ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഇനി ഗൂഗിള്‍ മാപ്‌സില്‍ തെരയാം

ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഇനി ഗൂഗിള്‍ മാപ്‌സില്‍ തെരയാം

ചാര്‍ജിംഗ് സ്റ്റേഷനില്‍ എത്ര പോര്‍ട്ടുകള്‍ ലഭ്യമാണ്, ഏതുതരം പോര്‍ട്ടുകള്‍, ചാര്‍ജിംഗ് വേഗത തുടങ്ങിയ അനുബന്ധ വിവരങ്ങളും അറിയാന്‍ കഴിയും

ന്യൂഡെല്‍ഹി : ഇന്ത്യയിലെ ഇലക്ട്രിക് വാഹന (ഇവി) ഉടമകള്‍ക്ക് ഇനി പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഗൂഗിള്‍ മാപ്‌സില്‍ തെരയാം. സെര്‍ച്ച് ബോക്‌സില്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ എന്ന് ടൈപ്പ് ചെയ്താല്‍ മതി. പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ എവിടെയെല്ലാമെന്ന് അറിയാന്‍ കഴിയും. ചാര്‍ജ് തീര്‍ന്ന് വാഹനം വഴിയില്‍ കിടക്കുമോ എന്ന ആശങ്കയാണ് ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതില്‍നിന്ന് ആളുകള്‍ പിന്തിരിയുന്നതിന്റെ ഒരു കാരണം. ഗൂഗിള്‍ മാപ്‌സിന്റെ പുതിയ ഫീച്ചര്‍ ഇത്തരക്കാരെ സഹായിക്കും.

ചാര്‍ജിംഗ് സ്റ്റേഷനില്‍ എത്ര പോര്‍ട്ടുകള്‍ ലഭ്യമാണ്, ഏതുതരം പോര്‍ട്ടുകളാണ് ഉള്ളത്, ചാര്‍ജിംഗ് വേഗത തുടങ്ങിയ അനുബന്ധ വിവരങ്ങളും ഗൂഗിള്‍ മാപ്‌സില്‍നിന്ന് അറിയാന്‍ കഴിയും. പൊതുജനങ്ങളില്‍നിന്ന് ലഭ്യമാക്കുന്ന ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഫോട്ടോകള്‍, റേറ്റിംഗ്, റിവ്യൂ, ചോദ്യങ്ങള്‍ എന്നിവയെല്ലാം ലഭ്യമായിരിക്കും. ഗൂഗിള്‍ മാപ്‌സിന്റെ ഡെസ്‌ക്‌ടോപ്പ്, ആന്‍ഡ്രോയ്ഡ്, ഐഒഎസ്, ആന്‍ഡ്രോയ്ഡ് ഓട്ടോ വേര്‍ഷനുകളില്‍ ഈ ഫീച്ചര്‍ ലഭ്യമായിരിക്കും.

ഇലക്ട്രിക് മൊബിലിറ്റി വ്യാപകമാക്കുന്നതിന്റെ ഭാഗമായി, ദേശീയ തലസ്ഥാനത്ത് 131 പൊതു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് ഊര്‍ജ്ജ മന്ത്രാലയവും ഡെല്‍ഹി സര്‍ക്കാരും അനുമതി നല്‍കിയിട്ടുണ്ട്. നോയ്ഡ, ഗുരുഗ്രാം, ഗാസിയാബാദ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് വരുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യാന്‍ പാകത്തിലാണ് ഇവയില്‍ ചില ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.

മെട്രോ സ്‌റ്റേഷനുകളില്‍ 33 ചാര്‍ജറുകള്‍, സിഎന്‍ജി ഫില്ലിംഗ് സ്‌റ്റേഷനുകളില്‍ 34 ചാര്‍ജറുകള്‍, ഇന്ത്യന്‍ ഓയില്‍ സ്‌റ്റേഷനുകളില്‍ 24 ചാര്‍ജറുകള്‍, ഭാരത് പെട്രോളിയം സ്‌റ്റേഷനുകളില്‍ 15 ചാര്‍ജറുകള്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം സ്‌റ്റേഷനുകളില്‍ ഒമ്പത് ചാര്‍ജറുകള്‍ എന്നിങ്ങനെയാണ് സജ്ജീകരിക്കുന്നത്. കൂടാതെ, ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ ടെര്‍മിനല്‍ 3 കാര്‍ പാര്‍ക്കിലും ജാമിയ മിലിയയിലും ഓരോ ചാര്‍ജിംഗ് സ്‌റ്റേഷന്‍ വീതം സ്ഥാപിക്കും.

Comments

comments

Categories: Auto