്കുകയാണ്. സച്ചിദാനന്തന്‍ എന്ന സച്ചി (ഷെയ്ന്‍ നിഗം) ഐടി ജീവനക്കാരനാണ്. കൊച്ചിയിലാണു താമസിക്കുന്നത്. സച്ചിക്കു വസുധയോട് (ആന്‍ ശീതള്‍) ഭ്രാന്തമായ പ്രണയമാണ്. പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാര്‍ഥിനിയായ വസുധ കോട്ടയം സ്വദേശിയാണ്. ഒരു ദിവസം കോട്ടയത്ത് പഠിക്കുന്ന കോളേജില്‍നിന്നും വസുധയെ സച്ചി കൊച്ചിയിലേക്കു കൂട്ടിക്കൊണ്ടു വരികയാണ്. പിറ്റേ ദിവസം രാവിലെ കോട്ടയത്ത് തിരികെയെത്തിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് അവളെ സച്ചി കൊച്ചിയിലേക്കു കൊണ്ടു വരുന്നത്. എന്നാല്‍ കൊച്ചിയിലേക്കുള്ള യാത്രയില്‍ ചില കാര്യങ്ങള്‍ നാടകീയമായി സംഭവിക്കുന്നത് അവരുടെ ജീവിതത്തെ മാറ്റിമറിക്കുകയാണ്.

സമൂഹത്തില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നായി മാറിയിരിക്കുകയാണല്ലോ മോറല്‍ പൊലീസിംഗ്. സംസ്‌കാരത്തിന്റെ പേര് പറഞ്ഞ് ഇരയെ ദ്രോഹിക്കാനും ചോദ്യം ചെയ്യാനുമുള്ളൊരു ലൈസന്‍സ് കൂടിയായി മോറല്‍ പൊലീസിംഗ് മാറിയിരിക്കുന്നു. സദാചാര പൊലീസിംഗിനെ കുറിച്ചാണു ചിത്രം പറയുന്നത്. ഷൈന്‍ ടോം ചാക്കോയുടെ ആല്‍വിന്‍ എന്ന കഥാപാത്രം ചിത്രത്തില്‍ മികച്ച പ്രകടനമാണു നടത്തിയിരിക്കുന്നത്. ഷൈന്റെ അഭിനയം ചിത്രത്തിന്റെ ഒരു ഘട്ടത്തില്‍ നായകനേക്കാള്‍ മികച്ച തലത്തിലേക്ക് ഉയരുന്നുമുണ്ട്. അതു പോലെ വസുധയെ ആന്‍ ശീതള്‍ തന്മയത്വത്തോടെ അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
സംവിധായകന്‍ അനുരാജ് മനോഹറിന്റെ ആദ്യം ചിത്രമാണിത്. സദാചാര പൊലീസിംഗ് മുഖ്യ പ്രമേയമായ ചിത്രത്തിന്റെ ആദ്യ പകുതി വളരെ മനോഹരമായി അവതരിപ്പിക്കാന്‍ സംവിധായകനു സാധിച്ചിരിക്കുന്നു. പതിവ് ശൈലിയിലല്ല ആഖ്യാനം. ചില റിസ്‌ക്കുകള്‍ സംവിധായകന്‍ എടുത്തിട്ടുണ്ട്.

ഇന്നും പൊതുസ്ഥലത്തു പുരുഷനുമൊത്ത് ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടാല്‍, തുറിച്ചു നോട്ടം, വൃത്തികെട്ട കമന്റുകള്‍ എന്നിവയ്ക്കാണു സ്ത്രീകള്‍ വിധേയരാകേണ്ടി വരുന്നത്. ഇക്കാര്യങ്ങളെല്ലാം തന്നെ ചിത്രത്തില്‍ വളരെ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ട്. ദമ്പതികളോടും, സ്ത്രീകളോടുമുള്ള നമ്മുടെ സമൂഹം പുലര്‍ത്തുന്ന ഇരട്ടത്താപ്പ് സംവിധായകന്‍ വളരെ മികവാര്‍ന്ന രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നു. അതിന് അദ്ദേഹം പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ പ്രതികാരത്തിന്റെ രണ്ടാം പകുതിയില്‍ ചിത്രത്തിന് അതിന്റെ ധാര്‍മിക തലം നഷ്ടപ്പെടുകയാണെന്നു തോന്നിപ്പോകും. ഒരു കുട്ടി ഉള്‍പ്പെടുന്ന കുടുംബത്തിനു മേല്‍ പക തീര്‍ക്കുന്ന രംഗങ്ങള്‍ വളരെ ദൗര്‍ഭാഗ്യകരമെന്നു പറയേണ്ടി വരും. സദാചാര പൊലീസിംഗിനെതിരേയാണ് പ്രതികാരമെങ്കിലും ഈ രീതിയിലല്ല തീര്‍ച്ചയായും മോറല്‍ പൊലീസിംഗിനെതിരേ പോരാടേണ്ടത്. പോരായ്മകളുണ്ടെങ്കിലും ചിത്രം പ്രേക്ഷകനു നവ്യാനുഭവമേകുന്നുണ്ട്.
ചിത്രത്തിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഗാനങ്ങളാണു ജേക്ക്‌സ് ബിജോയ് രചിച്ചിരിക്കുന്നത്. സിദ് ശ്രീറാമിന്റെ പറയുവാന്‍ എന്ന ഗാനം വളരെ മനോഹരമാണ്.

Comments

comments

Categories: Movies