ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുമെന്ന് ട്രയംഫ്

ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മിക്കുമെന്ന് ട്രയംഫ്

ടിഇ-1 എന്നാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്രോജക്റ്റിന്റെ പേര്

ലണ്ടന്‍ : ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വികസിപ്പിക്കുമെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് പ്രഖ്യാപിച്ചു. ടിഇ-1 എന്നാണ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പ്രോജക്റ്റിന്റെ പേര്. ലൈവ്‌വയര്‍ എന്ന ഇലക്ട്രിക് ബൈക്കുമായി രംഗത്തുള്ള ഹാര്‍ലി ഡേവിഡ്‌സണിന്റെ പാത പിന്തുടരുകയാണ് ബ്രിട്ടീഷ് ബ്രാന്‍ഡ്. യുകെ സര്‍ക്കാരിന്റെ ബിസിനസ്, എനര്‍ജി, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി (ബിഇഐഎസ്) വകുപ്പിന്റെയും ലോ എമിഷന്‍ വെഹിക്കിള്‍സ് ഓഫീസിന്റെയും (ഒഎല്‍ഇവി) ധനസഹായം ടിഇ-1 പ്രോജക്റ്റിന് ഉണ്ടായിരിക്കും.

വില്യംസ് അഡ്വാന്‍സ്ഡ് എന്‍ജിനീയറിംഗ്, ഇന്റഗ്രല്‍ പവര്‍ട്രെയ്ന്‍ ലിമിറ്റഡിന്റെ ഇ-ഡ്രൈവ് വിഭാഗം, വാര്‍വിക് സര്‍വ്വകലാശാലയിലെ ഡബ്ല്യുഎംജി എന്നിവയുമായി സഹകരിച്ചാണ് ടിഇ-1 പ്രോജക്റ്റ് യാഥാര്‍ത്ഥ്യമാക്കുന്നത്. ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് നേതൃത്വം നല്‍കും. ഷാസി വികസിപ്പിക്കുന്നതിനും മോട്ടോര്‍സൈക്കിള്‍ പൂര്‍ണ്ണമായി നിര്‍മ്മിക്കുന്നതിനും ട്രയംഫ് സ്വന്തം വൈദഗ്ധ്യം ഉപയോഗിക്കും. ഭാരം കുറഞ്ഞ ബാറ്ററി വില്യംസ് അഡ്വാന്‍സ്ഡ് എന്‍ജിനീയറിംഗ് രൂപകല്‍പ്പന ചെയ്യും. ഇന്റഗ്രല്‍ പവര്‍ട്രെയ്ന്‍ ലിമിറ്റഡിന്റെ ഇ-ഡ്രൈവ് വിഭാഗം ഇലക്ട്രിക് മോട്ടോര്‍ വികസിപ്പിക്കും.

മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്ന, ഒന്നാന്തരം പ്രകടനമികവ് പുറത്തെടുക്കുന്ന, ഉപയോഗപ്രദമായ മോട്ടോര്‍സൈക്കിളായിരിക്കും ടിഇ-1 പ്രോജക്റ്റില്‍നിന്ന് പുറത്തുവരികയെന്ന് ട്രയംഫ് സിഇഒ നിക്ക് ബ്ലൂര്‍ അറിയിച്ചു. തങ്ങളുടെ 2, 3 സിലിണ്ടര്‍ എന്‍ജിനുകള്‍ക്കൊപ്പം ഇലക്ട്രിക് പവര്‍ട്രെയ്ന്‍ കൂടി അവതരിപ്പിക്കുന്നത് പുതിയ കാലത്തെ ആവശ്യകതയാണെന്ന് ട്രയംഫ് ചീഫ് പ്രോഡക്റ്റ് ഓഫീസര്‍ സ്റ്റീവ് സാര്‍ജന്റ് പറഞ്ഞു. ടിഇ-1 പ്രോജക്റ്റിലൂടെ പിറക്കുന്നത് പൂര്‍ണ്ണമായും പുതിയ മോഡലായിരിക്കും. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്കുശേഷമായിരിക്കും മോട്ടോര്‍സൈക്കിള്‍ യാഥാര്‍ത്ഥ്യമാകുന്നത്.

Comments

comments

Categories: Auto