സുരക്ഷ വര്‍ധിപ്പിച്ച ബൊലേറോ വൈകാതെ എത്തും; ബിഎസ് 6 എന്‍ജിന്‍ നല്‍കും

സുരക്ഷ വര്‍ധിപ്പിച്ച ബൊലേറോ വൈകാതെ എത്തും; ബിഎസ് 6 എന്‍ജിന്‍ നല്‍കും

ഈ വര്‍ഷം ജൂലൈ മുതല്‍ ഇന്ത്യയിലെ എല്ലാ കാറുകളിലും നിശ്ചിത സുരക്ഷാ മാനദണ്ഡങ്ങള്‍ നിര്‍ബന്ധമാണ്

ന്യൂഡെല്‍ഹി : മഹീന്ദ്രയുടെ ബെസ്റ്റ് സെല്ലിംഗ് എസ്‌യുവിയായ ബൊലേറോയുടെ സുരക്ഷ വര്‍ധിപ്പിക്കുന്നു. രാജ്യത്ത് പ്രാബല്യത്തിലാകാന്‍ പോകുന്ന സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് എബിഎസ്, ഡ്രൈവര്‍സൈഡ് എയര്‍ബാഗ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ തുടങ്ങിയവയാണ് നല്‍കുന്നത്. വര്‍ഷങ്ങളായി ഏറ്റവുമധികം വിറ്റുപോകുന്ന മഹീന്ദ്ര എസ്‌യുവിയാണ് ബൊലേറോ. ഇന്ത്യന്‍ വിപണിയില്‍ ഏറെ ജനപ്രിയനുമാണ്.

സ്റ്റിയറിംഗില്‍ ഡ്രൈവര്‍സൈഡ് എയര്‍ബാഗ് നല്‍കുന്നതിനാല്‍ നിലവിലെ സ്റ്റിയറിംഗ് വീല്‍ മാറ്റി പകരം ടിയുവി 300 ഉപയോഗിക്കുന്നത് നല്‍കും. ഈ വര്‍ഷം ജൂലൈ മുതല്‍ ഇന്ത്യയിലെ എല്ലാ കാറുകളിലും ഡ്രൈവര്‍സൈഡ് എയര്‍ബാഗ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നീ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാണ്. പുതിയ ബൊലേറോയില്‍ ഈ ഫീച്ചറുകളെല്ലാം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറും നല്‍കിയേക്കും.

ഈ വര്‍ഷം ഒക്‌റ്റോബര്‍ മുതല്‍ പുതിയ കൂട്ടിയിടി പരിശോധനാ മാനദണ്ഡങ്ങളും രാജ്യത്ത് പ്രാബല്യത്തിലാവുകയാണ്. ഫ്രണ്ടല്‍ ഓഫ്‌സെറ്റ്, സൈഡ് ക്രാഷ് ടെസ്റ്റ് നിബന്ധനകള്‍ പാലിക്കുന്നതിന് ബൊലേറോയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. ബിഎസ് 6 പാലിക്കുന്ന എന്‍ജിനും ബൊലേറോയില്‍ നല്‍കും. അങ്ങനെയെങ്കില്‍ 2020 ഏപ്രില്‍ ഒന്നിനുശേഷവും മഹീന്ദ്ര ബൊലേറോ ഇന്ത്യയില്‍ വില്‍ക്കാം.

എസ്‌യുവിയുടെ അകത്തും പുറത്തും മറ്റ് വലിയ മാറ്റങ്ങള്‍ ഉണ്ടായിരിക്കില്ല. തുടര്‍ന്നും ഡുവല്‍ ടോണ്‍ തീമിലായിരിക്കും ഇന്റീരിയര്‍. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫോ വുഡ് ഫിനിഷ്, സിംഗിള്‍ ഡിന്‍ ഓഡിയോ സിസ്റ്റം എന്നിവ ഉണ്ടായിരിക്കും. മഹീന്ദ്രയുടെ എംഹോക് ഡി70 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ തുടര്‍ന്നും കരുത്തേകും. ഈ മോട്ടോര്‍ 70 എച്ച്പി കരുത്തും 195 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

Comments

comments

Categories: Arabia
Tags: Bolero