മഹാരാഷ്ട്രയില്‍ മാരക ക്ഷയരോഗം

മഹാരാഷ്ട്രയില്‍ മാരക ക്ഷയരോഗം

ക്ഷയരോഗത്തിന്റെ ഏറ്റവും മാരകരൂപം എക്‌സ്ഡിആര്‍ ടിബി പൂനെയില്‍ കണ്ടെത്തി

ചികില്‍സിച്ചു മാറ്റാനാകാത്ത ക്ഷയരോഗം ഇന്ത്യയില്‍ ഭീതി പടര്‍ത്തുന്നതായി റിപ്പോര്‍ട്ട്. മരുന്നുകളെ വിഫലമാക്കുന്ന, ഔഷധപ്രതിരോധിയായ ക്ഷയരോഗം അഥവാ എക്‌സ്റ്റെന്‍സിവ്‌ലി ഡ്രഗ് റെസിസ്റ്റന്റ് ട്യൂബര്‍കുലോസിസ് (എക്‌സ്ഡിആര്‍- ടിബി) ആണ് പുതിയ ഭീഷണി. നാലു വര്‍ഷത്തിനിടെ (20015- 19)യാണ് മഹാരാഷ്ട്രയിലെ പൂനെയില്‍ ഇതു കണ്ടെത്തിയത്. പൂനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇക്കാലയളവിനിടയില്‍ 55 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷമാണ് ഏറ്റവുമധികം പേര്‍ക്ക് ഈ രോഗം ബാധിച്ചതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു, 25 പേരിലാണ് രോഗം കണ്ടെത്തിയത്. 2017ല്‍ 12ഉം 2016ല്‍ എട്ടും 2015ല്‍ ഏഴും പേര്‍ രോഗബാധിതരായി. 2013 ലാണ് പൂനെയില്‍ ആദ്യമായി രോഗം ബാധിച്ചുവെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചത്. രാജ്യത്ത് എക്‌സ്ഡിആര്‍- ടിബിയുടെ സ്ഥിരീകരണം അല്‍ഭുതപ്പെടുത്തുന്നതല്ലെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. രോഗപ്രതിരോധശേഷി കൈവരിച്ച്, ടിബി വ്യാപകമായ സാഹചര്യത്തിലാണിത്. രോഗം സ്ഥിരീകരിച്ചവര്‍ ചികില്‍സ പൂര്‍ത്തീകരിക്കാത്തതും രോഗികളുടെ എണ്ണം കൂട്ടുന്നുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ ഓരോ മൂന്നു മിനുറ്റിലും രണ്ടുപേര്‍ വീതം ക്ഷയരോഗം മൂലം മരിക്കുന്നു. താഴ്ന്ന ആരോഗ്യ-സാമ്പത്തിക നിലവാരത്തില്‍ ജീവിക്കുന്നവരിലാണ് എക്‌സ്ഡിആര്‍- ടിബി രോഗം സാധാരണ കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ ഇപ്പോള്‍ സമൂഹത്തില്‍ ഉന്നതനിലവാരത്തില്‍ കഴിയുന്നവരിലും രോഗം കണ്ടെത്തിയിട്ടുണ്ട്. ഐടി പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവരിലും ഉയര്‍ന്ന മധ്യവര്‍ഗകുടുംബങ്ങളിലും പെട്ടവരില്‍ ഈയിടെ രോഗം ബാധിച്ചിട്ടുണ്ടെന്ന് പൂനെയിലെ അസിസ്റ്റന്റ് മെഡിക്കല്‍ ഓഫിസര്‍ വൈശാലി ജാദവ് വ്യക്തമാക്കുന്നു.

ക്ഷയരോഗത്തിനു നല്‍കുന്ന ഒന്നാംനിര മരുന്നുകളെ ചെറുക്കാന്‍ കെല്‍പ്പുള്ള രോഗാണുക്കളാണ്, മള്‍ട്ടിഡ്രഗ് റസിസ്റ്റന്റ് ടിബി അഥവാ എംഡിആര്‍ ടിബി ഉണ്ടാക്കുന്നത്. രോഗനിര്‍ണയവും ചികില്‍സയും സര്‍ക്കാര്‍തലത്തില്‍ നല്‍കുന്നുണ്ട്. രണ്ടുവര്‍ഷം നീളുന്ന രണ്ടാംനിര മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് എംഡിആര്‍ ടിബിക്ക് നല്‍കുന്നത്. ഈ മരുന്നുകള്‍ ശക്തിയേറിയതും പാര്‍ശ്വഫലങ്ങള്‍ ഉള്ളതും വിലകൂടിയതുമാണ്. രണ്ടാംനിര മരുന്നുകളെ ചെറുക്കുന്ന ബാക്റ്റീരിയകളാണ് എക്‌സ്ഡിആര്‍- ടിബി ഉണ്ടാക്കുന്നത്. ഇതിനുള്ള ചികില്‍സയും സൗജന്യമായി സര്‍ക്കാര്‍തലത്തില്‍ ചെയ്തുവരുന്നുണ്ട്.

ആദ്യമായി ടിബി രോഗം വരുമ്പോള്‍ മുടക്കംകൂടാതെ മരുന്നുകഴിച്ചില്ലെങ്കില്‍ ഡ്രഗ് റസിസ്റ്റന്റ് ടിബി വരാന്‍ സാധ്യത കൂടുതലാണ്. എംഡിആര്‍ ടിബി, എക്‌സ്ഡിആര്‍ ടിബി തുടങ്ങിയ രോഗാവസ്ഥകള്‍ ടിബി നിയന്ത്രണത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. നേരത്തേയും, കൃത്യമായും രോഗനിര്‍ണയം നടത്തുകയെന്നത് ടിബി നിയന്ത്രണത്തില്‍ പ്രധാനമാണ്. കഫപരിശോധനയാണ് രോഗനിര്‍ണയത്തിന് പ്രധാനമായി ഉപയോഗിക്കുന്നത്. എക്‌സ്‌റേ പരിശോധനയും സഹായകമാകാറുണ്ട്. നിലവിലുള്ള പ്രധാന ടെസ്റ്റുകള്‍ കഫപരിശോധന അഥവാ സ്പൂട്ടം മൈക്രോസ്‌കോപ്പി, ന്യൂകഌക് ആസിഡ് ആംപഌഫിക്കേഷന്‍ ടെസ്റ്റുകള്‍, കള്‍ചര്‍ ടെസ്റ്റുകള്‍ എന്നിവയാണ്.

ഏറ്റവും പുതിയ മരുന്നും ചികില്‍സാ രീതികളും രോഗപ്രതിരോധത്തിന് ഉപയോഗിച്ചുവരുന്നതായി സിറ്റി ടിബി യൂണിറ്റിലെ മെഡിക്കല്‍ ഓഫിസര്‍ ധ്യാനേശ്വര്‍ ചകോര്‍ പറയുന്നു. 2018 ല്‍ അവതരിപ്പിക്കപ്പെട്ട ബെഡക്വിലീന്‍ എന്നമരുന്ന് സെപ്റ്റംബര്‍ മുതല്‍ ഉപയോഗിച്ചു വരുന്നുണ്ട്. എക്‌സ്ഡിആര്‍- ടിബി ബാധിതരായ എട്ടു പേരില്‍ ഈ മരുന്നു പ്രയോഗിച്ചിരുന്നു. ഈ വര്‍ഷം പുതുതായി ഇറങ്ങിയ ഡെലാമാനിഡ് എന്ന മരുന്ന് ഫെബ്രുവരി മുതല്‍ രണ്ടു രോഗികളിലും പ്രയോഗിക്കുന്നുണ്ട്. പത്തു രോഗികളും പുതിയ മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ട്. ഇതില്‍ 18 വയസ്സിനു മുകളിലുള്ള രോഗികള്‍ക്കാണ് ബെഡക്വിലീന്‍ നല്‍കേണ്ടത്. ഡെലാമാനിഡ് ആറ്-17 പ്രായത്തിലുള്ള രോഗികള്‍ക്ക് നല്‍കാം.

എക്‌സ്ഡിആര്‍- ടിബി ഉള്ളവരില്‍ ചികില്‍സ ആരംഭിച്ചു കഴിഞ്ഞാല്‍പ്പോലും ഏറെക്കാലം രോഗബാധിതരായി തുടരും. ഇത് കുടുംബത്തിലെ മററുള്ളവരിലേക്കും രോഗ സംക്രമണത്തിനു സാധ്യത വളര്‍ത്തുന്നു. അതുകൊണ്ടുതന്നെ ചുമയ്ക്കുമ്പോള്‍ വായുവിലൂടെ അണുക്കള്‍ പടരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുന്നതിനെപ്പറ്റിയും രോഗംപടരാതിരിക്കാനുമുള്ള മുന്‍കരുതല്‍ എടുക്കുന്നതിനെപ്പറ്റി രോഗികളും കുടുംബാംഗങ്ങളും ബോധവാന്മാരായിരിക്കണമെന്നും ചകോര്‍ നിര്‍േദശിക്കുന്നു.

Comments

comments

Categories: Health
Tags: TB, Tuberculosis