പ്രവാസികള്‍ക്കായി പെന്‍ഷന് സമാനമായ വിരമിക്കല്‍ ആനുകൂല്യ പദ്ധതിയുമായി യുഎഇ

പ്രവാസികള്‍ക്കായി പെന്‍ഷന് സമാനമായ വിരമിക്കല്‍ ആനുകൂല്യ പദ്ധതിയുമായി യുഎഇ

നിലവിലെ ഗ്രാറ്റിവിറ്റി പദ്ധതിക്ക് പകരമായിട്ടാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്

ദുബായ്: എമിറാറ്റികള്‍ അല്ലാത്ത തൊഴിലാളികള്‍ക്കായി പെന്‍ഷന് സമാനമായ സമ്പാദ്യ പദ്ധതിയുമായി യുഎഇ(സേവിംഗ്‌സ് റിട്ടയര്‍മെന്റ് ഫണ്ട്). ജോലിയില്‍ നിന്നും വിരമിക്കുന്നവര്‍ക്ക് വേണ്ടി നിലവിലുള്ള ഗ്രാറ്റിവിറ്റി സംവിധാനത്തിന് പകരമായുള്ള കൂടുതല്‍ മെച്ചപ്പെട്ട പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‌സസ്(എഫ്എഎച്ച്ആര്‍) അറിയിച്ചു.

വിരമിക്കല്‍ ആനുകൂല്യങ്ങളില്‍ ഇത്തരത്തിലൊരു സമ്പാദ്യ പദ്ധതി ഉള്‍പ്പെടുത്തുന്നത് ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷം ലഭ്യമായ സാമ്പത്തിക സ്രോതസുകള്‍ ഉപയോഗപ്പെടുത്തി ഭാവി പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ യുഎഇയിലെ പ്രവാസികള്‍ക്ക് ഗുണം ചെയ്യുമെന്ന് എഫ്എഎച്ച്ആര്‍ ഡയറക്റ്റര്‍ ജനറല്‍ അബ്ദുള്‍റഹ്മാന്‍ അല്‍ അവര്‍ പറഞ്ഞു. മാത്രമല്ല പുതുതലമുറക്കാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പദ്ധതി പ്രയോജനപ്പെടും. എല്ലാ തൊഴില്‍ മേഖലകളിലും വിരമിക്കല്‍ ആനുകൂല്യങ്ങളുടെ ഭാഗമായി ഇത്തരത്തിലൊരു നിക്ഷേപ പദ്ധതി ആരംഭിക്കാനുള്ള നീക്കം സുപ്രധാന ചുവടുവെപ്പാണെന്നും മേഖലയില്‍ ഇത്തരമൊരു പദ്ധതി ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതി ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി ജോലി സംബന്ധ ഇളവുകളെയും വിരമിക്കുമ്പോള്‍ തൊഴിലാളിക്ക് ലഭിക്കുന്ന നേട്ടങ്ങളെയും കുറിച്ച് ഈ വര്‍ഷം ആദ്യം പഠനം നടത്തുകയും പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്റ്, ഗ്രാറ്റിവിറ്റി ഗുണങ്ങള്‍ എന്നിവ സംബന്ധിച്ച് മെയ് 9ന് ആഗോളതലത്തിലുള്ള ഇന്‍ഷുറന്‍സ് കമ്പനികളുമായും കണ്‍സള്‍ട്ടന്‍സിയുമായും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തതായി എഫ്എഎച്ച്ആര്‍ അറിയിച്ചു

നിലവില്‍ യുഎഇ സ്ഥാപനങ്ങളില്‍ കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും പൂര്‍ത്തിയാക്കിയവര്‍ അടിസ്ഥാന വേതന നിരക്കും എത്രകാലം ജോലി ചെയ്തു എന്നതിനെയും അടിസ്ഥാനമാക്കിയുള്ള നിശ്ചിത ഗ്രാറ്റിവിറ്റി ആനുകൂല്യത്തിന് അര്‍ഹരാണ്. ഇതിന് പകരമായി പുതിയ സമ്പാദ്യ പദ്ധതി കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. തൊഴിലുടമയില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിശ്ചിത തുക സമാഹരിച്ച് സാമ്പത്തിക ലാഭം ഉണ്ടാകുന്ന തരത്തില്‍ നിക്ഷേപം നടത്തിയാണ് പ്രസ്തുത ഫണ്ട് രൂപീകരിക്കുക. തൊഴിലാളി വിരമിക്കുകയോ രാജിവെക്കുകയോ ചെയ്യുന്ന അവസരത്തില്‍ പ്രസ്തുത നിക്ഷേപം തിരികെ ലഭിക്കും. അതേസമയം ഈ പദ്ധതി എല്ലാ കമ്പനികള്‍ക്കും നിര്‍ബന്ധമാക്കുമോ എന്ന കാര്യം വ്യക്തമല്ല.

സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ സമ്പാദ്യ പദ്ധതി നടപ്പിലാക്കുകയോ നിലവിലെ ഗ്രാറ്റിവിറ്റി പദ്ധതിയുമായി തുടരുകയോ ചെയ്യാമെന്നാണ് ലഭിക്കുന്ന സൂചന.വേണമെങ്കില്‍ തൊഴിലുടമയോടൊപ്പം തൊഴിലാളിക്കും മാസതവണകളടച്ച് ഈ പദ്ധതിയുടെ ഭാഗമാകാം.

തൊഴിലാളികള്‍ക്ക് നല്‍കുന്ന വിരമിക്കല്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാനും മെച്ചപ്പെടുത്താനുമുള്ള പദ്ധതികളെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നതായി കഴിഞ്ഞ ഫെബ്രുവരിയില്‍ എഫ്എഎച്ച്ആര്‍ വ്യക്തമാക്കിയിരുന്നു. കഴിവുറ്റ ഉദ്യോഗസ്ഥരെ ആകര്‍ഷിക്കാനും നിലനിര്‍ത്താനും കമ്പനികള്‍ക്ക് ഉത്തരം പദ്ധതികള്‍ സഹായമാകുമെന്നും അന്ന് എഫ്എഎച്ച്ആര്‍ നിരീക്ഷിച്ചു.പ്രവാസികള്‍ക്കായുള്ള ഗ്രാറ്റിവിറ്റിക്ക് പകരമായി 2020 ജനുവരിയോടെ കൂടുതവല്‍ വിശ്വസിനീയമായ നിക്ഷേപ പദ്ധതി കൊണ്ടുവരുമെന്ന് ദുബായ് ഇന്റെര്‍നാഷ്ണല്‍ ഫിനാന്‍ഷ്യല്‍ സെന്ററും വ്യക്തമാക്കിയിരുന്നു. പദ്ധതി സംബന്ധിച്ച വ്യക്തമായ രൂപരേഖ അധികാരികള്‍ക്ക് പിന്നീട് സമര്‍പ്പിക്കും.

Comments

comments

Categories: Arabia
Tags: Grativity