ഇതാ ഉയരുന്നു, ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമ!

ഇതാ ഉയരുന്നു, ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമ!

ദേവദത്തനെന്ന യുവശില്‍പ്പിയുടെ കാല്‍പ്പനിക മധുരമായ സര്‍ഗ വൈഭവത്തിന്റെയും ഭാവനയുടെയും അത്ഭുത സാക്ഷ്യമെന്നപോലെ കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ഗംഗാധരേശ്വരപ്രതിമയുടെ നിര്‍മാണം ആഴിമലയില്‍ തുടങ്ങിയിട്ട് നാലര വര്‍ഷമായി

ദിവാകരന്‍ ചോമ്പാല

ദിവാകരന്‍ ചോമ്പാല

ഒരു പ്രദേശത്തോ ജനസമൂഹത്തിലോ കാതോട് കാത് കൈമാറിയും ശ്രവിച്ചും ഗ്രഹിച്ചും പരസ്പരം പങ്കുവെച്ചും പറഞ്ഞറിഞ്ഞും കേട്ടറിഞ്ഞും പ്രചരിച്ചുവരുന്ന കഥകളെയാണ് നമ്മള്‍ ഐതിഹ്യം എന്ന് പറയുന്നത്. തലമുറകളില്‍നിന്ന് തലമുറകളിലേക്ക് കൈമാറിവരുന്നതും ഏതെങ്കിലുമൊരു പ്രത്യേക കാലഘട്ടത്തില്‍ നടന്നതാണെന്ന് വിശ്വാസമുള്ളതും ചരിത്രവുമായി ഇഴചേര്‍ത്ത് നെയ്‌തെടുത്തതുമാണ് ഐതിഹ്യങ്ങളില്‍ പലതും എന്ന് വിശ്വസിക്കുന്നവരുടെ അംഗസംഖ്യയും ചെറുതല്ല.

അതിശയയോക്തികളുടെയും അര്‍ദ്ധസത്യങ്ങളുടെയും അകമ്പടി, അല്ലെങ്കില്‍ ഏറ്റക്കുറച്ചിലുകള്‍ ഇത്തരം കഥകളില്‍ വേണ്ടത്ര ഉണ്ടെന്നുവരികിലും ചരിത്രസത്യത്തിലേക്കുള്ള ദിശാഫലകങ്ങളായി പരിണമിക്കാറുണ്ട് പല ഐതിഹ്യങ്ങളും.

തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞം കടലോരത്ത് ചരിത്രസ്മൃതികളുറങ്ങുന്ന പുളിങ്കുടി ആഴിമല ശിവക്ഷേത്രസന്നിധിക്കുമുണ്ട് ഐതിഹ്യത്തിന്റെ നിറച്ചാര്‍ത്തുള്ള വിശ്വാസത്തിന്‍ന്റെ ചില നേര്‍ക്കാഴ്ചകള്‍! ശില്‍പ്പകലയില്‍ ബിരുദധാരിയും തദ്ദേശവാസിയുമായ ദേവദത്തനെന്ന യുവശില്‍പ്പിയുടെ കാല്‍പ്പനിക മധുരമായ സര്‍ഗ വൈഭവത്തിന്റെയും ഭാവനയുടെയും അത്ഭുത സാക്ഷ്യമെന്നപോലെ കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ഗംഗാധരേശ്വരപ്രതിമയുടെ നിര്‍മാണം തുടങ്ങിയിട്ട് നാലര വര്‍ഷമായി.

ശിവക്ഷേത്രസന്നിധിയില്‍നിന്നും കടലിലേക്ക് തള്ളിനില്‍ക്കുന്ന കൂറ്റന്‍ പാറക്കെട്ടുകളിലാണ് 58 അടി ഉയരമുള്ള ശിവപ്രതിമയുടെ നിര്‍മാണം. അഞ്ചുകോടി രൂപ നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്ന ഈ പടുകൂറ്റന്‍ പ്രതിമയുടെ അടിഭാഗത്താണ് ധ്യാനമണ്ഡപത്തിന്റെ നിര്‍മിതി. 3500 ചതുരശ്ര അടി വിസ്തൃതിയില്‍ അതിവിശാലവും വശ്യമനോഹാരവുമായ വാസ്തുശില്‍പ്പ ഭംഗികളുടെ ധാരാളിത്തത്തോടെ ശില്‍പാലംകൃതവും ഗുഹാന്തരീക്ഷവുമുള്ള കമനീയ ധ്യാനമണ്ഡപം ക്ഷേത്രം ദേവസ്വം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഈ സാഗരതീരത്ത് നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. വാസ്തുകലകള്‍ നിറഞ്ഞ തട്ടിന്‍പുറങ്ങള്‍, ചെറുതും വലുതുമായ ശില്‍പ്പങ്ങള്‍ പൊതിഞ്ഞ ചിത്രത്തൂണുകള്‍, ശിവന്റെ ഒമ്പത് നാട്യഭാവങ്ങള്‍ തുടങ്ങിയ പലതും കൊത്തിവെക്കുന്ന തിരക്കിലാണ് പ്രധാന ശില്‍പ്പിദേവദത്തനും കൂട്ടാളികളും. ഇതിനെല്ലാം പുറമെ അര്‍ദ്ധനാരീശ്വര രൂപവും പരമശിവന്റെ ശയനരൂപവും കൊത്തിവെച്ച ചുമരുകള്‍ക്കുപുറമെ ആഴിമല ശ്രീമഹാദേവക്ഷേത്രത്തിന്റെ ചരിത്ര ലിഖിതങ്ങള്‍ ആലേഖനം ചെയ്ത ചുമരുകള്‍ വേറെയും.

ശിവപ്രതിമയുടെ അനാച്ഛാദനത്തോടൊപ്പം ധ്യാനമണ്ഡപവും 2020ല്‍ ഭക്തജനങ്ങള്‍ക്ക് സമര്‍പ്പിക്കാനുള്ള ശുഭ മുഹൂര്‍ത്തത്തിനായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍

പഞ്ചപാണ്ഡവന്മാരും പാണ്ഡവതീര്‍ത്ഥവും!

ലോകത്തിലെത്തന്നെ ഏറ്റവും വലിയ ഇതിഹാസങ്ങളിലൊന്നാണ് മഹാഭാരതം. കാലാകാലമായി വിസ്മയം ജനിപ്പിക്കുന്ന ഒന്നാണ് മഹാഭാരതമെന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ല.
യുധിഷ്ഠരന്‍, ഭീമന്‍, അര്‍ജുനന്‍, നകുലന്‍, സഹദേവന്‍ ഇവര്‍ അഞ്ചുപേരും പാണ്ഡു മഹാരാജാവിന് കുന്തിയിലും മാദ്രിയിലും പിറന്നവര്‍. പഞ്ചപാണ്ഡവന്മാര്‍ എന്ന പേരില്‍ മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളും ഇവരൊക്കെത്തന്നെ.
പൗരാണിക കാലഘട്ടത്തില്‍ ജീവിച്ച ആദിമ ഭാരതീയന്റെ ആത്മജ്ഞാനത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വികസിച്ച പഞ്ചാക്ഷരങ്ങളിലുമുണ്ട് പഞ്ചപാണ്ഡവന്മാര്‍ക്ക് പ്രാധാന്യം. പഞ്ചപാണ്ഡവന്മാര്‍, പഞ്ചഭൂതം, പഞ്ചാക്ഷരീമന്ത്രം, പഞ്ചാമൃതം, പഞ്ചമുഖ രുദ്രാക്ഷം അങ്ങിനെ നീളുന്നു അഞ്ചിന്റെ കളികള്‍.

അനന്തപുരിയിലെ പുണ്യപുരാതനക്ഷേത്രമായ പുളിങ്കുടി ആഴിമല ക്ഷേത്രത്തോട് ചേര്‍ന്ന കടലോരത്തെ പാറക്കെട്ടുകള്‍ക്കിടയിലുള്ള ‘കിണ്ണിക്കുഴി’ എന്ന പാണ്ഡവതീര്‍ത്ഥത്തിനുമുണ്ട് ഐതിഹ്യത്തിന്റെ പിന്‍ബലമുള്ള വിശ്വാസത്തില്‍ പൊതിഞ്ഞ ചില കേട്ടറിവുകള്‍. കേരളത്തിലെ ഏറ്റവും ഉയരംകൂടിയ ഗംഗാധരേശ്വരപ്രതിമയുടെ നിര്‍മാണം പുരോഗമിക്കുന്ന ഈ പുണ്യഭൂമിയിലൂടെ ഒരു ഓട്ടപ്രദക്ഷിണം!

സാഗരതീരത്തെ ദൃശ്യവിസ്മയമയക്കുന്ന ഈ പടുകൂറ്റന്‍ ശിവപ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ കൃതജ്ഞതയോടെ, ആദരവോടെ ശിരസ്സ് നമിക്കേണ്ടത് ശ്രീനാരായണ ഗുരുദേവന്റെ സ്മൃതിമണ്ഡപത്തിനു മുന്നില്‍. സാമൂഹികപരിഷ്‌കര്‍ത്താവും നവോത്ഥാനനായകനുമായിരുന്ന ശ്രീനാരായണഗുരുദേവന്‍ എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പ് കടലും മലയും പുണര്‍ന്നുനില്‍ക്കുന്ന നയനമനോഹരമായ പുളിങ്കുടിയിലെ സാഗരതീരത്തെത്തിയപ്പോഴാണ് ആത്മീയതേജസ്സ് വഴിഞ്ഞൊഴുകുന്ന ഈ സ്ഥലത്തിന് ‘ആഴിമല ‘ യെന്ന് നാമകരണം ചെയ്തത്.

ഇവിടുത്തെ ഈശ്വരചൈതന്യം നേരിട്ടറിഞ്ഞ ഗുരുദേവന്‍ പരിസരവാസികളായ വിശ്വാസികള്‍ക്ക് ജീവല്‍ സമാധിയെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുകയും ഈ പുണ്യഭൂമിയില്‍ ഒരു ശിവക്ഷേത്രം നിര്‍മിക്കേണ്ട ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുകയുമുണ്ടായെന്ന് അവിടുത്തെ പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി.

ക്ഷേത്രനിര്‍മിതിക്കായി ഗുരുദേവന്‍ ചൂണ്ടിക്കാണിച്ച സ്ഥലത്താണ് ഇന്ന് കാണുന്ന ആഴിമല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആഴിയും മലയും അഥവാ കുന്നും കടലും ഒരുമിച്ചുചേര്‍ന്ന സ്ഥലമായതുകൊണ്ടുതന്നെയാവാം ഇവിടം ‘ആഴിമല’ എന്ന പേരിലറിയപ്പെടാന്‍ തുടങ്ങിയത്.

ദേവദത്തനും മേല്‍ശാന്തിയും

പ്രാചീന കാലഘട്ടത്തില്‍ വനവാസകാലത്ത് പഞ്ചപാണ്ഡവന്മാര്‍ ഇവിടെയെത്തിച്ചേര്‍ന്നെന്നും ഇവിടുത്തെ ദൈവിക ചൈതന്യവും ജീവല്‍സമാധിയും തിരിച്ചറിഞ്ഞതോടെ ഇവിടെ പൂജ നടത്തി എന്നുമാണ് ഐതിഹ്യം. കടല്‍ത്തീരമായതിനാല്‍ പൂജക്ക് ആവശ്യമായ ശുദ്ധജലം ലഭിക്കാതെവന്നപ്പോള്‍ ദേവസ്ഥാനത്തിന് കിഴക്കുമാറി കടലോരത്ത് സ്ഥിതി ചെയ്യുന്ന വലിയ ഇരട്ടപാറകളിലൊന്നില്‍ കരുത്തനായ ഭീമസേനന്‍ കൈമുട്ടുയര്‍ത്തി ആഞ്ഞിടിക്കുകയും ഇടിയുടെ ആഘാതത്തില്‍ പറയിലുണ്ടായ നേരിയ വിള്ളലിലൂടെ ശുദ്ധമായ തെളിനീരുറവ പ്രത്യക്ഷപ്പെട്ടുവെന്നും ആ പുണ്യജലമെടുത്താണ് പഞ്ചപാണ്ഡവന്മാര്‍ പൂജാകര്‍മങ്ങള്‍ നടത്തിയതെന്നും കാലഘട്ടത്തിന്റെ കൈമാറ്റത്തിനിടയില്‍ ഇപ്പോഴും കൈമോശം വരാത്ത ദൃഢമായ വിശ്വാസം. ഇവിടെയെത്തിയപ്പോള്‍ പാഞ്ചാലിക്കു കലശലായ ദാഹം തോന്നിയെന്നും ദാഹാര്‍ത്തയായ പാഞ്ചാലിക്ക് കുടിനീരിനായാണ് ഭീമന്‍ പാറയിലിടിച്ചതെന്നും മറ്റുചിലര്‍ വിശ്വാസം പങ്കുവെക്കുന്നു.

തിരുവനന്തപുരത്തുനിന്നും 20 കിലോമീറ്റര്‍ യാത്രചെയ്താല്‍ ആഴിമല ബസ് സ്റ്റോപ്പിലെത്താം. അവിടെനിന്നും നൂറുമീറ്റര്‍ മാത്രം ദൂരമാണ് ആഴിമല ശിവക്ഷേത്രത്തിലേക്ക്. തീരത്തടുക്കാന്‍ മത്സരിക്കുന്ന തിരമാലകളുടെ സീല്‍ക്കാരവും അമ്പലമണിയുടെ മംഗളധ്വനിയും എല്ലാം ചേര്‍ന്ന വേറിട്ട അന്തരീക്ഷം. നിറപ്പകിട്ടാര്‍ന്ന പ്രവേശനഗോപുരവും മതില്‍ക്കെട്ടുകളും. പ്രധാന ശ്രീകോവിലില്‍ പരമശിവനും ഇടത് ഭാഗത്തായി പാര്‍വതി ദേവിയും വലതുവശത്ത് വിഗ്‌നേശ്വരനും.

ചരിത്രപരവും ഐതിഹ്യപരവുമായ വിശ്വാസങ്ങള്‍ക്ക് പുറമെ ഭൂപ്രകൃതിയുടെ പ്രത്യേകതകളും കൂടിച്ചേരുമ്പോള്‍ വിഴിഞ്ഞം കടലോരവും ആഴിമലക്ഷേത്രവും കേരളത്തിലെ മികച്ച തീര്‍ത്ഥാടനകേന്ദ്രം എന്ന പ്രസക്തിക്കുമപ്പുറം സഞ്ചാരികളുടെ പറുദീസ ആയി മാറുമെന്നത് നിസ്തര്‍ക്കമാണ്.

Categories: FK Special