ബ്രിട്ടീഷ് ബിസിനസുകളുടെ കണ്ണ് ഗള്‍ഫ് വിപണിയില്‍?

ബ്രിട്ടീഷ് ബിസിനസുകളുടെ കണ്ണ് ഗള്‍ഫ് വിപണിയില്‍?

ഗള്‍ഫ് അടക്കമുള്ള മേഖലകളുമായി ബ്രിട്ടനുള്ള വ്യാപാര ബന്ധങ്ങള്‍ ഏത് തരത്തിലാണ് ബ്രക്‌സിറ്റ് നടപ്പാകുക എന്നതിനെ ആശ്രയിച്ചിരിക്കും

ബ്രക്‌സിറ്റ് പ്രതിസന്ധിയില്‍ യുകെയിലെ രാഷ്ട്രീയക്കാര്‍ തമ്മിലുള്ള കൊമ്പുകോര്‍ക്കല്‍ തുടരവേ രാജ്യത്തെ ബിസിനസുകാര്‍ക്കിടയില്‍ ആശങ്ക തീപോലെ പടരുകയാണ്. ബ്രിട്ടന്റെ സാമ്പത്തിക കാഴ്ചപ്പാട് സംബന്ധിച്ച അനിശ്ചിതത്വം യൂറോപ്യന്‍ യൂണിയന് പുറത്ത് പകരം വിപണികള്‍ കണ്ടെത്താന്‍ കമ്പനികളെ നിര്‍ബന്ധിക്കുകയാണ്. പ്രതികൂല അന്തരീക്ഷത്തില്‍ യൂറോപ്യന്‍ യുണിയന്‍ വിപണിയില്‍ നിന്ന് പുറത്തുപോകേണ്ടി വന്നാല്‍ രാജ്യത്തെ ബിസിനസുകള്‍ പറിച്ചുനടാന്‍ പറ്റിയൊരിടമാണ് അവര്‍ തിരയുന്നത്.

യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകാന്‍ മുന്‍നിശ്ചയിക്കപ്പെട്ടിരുന്ന അവസാന അവധി കഴിഞ്ഞ് എട്ട് ആഴ്ചയും, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണമോ എന്നത് സംബന്ധിച്ച് നടന്ന ചരിത്രത്തില്‍ ഇടം നേടിയ ഹിതപരിശോധന പൂര്‍ത്തിയായി മൂന്ന് വര്‍ഷവും പിന്നിട്ടിരിക്കുന്ന ഈ ഘട്ടത്തിലും ഏത് രീതിയിലാണ് ബ്രക്‌സിറ്റ് നടപ്പാക്കുക എന്നത് സംബന്ധിച്ച് കൃത്യമായ ഒരു രൂപരേഖ ബ്രിട്ടീഷ് സര്‍ക്കാരിന് ഉണ്ടായിട്ടില്ലെന്നതാണ് ഒരു സത്യം. ഒക്ടോബര്‍ 31ന് ബ്രക്‌സിറ്റ് നടപ്പാകുമോ, ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുമോ എന്നത് സംബന്ധിച്ച വ്യക്തമായ ഉത്തരം ഇതുവരെ ഉണ്ടായിട്ടില്ലെന്നതാണ് സത്യം.

യൂറോപ്യന്‍ വിപണിയെ ആശ്രയിച്ച് മാത്രമാണ് ബ്രിട്ടനിലെ നിരവധി ബിസിനസുകള്‍ നിലനില്‍ക്കുന്നത്. യുകെ സര്‍ക്കാരില്‍ നിന്നുള്ള കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ 2017ല്‍ ബ്രിട്ടനില്‍ നിന്നും യൂറോപ്യന്‍ യൂണിയനിലേക്കുള്ള കയറ്റുമതി 274 ബില്യണ്‍ പൗണ്ടിന്റേതായിരുന്നു(353.8 ബില്യണ്‍ ഡോളര്‍). യുകെയുടെ ആകെ കയറ്റുമതിയുടെ 44 ശതമാനം വരുമിത്. സമാനമായി യൂറോപ്യന്‍ യൂണിയനില്‍ നിന്നും യുകെയിലേക്കുള്ള ഇറക്കുമതി 341 ബില്യണ്‍ പൗണ്ടിന്റേതായിരുന്നു(440.3 ബില്യണ്‍ ഡോളര്‍). അതായത് ബ്രിട്ടണിലെ ആകെ ഇറക്കുമതിയുടെ 53 ശതമാനം. യുകെയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള വ്യാപാരംബന്ധം ഇഴപിരിക്കാനാകാത്തതാണെന്ന് ചുരുക്കം.

ഗള്‍ഫ് എന്ന മോഹവിപണി

ബ്രക്‌സിറ്റ് നടപ്പായാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വ്യാപാര അനിശ്ചിതത്വം കണക്കിലെടുത്ത് ഗള്‍ഫ് ഉള്‍പ്പടെ എല്ലാ തരത്തിലുമുള്ള പുതിയ വിപണികളില്‍ കയറിക്കൂടാന്‍ ബ്രിട്ടീഷ് കമ്പനികള്‍ ശ്രമിക്കുമെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ്-ബ്രിട്ടീഷ് ധാരണാ സമിതി(കാബു) ഡയറക്റ്റര്‍ ക്രിസ് ഡോയല്‍ പറയുന്നു. ഗള്‍ഫ് എന്നത് യുകെയുടെ പ്രധാന വ്യാപാര പങ്കാളിയാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഡസ്ട്രിയിലെ അന്തര്‍ദേശീയ വ്യാപാര ഡയറക്റ്റര്‍ ബെന്‍ ഡിഗ്‌ബേയും ഉറപ്പിച്ചു പറയുന്നു. ഗള്‍ഫിലുടനീളം നിരവധി മേഖലകളിലായി ബ്രിട്ടീഷ് കമ്പനികള്‍ക്ക് ബിസിനസ് അവസരങ്ങള്‍ ഉണ്ട്. ഗുണനിലവാരത്തിലും പ്രവര്‍ത്തനമികവിലും യുകെയെ കടത്തിവെട്ടാന്‍ ആര്‍ക്കും സാധിക്കാത്ത അടിസ്ഥാനസൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ സാധ്യതകള്‍ യുകെ കമ്പനികള്‍ക്ക് വലിയ അവസരമാകും.

വിശപ്പിന്റെ ബിസിനസ്

ബ്രക്‌സിറ്റ് അനിശ്ചിതത്വം ഏറ്റവുമധികം ബാധിച്ചത് യുകെയിലെ ഭക്ഷ്യപാനീയ വ്യവസായ മേഖലയെയാണ്. ലാഭത്തില്‍ യുകെയിലെ നിര്‍മാണമേഖലയുടെ 19 ശതമാനം വരുന്ന, 400,000ത്തില്‍ അധികം ആളുകള്‍ ജോലി ചെയ്യുന്ന, 7,000 ബിസിനസുകള്‍ ഉള്‍ക്കൊള്ളുന്ന ഈ മേഖല രാജ്യത്തെ വിശാലമായ നിര്‍മാണ മേഖലയെ പ്രതിനിധാനം ചെയ്യുന്നു. ബ്രക്‌സിറ്റിന് ശേഷം ഗള്‍ഫുമായുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള അവസരങ്ങള്‍ക്കായി യുകെയിലെ ഭക്ഷ്യ വിതരണക്കാര്‍ കാത്തിരിക്കുകയാണെന്ന് ബ്രിട്ടീഷ് ഫുഡ് ആന്‍ഡ് ഡ്രിങ്ക് ഫെഡറേഷന്‍ (എഫ്ഡിഎഫ്) വക്താവ് പറയുന്നു.

2017ല്‍ എഫ്ഡിഎഫ് കമ്മീഷന്‍ ചെയ്ത യുകെയിലെ ഭക്ഷ്യപാനീയ വ്യവസായങ്ങളുടെ വളര്‍ച്ചാസാധ്യതകള്‍ ലക്ഷ്യമാക്കിയുള്ള ‘ഗ്രാന്റ് തോണ്‍ടണ്‍ റിപ്പോര്‍ട്ടി’ല്‍ പ്രതികരിച്ച 16 ശതമാനം ആളുകളും തങ്ങള്‍ ഇപ്പോള്‍ കയറ്റുമതി ചെയ്യാത്ത, എന്നാല്‍ ഭാവിയില്‍ കയറ്റുമതി ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരു രാജ്യമായി പറഞ്ഞത് യുഎഇയാണ്. 2018ല്‍ യുകെയിലെ ഭക്ഷ്യപാനീയ മേഖല ലക്ഷ്യമാക്കിയ 20 പ്രധാന കയറ്റുമതി വിപണികളില്‍ പശ്ചിമേഷ്യയിലെ ഏകവിപണിയായിരുന്നു യുഎഇ. അതേസമയം യുകെയില്‍ നിന്നും പ്രഭാത ഭക്ഷണത്തിനായി ഉപയോഗിക്കുന്ന ധാന്യങ്ങള്‍ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ വലിയ വിപണിയും യുഎഇയാണ്.

യുകെ സര്‍ക്കാരിന്റെ വ്യവസായ നയങ്ങളുടെ ഭാഗമായി യുഎഇ വിപണിയില്‍ കടന്നുകൂടാനുള്ള സാധ്യതകള്‍ ഉള്‍പ്പടെ ഭക്ഷ്യപാനീയമേഖലയില്‍ മികച്ചൊരു കരാര്‍ ഉണ്ടാക്കിയെടുക്കാന്‍ എഫ്ഡിഎഫ് ചില പ്രധാന ഡിപ്പാര്‍ട്‌മെന്റുകളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. കരാറുകള്‍ വഴിയുള്ള പിന്തുണയിലൂടെ യുകെയിലെ ഭക്ഷണപാനീയ ഇറക്കുമതിക്ക് പുതിയ അവസരങ്ങള്‍ നല്‍കാന്‍ ശേഷിയുള്ള വിപണികളിലൊന്നാണ് യുഎഇ എന്ന് എഫ്ഡിഎഫ് പറയുന്നു.

യുകെയില്‍ നിന്നും ജിസിസിയിലേക്ക്

ഇതിനോടകം തന്നെ ഏതാണ്ട് 20 ബില്യണ്‍ ഡോളറിലധികം വില വരുന്ന ഉല്‍പ്പന്നങ്ങള്‍ ബ്രിട്ടീഷ് കമ്പനികള്‍ ജിസിസി രാഷ്ട്രങ്ങളിലേക്ക് വര്‍ഷം തോറും കയറ്റി അയക്കുന്നുണ്ട്. 2020 ആകുമ്പോഴേക്കും ഇത് 30 ബില്യണ്‍ ഡോളറാക്കി ഉയര്‍ത്തുക എന്ന ലക്ഷ്യമാണ് യുകെയ്ക്കുള്ളതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ബ്രക്‌സിറ്റിനു ശേഷം യുഎഇയുമായുള്ള ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് തങ്ങള്‍ക്കുള്ളതെന്ന് യുകെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. യുകെയിലെ അന്തര്‍ദേശീയ വ്യാപാര സെക്രട്ടറി ലിയാം ഫോക്‌സ് ചര്‍ക്കള്‍ക്കായി നിരന്തരം യുഎഇയില്‍ വന്നുപോകുന്നത് ഇക്കാര്യം വ്യക്തമാക്കുന്നു. യുകെ യൂറോപ്യന്‍ യൂണിയന്‍ വിട്ടതിന് ശേഷം ഗള്‍ഫ് മേഖലയുമായുള്ള വ്യാപാര ബന്ധങ്ങള്‍ സുദൃഢമാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി തെരേസ മേയും വ്യക്തമാക്കിയിട്ടുണ്ട്. ബ്രക്‌സിറ്റ് നടപ്പായതിന് ശേഷം എത്തരത്തില്‍ ജിസിസി മേഖലയുമായുള്ള വ്യാപാരബന്ധത്തിന്റെ ആഴം വര്‍ധിപ്പിക്കാം എന്നത് ആസൂത്രണം ചെയ്യുന്നതിന് വേണ്ടിയാണ് 2016ല്‍ യുകെ ജിസിസി ട്രേഡ് വര്‍ക്കിംഗ് ഗ്രൂപ്പിന് രൂപം നല്‍കിയതെന്ന് യുകെയിലെ ഡിപ്പാര്‍ട്‌മെന്റ് ഫോര്‍ ഇന്റെര്‍നാഷ്ണല്‍ ട്രേഡ് പറയുന്നു.

കരാറുകളില്ലാതെയാണ് യുകെ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതെങ്കില്‍(ഹാര്‍ഡ് ബ്രക്‌സിറ്റ്) 1.1 ബില്യണ്‍ ഡോളറിന്റെ ലാഭമാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് വരാന്‍ പോകുന്നതെന്ന് ഏപ്രിലില്‍ പുറത്തുവന്ന ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാര്‍ഡ് ബ്രക്‌സിറ്റിന്റെ പരിണിതഫലങ്ങളെ കുറിച്ചാണ് ഐക്യരാഷ്ട്രസഭയുടെ കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നോ ഡീല്‍ ബ്രക്‌സിറ്റ് നടപ്പാകുന്നത് വടക്കന്‍ ആഫ്രിക്കന്‍ രാഷ്ട്രങ്ങളായ മൊറോക്കൊയിലും ഈജിപ്തിലും കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെങ്കിലും യുകെയുമായുള്ള വ്യാപാരം വര്‍ധിക്കുമെന്നത് കൊണ്ട് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് അത് നേട്ടമാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗള്‍ഫ് രാഷ്ട്രങ്ങളില്‍ യുഎഇയാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കുക. യുകെയിലേക്കുള്ള കയറ്റുമതി വര്‍ധിക്കുന്നത് മൂലം 425 മില്യണ്‍ ഡോളറിന്റെ ലാഭമാണ് യുഎഇ നേടുക. നോ ഡീല്‍ ബ്രക്‌സിറ്റിലൂടെ സൗദി അറേബ്യ 267 മില്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാക്കും. ഇതില്‍ 263 മില്യണ്‍ ഡോളര്‍ കുവൈറ്റില്‍ നിന്ന് മാത്രമാണ്. ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാഷ്ട്രങ്ങളില്‍ യഥാക്രമം 16.7 മില്യണ്‍ ഡോളര്‍, 8.4 മില്യണ്‍ ഡോളര്‍ ലാഭമുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭ റിപ്പോര്‍ട്ടില്‍ പറയുന്നു.

പുറത്തുപോകലിലെ അനിശ്ചിതത്വം

ഏത് തരത്തിലാണ് ബ്രക്‌സിറ്റ് നടപ്പാകുക എന്നതിനെ ആശ്രയിച്ചിരിക്കും ഗള്‍ഫ് അടക്കമുള്ള മേഖലകളുമായി ബ്രിട്ടനുള്ള വ്യാപാര ബന്ധങ്ങള്‍ രൂപപ്പെടുകയെന്ന് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്യാപ്പിറ്റല്‍ ഇക്കണോമിക്‌സിലെ ടോം പഗ് പറയുന്നു. യൂറോപ്യന്‍ യൂണിയനുമായുള്ള കസ്റ്റംസ് സഹകരണമോ, ഏകീകൃത വിപണിയോ തുടരാന്‍ യുകെ തീരുമാനമെടുത്താല്‍ യുകെയുടെ വ്യാപാരഗതിക്ക് വലിയ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല. അതല്ലെങ്കില്‍ യൂറോപ്യന്‍ യൂണിയന് ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍ തീരുവകള്‍ യുകെയ്ക്ക് പ്രതിബന്ധമായി വരും. അങ്ങനെ വരുമ്പോള്‍ ചിലവ് കുറഞ്ഞ പുതിയ കയറ്റുമതി വിപണികള്‍ തേടാന്‍ യുകെ നിര്‍ബന്ധിതമാകും. പശ്ചിമേഷ്യയിലെ നിരവധി സമ്പദ് വ്യവസ്ഥകളുമായി നിലവില്‍ യുകെയ്ക്കുള്ള ബന്ധം കണക്കിലെടുക്കുകയാണെങ്കില്‍ മറ്റിടങ്ങളിലേക്ക് ഉള്ളതിനേക്കാള്‍ ഇവിടുത്തേക്കുള്ള കയറ്റുമതി വളരെ വേഗം വര്‍ധിക്കും.

നോ ഡീല്‍ എന്ന ‘ദുരന്തം’

നോ ഡീല്‍ ബ്രക്‌സിറ്റ് നടപ്പാകുകയാണെങ്കില്‍ പശ്ചിമേഷ്യയിലേക്കും മറ്റ് മേഖലകളിലേക്കും തന്റെ കമ്പനിയുടെ പ്രവര്‍ത്തനം കേന്ദ്രീകരിക്കുമെന്ന് യൂറോ ക്വാളിറ്റി ലാമ്പ്‌സിലെ മാനേജിംഗ് ഡയറക്റ്ററായ റിസ്‌വാന്‍ ഖാലിദ് പറയുന്നു. ആഴ്ചയില്‍ 13,000 ആടുകളുടെ ശരീരഭാഗങ്ങള്‍ സംസ്‌കരിച്ച് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന ഖാലിദിന്റെ കമ്പനിയിലെ 80 ശതമാനം കയറ്റുമതിയും യൂറോപ്യന്‍ യൂണിയനിലേക്കാണ്. അതിനാല്‍ നോ ഡീല്‍ ബ്രക്‌സിറ്റ് എന്നത് തന്നെ സംബന്ധിച്ച് ദുരന്തമാണെന്ന് ഖാലിദ് പറയുന്നു. അങ്ങനെ വരുമ്പോള്‍ പശ്ചിമേഷ്യ, ചൈന, കാനഡ പോലെ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള പങ്കാളികളുമായുള്ള ബന്ധത്തിന് ഊന്നല്‍ നല്‍കേണ്ടതായി വരും. ഇതുവരെ ഒരു സൂചനയും ഇല്ലാത്ത ബ്രക്‌സിറ്റിന്റെ ഗതിക്കനുസരിച്ച് മാത്രമേ തങ്ങളുടെ കയറ്റുമതി നയം സ്വീകരിക്കാന്‍ കഴിയൂ. പശ്ചിമേഷ്യയുമായി മുമ്പും ബിസിനസ് നടത്തിയിട്ടുണ്ടെങ്കിലും പ്രധാന ഉപഭോക്താക്കള്‍ യൂറോപ്പിലാണ്. ഉന്നത നിലവാരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ആവശ്യപ്പെടുന്ന യുഎഇയിലെയും സൗദി അറേബ്യയിലെയും റീറ്റെയ്‌ലര്‍മാരില്‍ നിന്നും ഭക്ഷ്യ സേവന മേഖകളില്‍ നിന്നും തങ്ങളുടെ ഉല്‍പ്പന്നത്തിനായി അന്വേഷണങ്ങള്‍ വരുന്നുണ്ടെന്നും ഖാലിദ് പറയുന്നു. യൂറോപ്പിന് പുറത്ത് ന്യൂസിലാന്‍ഡില്‍ നിന്നുള്ള ആട്ടിറച്ചിയ്ക്കാണ് കൂടുതല്‍ ആവശ്യം. താരതമ്യേന അതിന് വില കുറവാണ് എന്നതാണ് കാരണം. പക്ഷേ തങ്ങളുടേത് വളരെ ഗുണനിലവാരമുള്ള ബ്രിട്ടീഷ് ആട്ടിറച്ചിയാണ്. അതിനാല്‍ തന്നെ വിലയും അല്‍പം അധികമാണെന്ന് ഖാലിദ് വ്യക്തമാക്കുന്നു.

ഗള്‍ഫ് മേഖലയില്‍ ചിറക് വിരിക്കാന്‍ യുകെ കമ്പനികള്‍ തയ്യാറെടുക്കുമ്പോള്‍ പുതിയ ബിസിനസ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ അവര്‍ തയ്യാറാകണമെന്ന് കാബുവിലെ ഡോയല്‍ പറയുന്നു. ബ്രക്‌സിറ്റ് പൂര്‍വ്വ സംവാദങ്ങള്‍ പറയുന്നത് യൂറോപ്യന്‍ യൂണിയന്‍ വിടുന്നത് ബ്രിട്ടീഷ് ബിസിനസുകള്‍ക്ക് കൂടുതല്‍ സ്വാതന്ത്രവും വഴക്കവും നല്‍കുമെങ്കിലും മുമ്പൊന്നും കാണാത്ത തരത്തില്‍ സാഹസികവും വെല്ലുവിളി നിറഞ്ഞതുമായിരിക്കുമെന്നാണ്. പക്ഷേ പശ്ചിമേഷ്യയിലേക്ക് കുടിയേറാന്‍ ബ്രിട്ടീഷ് ബിസിനസുകള്‍ക്ക് സാധിക്കുമോ എന്നതിലും സംശയങ്ങളുണ്ട്. യൂറോപ്പില്‍ നിന്നും വളരെ വിഭിന്നമായ പശ്ചിമേഷ്യന്‍ സംസ്‌കാരവും, സംഘര്‍ഷങ്ങളും പോരാട്ടങ്ങളും പതിവായ ഒരു മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിലെ വെല്ലിവിളിയുമാണ് ഈ സംശയത്തിന് പിന്നില്‍.

Comments

comments

Categories: Arabia
Tags: Gulf market