ആദ്യ പാദത്തില്‍ തിരിച്ചടി നേരിട്ട് വാള്‍മാര്‍ട്ട്

ആദ്യ പാദത്തില്‍ തിരിച്ചടി നേരിട്ട് വാള്‍മാര്‍ട്ട്
  • ഫഌപ്കാര്‍ട്ടില്‍ നിന്നുള്ള നഷ്ടമാണ് ആദ്യ പാദത്തിലെ വരുമാന നഷ്ടത്തില്‍ മുഖ്യ പങ്കുവഹിക്കുന്നത്
  • അന്താരാഷ്ട്ര പ്രവര്‍ത്തന വരുമാനത്തില്‍ 38 ശതമാനം ഇടിവാണ് ആദ്യ പാദത്തില്‍ ഉണ്ടായത്

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഫെബ്രുവരി-ഏപ്രില്‍ പാദത്തില്‍ അന്താരാഷ്ട്ര ബിസിനസില്‍ നിന്നുള്ള മൊത്ത ലാഭവും പ്രവര്‍ത്തന വരുമാനവും ഇടിഞ്ഞതായി വാള്‍മാര്‍ട്ട് ഇന്‍ക്. ഫഌപ്കാര്‍ട്ടിന്റെ ഏറ്റെടുക്കല്‍ കമ്പനിയുടെ സാമ്പത്തിക പ്രകടനത്തെ ബാധിച്ചതാണ് ആഗോള തലത്തിലെ വരുമാന നഷ്ടത്തിനുള്ള കാരണമായി വാള്‍മാര്‍ട്ട് പറയുന്നത്. ഫഌപ്കാര്‍ട്ട് ഏറ്റെടുക്കല്‍ മുഴുവന്‍ സാമ്പത്തിക വര്‍ഷത്തെ വരുമാനത്തിലും ഇടിവുണ്ടാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ഫെബ്രുവരി-ജനുവരി വരെയാണ് വാള്‍മാര്‍ട്ട് സാമ്പത്തിക വര്‍ഷം കണക്കാക്കുന്നത്. കമ്പനിയുടെ അന്താരാഷ്ട്ര പ്രവര്‍ത്തന വരുമാനത്തില്‍ 38 ശതമാനം ഇടിവാണ് ആദ്യ പാദത്തില്‍ ഉണ്ടായത്. ഫഌപ്കാര്‍ട്ടില്‍ നിന്നുള്ള നഷ്ടമാണ് വരുമാന നഷ്ടത്തില്‍ മുഖ്യ പങ്കുവഹിക്കുന്നത്. ഇത് പ്രതീക്ഷിച്ചിരുന്നതാണെന്നും വാള്‍മാര്‍ട്ട് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ബ്രെറ്റ് ബിഗ്‌സ് പറഞ്ഞു.

വാള്‍മാര്‍ട്ടിന്റെ മൊത്തം വരുമാനം ഒരു ശതമാനം വര്‍ധിച്ച് 123.93 ബില്യണ്‍ ഡോളറിലെത്തിയിട്ടുണ്ടെങ്കിലും അന്താരാഷ്ട്ര വില്‍പ്പന 4.9 ശതമാനം ഇടിഞ്ഞു. മൊത്തം ലാഭ നിരക്കില്‍ 172 ബേസിസ് പോയ്ന്റ് ഇടിവാണ് ഉണ്ടായത്. എല്ലാ വന്‍കിട അന്താരാഷ്ട്ര വിപണികളിലും ആദ്യ പാദത്തില്‍ വാള്‍മാര്‍ട്ട് ഇടിവ് നേരിട്ടതായാണ് വിവരം. മെക്‌സിക്കോ, കാനഡ, യുകെ, ചൈന എന്നിവയാണ് വാള്‍മാര്‍ട്ടിന്റെ വന്‍കിട അന്താരാഷ്ട്ര വിപണികള്‍.

ചെലവിടലിലും പലിശ, വായ്പാ കുടിശ്ശിക തിരിച്ചടയ്ക്കുന്നതിലും ഫഌപ്കാര്‍ട്ട് ഏറ്റെടുക്കല്‍ സ്വാധീനം ചെലുത്തിയെങ്കിലും ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് ഇപ്പോഴും പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്. ഫഌപ്കാര്‍ട്ടും ഫോണ്‍പേയും ഒരുക്കുന്ന അവസരങ്ങളെ കുറിച്ചുള്ള ആവേശത്തിലാണ് ഞാന്‍. അതിവേഗത്തില്‍ ഉപഭോക്താക്കള്‍ക്കായി നൂതന അനുഭവങ്ങള്‍ നല്‍കുന്നതിനുള്ള ഫഌപ്കാര്‍ട്ടിന്റെയും ഫോണ്‍പേയുടെയും ശേഷി തന്നെ അത്ഭുതപ്പെടുത്തുന്നതായും വാള്‍മാര്‍ട്ട് സിഇഒ ഡഗ് മക്മില്ലന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

ഫഌപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ പേമെന്റ് സംരംഭമാണ് ഫോണ്‍പേ. കഴിഞ്ഞ വര്‍ഷം മേയിലാണ് വാള്‍മാര്‍ട്ട് 16 ബില്യണ്‍ ഡോളര്‍ നല്‍കി ഫഌപ്കാര്‍ട്ട് ഏറ്റെടുത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം മൂന്നാം പാദം മുതലാണ് കമ്പനികളുടെ പ്രകടന ഫലം സംയോജിപ്പിച്ച് തുടങ്ങിയത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ ഫഌപ്കാര്‍ട്ട് ഏറ്റെടുക്കല്‍ കാരണം അന്താരാഷ്ട്ര ബിസിനസില്‍ നിന്നുള്ള മൊത്തം ലാഭ നിരക്ക് 116 ബേസിസ് പോയ്ന്റ് ഇടിഞ്ഞതായി വാള്‍മാര്‍ട്ട് അറിയിച്ചിരുന്നു. വമ്പന്‍ വിലക്കിഴിവ് ഓഫറുകള്‍ക്ക് ഊന്നല്‍ നല്‍കിയുള്ള ഫഌപ്കാര്‍ട്ടിന്റെ ബിസിനസ് സ്ട്രാറ്റജി ലാഭശേഷിയെ ബാധിച്ചിട്ടുണ്ടെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

നടപ്പു സാമ്പത്തിക വര്‍ഷവും സംയോജിത പ്രവര്‍ത്തന വരുമാനത്തില്‍ ഇടിവുണ്ടാകുമെന്നാണ് വാള്‍മാര്‍ട്ട് പ്രതീക്ഷിക്കുന്നത്. ഫഌപ്കാര്‍ട്ട് ഒഴികെയുള്ള ബിസിനസില്‍ നിന്നുള്ള വരുമാനത്തില്‍ താഴ്ന്ന നിരക്കിലുള്ള ഒറ്റയക്ക വര്‍ധന ഉണ്ടായേക്കുമെന്നും കമ്പനി വ്യക്തമാക്കി. ഇന്ത്യയില്‍ ഫഌപ്കാര്‍ട്ടിന്റെ പ്രധാന എതിരാളി ആമസോണ്‍ ആണ്.

Comments

comments

Categories: Business & Economy
Tags: Walmart