പലതുള്ളി പെരുവെള്ളം; കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ജലസംഭരണത്തിലേക്ക്

പലതുള്ളി പെരുവെള്ളം; കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് ജലസംഭരണത്തിലേക്ക്

വെള്ളം, ഭൂമിയിലെ സകല ജീവജാലങ്ങളുടെയും നിലനില്‍പ്പിന് ആധാരമായ വസ്തു. വെള്ളം ഇല്ലാത്ത ഒരാവസ്ഥയെപ്പറ്റി നമുക്ക് ചിന്തിക്കാനാവില്ല. എന്നാല്‍ സര്‍വേകള്‍ വ്യക്തമാക്കുന്നത് ഇന്ത്യ കടുത്ത ജലക്ഷാമത്തിലേക്കാണ് നടന്നുകൊണ്ടിരിക്കുന്നതെന്നാണ്. മഴപെയ്ത് ഭൂമിയിലെത്തുന്ന ജലം വേണ്ടവിധത്തില്‍ സംഭരിക്കപ്പെടാത്തതാണ് ജലക്ഷാമത്തിനു പിന്നിലെ മൂലകാരണം. ഇത് മനസിലാക്കി, ഹരിയാനയിലെ ഗുരുഗ്രാം എന്ന പ്രദേശത്ത് മഴവെള്ള സംഭരണമെന്ന ആശയം പ്രവര്‍ത്തികമാക്കുന്നതിനായി രേതസ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സുഹൃത്തുക്കളായ അങ്കിത് മഗന്‍, ധീരജ് ചൗഹാന്‍, പ്രിയന്‍ക് ജെയിന്‍ എന്നിവര്‍. എംബിഎ ബിരുദധാരികളായ ഈ മൂവര്‍ സംഘം മികച്ച ശമ്പളം ലഭിക്കുന്ന കോര്‍പ്പറേറ്റ് ജോലി വേണ്ടെന്നു വച്ചുകൊണ്ടാണ് രേതസ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്. ചെറിയ ചിന്തകളില്‍ നിന്നും വലിയ ആശയങ്ങള്‍ പിറക്കുന്നു എന്ന പോലെ, ജലസംഭരണം എന്ന ആശയം കോര്‍പ്പറേറ്റ് തലത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങിത്തിരിച്ച രേതസ്സിന് ഗുരുഗ്രാമില്‍ മികച്ച സ്വീകരണം ലഭിച്ചു. പ്ലാസ്റ്റിക്ക് റീസൈക്ലിംഗിലൂടെ ജലസംഭരണം എന്ന ഇവരുടെ ആശയം ഐബിഎം, സീമെന്‍സ്, ടാറ്റ തുടങ്ങിയ ടെക്നോളജി ഭീമന്മാര്‍ തങ്ങളുടെ കാമ്പസില്‍ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ്

കുടിക്കാന്‍ ഒരു തുള്ളി വെള്ളം ലഭിക്കാതെ ഒരു ദിവസം തള്ളി നീക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഒന്ന് ചിന്തിക്കണം. വര്‍ധിച്ചുവരുന്ന ജനസംഖ്യക്ക് ആനുപാതികമായി ഭൂഗര്‍ഭ ജലത്തിന്റെ അളവ് നിലനിര്‍ത്താന്‍ ഇന്ത്യക്ക് കഴിയുന്നില്ല. ഫലമോ, പല ഇന്ത്യന്‍ നഗരങ്ങളും ഇതിന്റെ പേരില്‍ കടുത്ത ജലക്ഷാമം നേരിടുന്നു. 2018 ലെ നീതി ആയോഗ് റിപ്പോര്‍ട്ട് അനുസരിച്ച് ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യയുടെ സ്ഥാനം. 60 കോടി ജനങ്ങളാണ് ഇന്ത്യയില്‍ രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്നത്. മാത്രമല്ല, 2 ലക്ഷത്തോളം ആളുകള്‍ പ്രതിവര്‍ഷം കുടിവെള്ള ക്ഷാമത്തെത്തുടര്‍ന്ന് മരിക്കുന്നു. വേളം ലഭിക്കാത്തതും ശുചിത്വമുള്ള വെള്ളം ലഭിക്കാത്തത്തും ജലക്ഷാമത്തിന്റെ പട്ടികയില്‍ത്തന്നെ ഉള്‍പ്പെടുന്നു. ചരിത്രത്തിലെ രൂക്ഷമായ ജലക്ഷാമമാണ് ഇന്ത്യ നേരിടുന്നതെന്നാണ് നീതി ആയോഗ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2 വര്‍ഷം കൂടി കഴിഞ്ഞാല്‍ ഭൂഗര്‍ഭ ജലത്തില്‍ വലിയ കുറവുണ്ടാകുമെന്നും 21 പ്രധാന നഗരങ്ങളിലായി 10 കോടി ജനങ്ങളെ കൂടി ബാധിക്കുമെന്നും സര്‍വേകള്‍ പറയുന്നു.

2030 ആകുമ്പോഴേക്കും ആവശ്യമായ ജലത്തിന്റെ തോത് രണ്ടിരട്ടിയാകും. ഇത് ജിഡിപിയുടെ 6 ശതമാനം കുറക്കുകായും ചെയ്യും. മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവയാണ് മുന്നിലുള്ള മറ്റ് സംസ്ഥാനങ്ങള്‍. ഉത്തര്‍ പ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ഹരിയാന, തുടങ്ങിയ സംസ്ഥാനങ്ങളാണ് ജലക്ഷാമത്തിന്റെ കാര്യത്തില്‍ രാജ്യത്ത് മുന്നിട്ടു നില്‍ക്കുന്നത്. രാജ്യത്തെ 70 ശതമാനം വെള്ളവും മലിനമായതായുള്ള സ്വതന്ത്ര ഏജന്‍സികളുടെ കണ്ടെത്തല്‍ കൂടി ഈ അവസ്ഥയോടു ചേര്‍ത്തു വായിക്കണം. ജല ഗുണനിലവാര സൂചിക പ്രകാരം 122 രാജ്യങ്ങളുടെ പട്ടികയില്‍ 120ാം സ്ഥാനത്താണ് ഇന്ത്യ.

ഇനി ആഗോളതലത്തില്‍ ജലക്ഷാമത്തെപ്പറ്റി ചിന്തിക്കുകയാണെങ്കില്‍, നിലവില്‍ ലോകത്ത് 120 കോടിയിലധികം ജനങ്ങള്‍ കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുന്നു. മാത്രമല്ല, 2050ഓടുകൂടി ലോക ജനതയില്‍ പകുതിയ്ക്കും കുടിവെള്ളം ലഭ്യമല്ലാത്ത അവസ്ഥയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇക്കാര്യത്തെക്കുറിച്ചു പരിസ്ഥിതി ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. വെള്ളത്തിന്റെ ഉറവുകള്‍ മണ്ണില്‍നിന്ന് അപ്രക്ഷമായിക്കൊണ്ടിരിക്കുന്നു എന്നതാണ് ജലക്ഷാമത്തിന് പിന്നിലെ പ്രധാനകാരണം. ഇതിന് പിന്നില്‍ പല കാരണങ്ങളും ഉണ്ട്. അന്തരീക്ഷ മലിനീകരണവും ആഗോളതാപനവും പരിസ്ഥിതി നശീകരണവുമെല്ലാം മേല്‍പ്പറഞ്ഞ കാരണങ്ങളുടെ കൂട്ടത്തില്‍ പെടുന്നു.നമ്മുടെ കുടിവെള്ള സ്രോതസ്സുകളെല്ലാം ദിനം പ്രതി മലിനമായിക്കൊണ്ടിരിക്കുകയാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെന്നിരിക്കെ ജലക്ഷാമം തടയുന്നതിനായി പ്രധാന ഉപഭോക്താവ് എന്ന നിലയില്‍ നമ്മള്‍ മനുഷ്യര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യം ഏറെ പ്രസക്തമാണ്. ഭൂമിയില്‍ ജലക്ഷാമം തടയുന്നതിനുള്ള ഏറ്റവും മികച്ച മാര്‍ഗം മഴപെയ്തുണ്ടാകുന്ന ജലത്തെ നഷ്ടപ്പെടാതെ സംരക്ഷിക്കുക എന്നതാണ്. എന്നാല്‍ പലപ്പോഴും ഭൂമിയില്‍ പടുത്തുയര്‍ത്തിയിട്ടുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങളുടെയും ടൈല്‍ വിരിച്ച നടപ്പാതകളുടെയും സാന്നിധ്യം അതിന് തടസ്സം സൃഷ്ടിക്കുന്നു. മഴപെയ്തുണ്ടാകുന്ന വെള്ളം മണ്ണിലൂടെ അരിച്ചിറങ്ങി ഭൂഗര്‍ഭ ജലസ്രോതസ്സിന്റെ ഭാഗമാകുകയാണ് വേണ്ടത്. എന്നാല്‍ അതിനുള്ള അവസരം ഇവിടെ ലഭിക്കുന്നില്ല. ഈ അവസ്ഥ നേരില്‍ കണ്ടറിഞ്ഞതില്‍ നിന്നുമാണ് ഹരിയാനയിലെ ഗുരുഗ്രാം സ്വദേശികളായ മൂവര്‍ സംഘം മഴവെള്ളത്തെ ഭൂഗര്‍ഭ ജലമാക്കി സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നത്.

മഴ പെയ്താല്‍ കുളമാകുന്ന റോഡില്‍ നിന്നും ലഭിച്ച ആശയം

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം ഗുരുഗ്രാമിലെ ഒരു ചെറു നഗരത്തിലൂടെ കാറില്‍ സഞ്ചരിക്കുകയായിരുന്നു സുഹൃത്തുക്കളായ അങ്കിത് മഗന്‍, ധീരജ് ചൗഹാന്‍, പ്രിയന്‍ക് ജെയിന്‍ എന്നിവര്‍. ട്രാഫിക്കില്‍ ബ്ലോക്കില്‍ കുടുങ്ങി വാഹനം കിടക്കുമ്പോഴാണ് പെട്ടന്ന് തീര്‍ത്തും അവിചാരിതമായി മഴ പെയ്തത്. ഏകദേശം മുക്കാല്‍ മണിക്കൂര്‍ നേരം മൂവര്‍ക്കും വാഹനത്തില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാതെ ഇരിക്കേണ്ടതായി വന്നു. മിനിറ്റുകള്‍ക്കുള്ളില്‍ മഴ പെയ്ത വെള്ളം റോഡില്‍ തളംകെട്ടിക്കിടക്കാന്‍ തുടങ്ങി. വെള്ളം നിറഞ്ഞ നിരത്തിലൂടെ കാല്‍നടക്കാരും ഇരുചക്ര വാഹനക്കാരും വളരെ ക്ലേശകരമായാണ് സഞ്ചരിച്ചിരുന്നത്. തൊട്ടു മുന്‍പുള്ള ദിവസം വരെ കുടിവെള്ളത്തിനായി ഏറെ കഷ്ടപ്പെട്ടിരുന്ന നാട്ടിലാണ് മഴവെള്ളം ഇങ്ങനെ മലിനമായ ഓടകളിലും റോഡുകളിലും തങ്ങി നിന്ന് നഷ്ടപ്പെടുന്നത്. ഈ കാഴ്ചകണ്ട അങ്കിത് ആണ് എന്തുകൊണ്ട് മഴവെള്ളം സംഭരിക്കപ്പെടുന്നില്ല എന്ന ചോദ്യം ചോദിച്ചത്. ആ ചോദ്യം പതുക്കെ വലിയൊരു ചര്‍ച്ചയിലേക്ക് വഴിമാറി. കൃത്യമായ ഒരു സംവിധാനത്തിന്റെ അഭാവം മൂലമാണ് മഴവെള്ള സംഭരണത്തില്‍ ഗുരുഗ്രാം ഒരു പരാജയ മാതൃകയാകുന്നതെന്നു മൂവരും മനസിലാക്കി. തങ്ങളുടെ നാടിനു ചേരുന്ന രീതിയിലുള്ള ഒരു മഴവെള്ള സംരംഭരണ മാതൃക വികസിപ്പിച്ചെടുക്കാന്‍ തന്നെ മൂവരും തീരുമാനിച്ചു.

മഴവെള്ള സംഭരണത്തിന്റെ ചരിത്രം പഠിച്ചപ്പോള്‍ അങ്കിതിന് ഒരു കാര്യം മനസിലായി. ഇതൊരു പുതിയ കാര്യമല്ല.3000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇന്ത്യയില്‍ മഴവെള്ള സംഭരണം വളരെ കൃത്യതയോടെ നടത്തിയിരുന്നു. ഭൂഗര്‍ഭ ജലത്തിന്റെ അളവ് വര്‍ധിപ്പിക്കുന്നത് പോലെ തന്നെ പ്രധാനമാണ് പെട്ടന്നുള്ള ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ ജലം ടാങ്കുകളിലും മറ്റും സംരക്ഷിക്കുകയെന്നതും. ഇത് മനസിലാക്കിയ മൂവര്‍സംഘം ഗുരുഗ്രാമിന് ചേരുന്ന ഒരു ജലസംരക്ഷണരീതി വികസിപ്പിക്കുന്നതിനായി തീരുമാനിച്ചു. അത് വരെ സംരംഭകത്വം എന്ന ഒരാശയം മനസ്സില്‍ പോലും ഇല്ലാതിരുന്ന വ്യക്തികള്‍ക്ക്, സമൂഹത്തെ ബാധിക്കുന്ന വലിയൊരു പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം എന്ന ആഗ്രഹം വന്നപ്പോള്‍ സംരംഭകത്വം എന്ന ആശയം മനസിലുറച്ചു.

വിപണി പഠനത്തിന് ശേഷം തുടക്കം

ജലസംരംഭരണത്തിനായി നിലവില്‍ ഉപയോഗിച്ച് വരുന്ന മാര്‍ഗങ്ങളെപ്പറ്റി വിശദമായി പഠിക്കുക എന്നതായിരുന്നു ആദ്യം ചെയ്തത്. വാട്ടര്‍ റീചാര്‍ജിംഗ്, മഴ വെള്ളസംരംഭരണി തുടങ്ങിയ കാര്യങ്ങളായിരുന്നു പ്രധാനമായും പ്രാബല്യത്തില്‍ ഉണ്ടായിരുന്നത്. ഇതേ മാര്‍ഗം തന്നെ പിന്തുടരാതെ സമൂഹത്തിന്റെ അടിസ്ഥാനപരമായ നിലനില്‍പ്പിന് തടസം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിക്കൊണ്ട് മഴവെള്ള സംരക്ഷണം സാധ്യമാക്കുക എന്ന രീതിയായിരുന്നു മൂവരും ആഗ്രഹിച്ചത്. അങ്ങനെയാണ് പ്ലാസ്റ്റിക്ക് മൂലമുണ്ടാകുന്ന മലിനീകരണത്തെപ്പറ്റി പഠിക്കുന്നത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുകയും അത് പ്രോസസ്സ് ചെയ്ത് മഴവെള്ള സംഭരണിയുടെ നിര്‍മാണത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന രീതിയെപ്പറ്റിയായി പിന്നീടുള്ള ചിന്ത.

എന്നാല്‍ തങ്ങള്‍ ചെയ്യുന്ന കോര്‍പ്പറേറ്റ് ജോലികളില്‍ വ്യാപൃതരായിരുന്നുകൊണ്ട് ഇത്തരം കാര്യങ്ങളൊന്നും നടപ്പിലാക്കാന്‍ സാധിക്കില്ല എന്ന് മനസിലാക്കിയ മൂവരും ജോലി ഉപേക്ഷിക്കുവാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ ഈ തീരുമാനത്തിന് മുന്നില്‍ നിരവധി എതിര്‍പ്പുകളുയര്‍ന്നു. തങ്ങളുടെ വരുമാനം കൂടാതെ തന്നെ കുറച്ചു നാളുകള്‍ വീട്ടിലെ ചെലവുകള്‍ നടത്താന്‍ കഴിയുമോ എന്ന് മൂവരും മാതാപിതാക്കളോടും ഭാര്യമാരോടും ചോദിച്ചു. കുടുംബത്തില്‍ നിന്നും പൂര്‍ണമായ പിന്തുണ ലഭിച്ചതോടെ ജോലി ഉപേക്ഷിച്ചു ജലസംഭരണിയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഗവേഷണത്തിലേക്ക് തിരിഞ്ഞു. സംസ്‌കൃതത്തില്‍ നീരുറവ എന്നര്‍ത്ഥം വരുന്ന രേതസ് എന്നപേരാണ് മൂവര്‍ സംഘം തങ്ങളുടെ സ്ഥാപനത്തിന് നല്‍കിയത്.

പ്ലാസ്റ്റിക്കില്‍ നിന്നും ജിയോ ടൈല്‍

വെള്ളം ഒഴുകിപ്പോകുന്നത് തടയുന്നതിനായി വയ്ക്കുന്ന പ്രതിരോധ വസ്തുവാണ് ജിയോ ടൈല്‍. സാധാരണയായി ചകിരിച്ചോറില്‍ നിന്നുമാണ് ജിയോ ടൈല്‍ നിര്‍മാണം. എന്നാല്‍ ഇവിടെ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുകയും സംസ്‌കരിച്ച് അതില്‍ നിന്നും ജിയോ ടൈല്‍ ഉല്‍പ്പാദിപ്പിക്കുകയും ചെയ്തിരിക്കുന്നു.റൈന്‍മാക്‌സ്എന്നാണ് ഈ ഉല്‍പ്പന്നത്തിന് പേര് നല്‍കിയിരിക്കുന്നത്. ഗുരുഗ്രാമില്‍ ലഭ്യമായ പോളിപ്രൊപ്പല്ലയിന്‍ ഉപയോഗിച്ചാണ് ജിയോ ടൈല്‍ നിര്‍മാണം. ഭൂമിക്കടിയില്‍ വലിയ കുഴികള്‍ കുഴിച്ച് അതില്‍ ടൈലുകള്‍ നിരത്തിയശേഷമാണ് സംഭരണി നിര്‍മിക്കുന്നത്. മറ്റ് ജലസംഭരണികളില്‍ ഉള്ളപോലെതന്നെ കെട്ടിടങ്ങളുടെ മുകളില്‍ വരുന്ന വെള്ളമാണ് ഭൂഗര്‍ഭ ടാങ്കുകളില്‍ സീകരിക്കപ്പെടുന്നത്. ഭിത്തിയില്ലാത്ത ഈ ടാങ്കുകളില്‍ ശേഖരിക്കപ്പെടുന്ന ജലം ഭൂഗര്‍ഭ ജലസ്രോതസ്സിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. തീര്‍ത്തും വ്യത്യസ്തമായ ഒരാശയമാണ് രേതസ്സിലൂടെ അങ്കിത് മഗന്‍, ധീരജ് ചൗഹാന്‍, പ്രിയന്‍ക് ജെയിന്‍ എന്നിവര്‍ നടപ്പാക്കിയത്.

വീടുകള്‍ , കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങി ഏത് കെട്ടിടത്തിനും ഏറെ പ്രയോജനകരമായ ഒരു രീതിയാണിത്. അതിനാല്‍ തന്നെ നാട്ടിലെ ഓരോ കെട്ടിട ഉടമകളും രേതസ്സിന്റെ ഉപഭോക്താക്കളാണ്. എന്നാല്‍ സംരംഭകര്‍ എന്ന നിലക്ക് ചെറുകിട ഉപഭോക്താക്കള്‍ക്കായി പ്രവര്‍ത്തിക്കാതെ കോര്‍പ്പറേറ്റുകളെയാണ് അങ്കിത് മഗന്‍, ധീരജ് ചൗഹാന്‍, പ്രിയന്‍ക് ജെയിന്‍ എന്നിവര്‍ ലക്ഷ്യം വച്ചത്. തങ്ങള്‍ ജോലി ചെയ്തിരുന്ന സ്ഥാപനങ്ങളില്‍ എങ്ങനെയാണ് ജലസംഭരണം എന്ന് നോക്കി. അവിടെ ജലസംഭരണം ഇല്ല എന്ന് മനസിലാക്കിയപ്പോള്‍ അതിനുള്ള സാധ്യതകള്‍ ആരാഞ്ഞു. അങ്ങനെ പല സ്ഥാപനങ്ങളെയും നേരില്‍ക്കണ്ട് സംസാരിച്ചു. ഒടുവില്‍ മൂന്നുമാസത്തെ പ്രയത്‌നത്തിന് ശേഷം രേതസ്സിന് ആദ്യത്തെ ഉപഭോക്താവിനെ ലഭിച്ചു. പിന്നീടങ്ങോട്ടുള്ള യാത്ര വളരെ എളുപ്പമായിരുന്നു. മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്ഥാപനത്തിന് 57 മുന്‍നിര കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ ഉപഭോക്താക്കളായി കിട്ടി. ഇതില്‍ സീമെന്‍സ്, ടാറ്റ, ഐബിഎം തുടങ്ങിയ കോര്‍പ്പറേറ്റ് ഭീമന്മാരും ഉള്‍പ്പെടുന്നു. പ്രസ്തുത കോര്‍പ്പറേറ്റ് കാമ്പസുകളില്‍ പെയ്യുന്ന മഴവെള്ളം അവിടെത്തന്നെ സംരക്ഷിച്ചു വിനിയോഗിക്കുന്നു. ഇപ്പോള്‍ വ്യത്യസ്തമായ ആശയത്തെ മുന്‍നിര്‍ത്തി മികച്ച വരുമാനം നേടുന്ന സ്ഥാപനങ്ങളില്‍ ഒന്നായി രേതസ്സ് മാറിക്കഴിഞ്ഞു.

Categories: FK Special, Slider