യുഎസ്-ചൈന വ്യാപാര യുദ്ധം ജിഎസ്പി രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യും

യുഎസ്-ചൈന വ്യാപാര യുദ്ധം ജിഎസ്പി രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യും
  • ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുന്നത് ഇന്ത്യക്ക്
  • ഇരു വിപണികളിലേക്കുമുള്ള കയറ്റുമതി അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ വ്യാപാര യുദ്ധം ഇന്ത്യയെ സഹായിക്കും
  • ഇന്ത്യക്ക് ജിഎസ്പി ആനുകൂല്യം നിഷേധിക്കുന്നത് ചൈനയെ മാത്രമാണ് സഹായിക്കുകയെന്ന് മുന്നറിയിപ്പ്

ന്യൂഡെല്‍ഹി: ചൈനയുമായുള്ള അമേരിക്കയുടെ വ്യാപാര യുദ്ധം ജിഎസ്പി അംഗ രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിഭവങ്ങള്‍ കണ്ടെത്താന്‍ യുഎസ് കമ്പനികളെ പ്രോത്സാഹിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ചില ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവ ഇളവ് നല്‍കുന്ന യുഎസിന്റെ വ്യാപാര പരിപാടിയാണ് ജിഎസ്പി (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ്).

തായ്‌ലന്‍ഡ്, കംബോഡിയ, ഇന്തോനേഷ്യ, തുര്‍ക്കി എന്നിവയാണ് ഇന്ത്യക്കുപുറമെ യുഎസ് ജിഎസ്പി ആനുകൂല്യം ലഭിക്കുന്ന മറ്റ് രാഷ്ട്രങ്ങള്‍. ജിഎസ്പിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നീക്കം. എന്നാല്‍ ഇന്ത്യക്ക് വ്യാപാര ആനുകൂല്യം നിഷേധിക്കുന്നത് ചൈനയെ മാത്രമാണ് സഹായിക്കുകയെന്ന് റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജിഎസ്പി വഴി മാര്‍ച്ചില്‍ 105 മില്യണ്‍ ഡോളര്‍ ലാഭിക്കാന്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് സഹായിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജിഎസ്പിക്കുവേണ്ടി ഒരുകൂട്ടം അമേരിക്കന്‍ കമ്പനികളും വ്യാപാര സംഘടനകളും അടങ്ങുന്ന കൂട്ടായ്മയ്മയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. 2018 മാര്‍ച്ച് മാസവുമായി താരതമ്യം ചെയ്യുമ്പോള്‍ ജിഎസ്പി വഴിയുള്ള യുഎസ് കമ്പനികളുടെ ലാഭത്തില്‍ 28 മില്യണ്‍ ഡോളറിന്റെ വാര്‍ഷിക വര്‍ധനയാണ് ഈ വര്‍ഷം മാര്‍ച്ചിലുണ്ടായതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ അമേരിക്കന്‍ കമ്പനികളുടെ 285 മില്യണ്‍ ഡോളര്‍ ജിഎസ്പി സംരക്ഷിച്ചിരുന്നു. 2018 ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 63 മില്യണ്‍ ഡോളര്‍ കൂടുതലാണിത്. യുഎസിന്റെ ഏറ്റവും വലുതും പഴയതുമായ വ്യാപാര ആനുകൂല്യ പദ്ധതിയാണ് ജിഎസ്പി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തോളം ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി ഇതര ഇറക്കുമതി അനുവദിക്കുന്നതിലൂടെ സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ജിഎസ്പി രാഷ്ട്രങ്ങളില്‍ നിന്നും യുഎസിലേക്കുള്ള മൊത്തം ഇറക്കുമതി 760 മില്യണ്‍ ഡോളറാണ്. ഇതില്‍ 672 മില്യണ്‍ ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ചൈനയുടെ സെക്ഷന്‍ 301 ലിസ്റ്റില്‍പ്പെട്ടവയാണ്. ഈ ലിസ്റ്റിലുള്ള ജിഎസ്പി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി 19 ശതമാനം വര്‍ധിച്ചിട്ടുണ്ട്. മറ്റ് ജിഎസ്പി ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ വെറും അഞ്ച് ശതമാനം വര്‍ധന രേഖപ്പെടുത്തിയ സ്ഥാനത്താണിത്.

പുതിയ നികുതി നിരക്ക് പരിധിയില്‍പ്പെടുന്ന ചൈനയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഗണ്യമായി തകുറഞ്ഞിട്ടുണ്ട്. നടപ്പു വര്‍ഷം ആദ്യ പാദത്തില്‍ മറ്റ് ജിഎസ്പി രാഷ്ട്രങ്ങളില്‍ നിന്നുള്ള സെക്ഷന്‍ 301 പട്ടികയില്‍പ്പെട്ട ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിച്ചതായും ഇത് ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക ഇന്ത്യക്കാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

വികസ്വര രാജ്യമെന്ന നിലയില്‍ ജിഎസ്പിക്കുകീഴില്‍ ഇന്ത്യക്ക് നല്‍കിയിട്ടുള്ള ആനുകൂല്യം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നതായി മാര്‍ച്ച് നാലിനാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. 60 ദിവസത്തെ നോട്ടീസ് പിരീഡ് മേയ് 3ന് അവസാനിച്ചു. ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വിപണി പ്രവേശനം നേടാനാണ് യുഎസ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ഇരു വിപണികളിലേക്കുമുള്ള കയറ്റുമതി അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യയെ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മെഷിനറി, ഇലക്ട്രോണിക്‌സ തുടങ്ങി ചൈനയില്‍ നിന്നുള്ള ഇന്റര്‍മീഡിയേറ്റ് ഉപകരണങ്ങളെയാണ് യുഎസ് ലക്ഷ്യമിടുന്നത്. ചൈന ലക്ഷ്യംവെക്കുന്നത് അമേരിക്കന്‍ ഓട്ടോമോട്ടീവ്, സോയബീന്‍ അടക്കമുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളെയുമാണ്.

ഈ മേഖലകള്‍ വലിയ വ്യാപാര അവസരങ്ങളാണ് ഇന്ത്യക്ക് മുന്നില്‍ തുറക്കുന്നത്. അപ്പാരല്‍, റെഡിമെയ്ഡ് തുണിത്തരങ്ങള്‍ തുടങ്ങിയ വിഭാഗത്തില്‍ ശക്തമായ അവസരങ്ങളാണ് ഇന്ത്യക്ക് മുന്നിലുള്ളതെന്നും ചൈന കഴിഞ്ഞാല്‍ ആഗോള ഉപഭോക്താക്കള്‍ക്കായി വിതരണ ശൃംഖല സംയോജിപ്പിക്കാനും പ്രവര്‍ത്തനം വ്യാപിപ്പിക്കാനും കഴിയുന്ന ലോകത്തിലെ ഏക വിപണി ഇന്ത്യയാണെന്നും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡില്‍ നിന്നുള്ള പ്രൊഫസര്‍ രാകേഷ് മോഹന്‍ ജോഷി പറഞ്ഞു.

Comments

comments

Categories: FK News
Tags: US- China