2020 കാവസാക്കി നിഞ്ച ഇസഡ്എക്‌സ്-10ആര്‍ മോട്ടോര്‍സൈക്കിളിന്റെ വില പ്രഖ്യാപിച്ചു

2020 കാവസാക്കി നിഞ്ച ഇസഡ്എക്‌സ്-10ആര്‍ മോട്ടോര്‍സൈക്കിളിന്റെ വില പ്രഖ്യാപിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 13.99 ലക്ഷം രൂപ

ന്യൂഡെല്‍ഹി : 2020 മോഡല്‍ കാവസാക്കി നിഞ്ച ഇസഡ്എക്‌സ്-10ആര്‍ മോട്ടോര്‍സൈക്കിളിന്റെ വില പ്രഖ്യാപിച്ചു. തദ്ദേശീയമായി അസംബിള്‍ ചെയ്ത മോട്ടോര്‍സൈക്കിളിന് 13.99 ലക്ഷം രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. മുന്‍ഗാമിയേക്കാള്‍ 1.2 ലക്ഷം രൂപ കൂടുതലാണ്. അതേസമയം ഇന്ത്യയില്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന ലിറ്റര്‍ ക്ലാസ് സൂപ്പര്‍സ്‌പോര്‍ട് മോട്ടോര്‍സൈക്കിളാണ് ഇപ്പോഴും കാവസാക്കി നിഞ്ച ഇസഡ്എക്‌സ്-10ആര്‍. എതിരാളികളായ ഹോണ്ട സിബിആര്‍1000ആര്‍ആര്‍ മോട്ടോര്‍സൈക്കിളിന് 16.41 ലക്ഷം രൂപയും ബിഎംഡബ്ല്യു എസ്1000ആര്‍ആര്‍ മോഡലിന് 18.05 ലക്ഷം രൂപ മുതലുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. പരിഷ്‌കരിച്ച എന്‍ജിന്‍, കൂടുതല്‍ സാങ്കേതികവിദ്യകള്‍ എന്നിവ പുതിയ ഇസഡ്എക്‌സ്-10ആര്‍ മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്.

മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ഒന്നര ലക്ഷം രൂപയാണ് ബുക്കിംഗ് തുക. മുന്‍ഗാമിയെപ്പോലെ, പരിമിത എണ്ണം പുതിയ ഇസഡ്എക്‌സ്-10ആര്‍ മാത്രമായിരിക്കും വിപണിയിലെത്തിക്കുന്നതെന്ന് ജാപ്പനീസ് കമ്പനി അറിയിച്ചു. ഉദ്ദേശിക്കുന്ന നമ്പര്‍ എത്രയാണോ, അത്രയുമായാല്‍ ബുക്കിംഗ് നിര്‍ത്തിവെയ്ക്കും. എത്രയെണ്ണം മോട്ടോര്‍സൈക്കിളുകള്‍ ലഭ്യമാക്കും എന്നതു സംബന്ധിച്ച് നിലവില്‍ വിവരമില്ല. അതേസമയം ഡീലര്‍മാര്‍ ഇപ്പോഴും ബുക്കിംഗ് സ്വീകരിക്കുന്നുണ്ട്. ജൂണ്‍ പകുതിയോടെ ഡെലിവറി ചെയ്തുതുടങ്ങും.

പരിഷ്‌കരിച്ച എന്‍ജിനാണ് 2020 കാവസാക്കി നിഞ്ച ഇസഡ്എക്‌സ്-10ആര്‍ മോട്ടോര്‍സൈക്കിളിലെ ഏറ്റവും പ്രധാനപ്പെട്ട മാറ്റം. 200 ബിഎച്ച്പിയാണ് ഇപ്പോള്‍ എന്‍ജിന്‍ പുറപ്പെടുവിക്കുന്ന കരുത്ത്. നേരത്തെയിത് 197 ബിഎച്ച്പി ആയിരുന്നു. റാം എയര്‍ സഹിതം നേരത്തെ 207 ബിഎച്ച്പിയും ഇപ്പോള്‍ 210 ബിഎച്ച്പിയും. 1.0 ലിറ്റര്‍, 4 സ്‌ട്രോക്ക്, 4 സിലിണ്ടര്‍, ഡിഒഎച്ച്‌സി, 4 വാല്‍വ്, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് മോട്ടോര്‍സൈക്കിള്‍ ഉപയോഗിക്കുന്നത്. ടാപ്പറ്റ് സ്റ്റൈലിന് പകരം ഫിംഗര്‍ ഫോളോവര്‍ വാല്‍വ് ആക്‌ച്വേഷന്‍ ഉപയോഗിക്കുന്നു. അതുകൊണ്ടുതന്നെ വാല്‍വ് ട്രെയ്‌നിന്റെ ഭാരം 20 ശതമാനത്തോളം കുറഞ്ഞു. എന്‍ജിന്‍ റെവലൂഷന്‍ വേഗത്തിലാക്കുന്നതിനും ഉയര്‍ന്ന റെവലൂഷനുകള്‍ നിലനിര്‍ത്താനും ഇത് സഹായിക്കും. ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍ ഇപ്പോള്‍ സ്റ്റാന്‍ഡേഡായി നല്‍കിയിരിക്കുന്നു.

Comments

comments

Categories: Auto