തായ്‌വനില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി

തായ്‌വനില്‍ സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കി

തായ്‌പേയ് (തായ്‌വന്‍): തായ്‌വനില്‍ പാര്‍ലമെന്റ് സ്വവര്‍ഗ വിവാഹം വെള്ളിയാഴ്ച നിയമാനുസൃതമാക്കി. ഈ മാസം 24 മുതല്‍ നിയമം നടപ്പിലാകും. ഏഷ്യയില്‍ ആദ്യമായി തായ്‌വനിലാണു സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുന്നത്. ചൈനയുടെ ഭാഗമായ തായ്‌വന്‍, സ്വയംഭരണ പ്രദേശമാണിപ്പോള്‍. എതിര്‍ലിംഗത്തിലുള്ളവര്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍ ലഭിക്കുന്നതു പോലുള്ള എല്ലാ അവകാശങ്ങളും സ്വവര്‍ഗ ദമ്പതികള്‍ക്കും പൂര്‍ണമായി അനുവദിക്കുന്നതാണു വെള്ളിയാഴ്ച തായ്‌വാനിലെ പാര്‍ലമെന്റില്‍ 66-27നു പാസാക്കിയ നിയമം. തായ്‌വനില്‍ പുരുഷനും സ്ത്രീയും വിവാഹിതരാകുമ്പോള്‍ നികുതി, ഇന്‍ഷ്വറന്‍സ് എന്നിവയുമായി ബന്ധപ്പെട്ട് ആനുകൂല്യങ്ങള്‍ ലഭിക്കാറുണ്ട്. ഇനി മുതല്‍ ഈ ആനുകൂല്യം സ്വവര്‍ഗ വിവാഹിതര്‍ക്കും ലഭിക്കും. സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കിയതോടെ, തായ്‌വന്‍ എന്ന ദ്വീപിനെ, ഗേ റൈറ്റ്‌സ് മൂവ്‌മെന്റിന്റെ അഥവാ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന മുന്നേറ്റത്തിന്റെ ഏഷ്യയിലെ മുന്നണി പോരാളിയാക്കി മാറ്റിയിരിക്കുകയാണ്. വെള്ളിയാഴ്ച നിയമം പാസായത്, ദ്വീപിലെ എല്‍ജിബിടി സമൂഹത്തിന്റെ (ലെസ്ബിയന്‍, ഗേ, ബൈ സെക്ഷ്വല്‍, ട്രാന്‍സ്‌ജെന്‍ഡര്‍) വലിയ വിജയമായിട്ടാണു വിശേഷിപ്പിക്കുന്നത്.

എതിര്‍ലിംഗത്തിലുള്ളവര്‍ വിവാഹിതരാകുമ്പോള്‍ ലഭിക്കുന്നതു പോലെ സമാനമായ അവകാശങ്ങള്‍ തങ്ങള്‍ക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി സ്വവര്‍ഗാനുരാഗികള്‍ പ്രചാരണം നയിച്ചുവരികയായിരുന്നു. 1990 മുതലാണ് തായ്‌വനില്‍ ഗേ, ലെസ്ബിയന്‍ സമൂഹം അംഗീകാരം വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രചാരണം ആരംഭിച്ചത്. ഇപ്പോള്‍ തായ്‌വനിലെ ഭരണകക്ഷിയായ ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി പ്രചാരണത്തിനു വലിയ തോതില്‍ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. 2017-ല്‍ തായ്‌വനിലെ ഭരണഘടനാ കോടതി സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കി. തുടര്‍ന്ന് നിയമം പരിഷ്‌ക്കരിക്കുന്നതിനായി പാര്‍ലമെന്റിന് രണ്ട് വര്‍ഷം അനുവാദം നല്‍കുകയും ചെയ്യുകയായിരുന്നു. മേയ് 17 വെള്ളിയാഴ്ച സ്വവര്‍ഗ വിവാഹം നിയമാനുസൃതമാക്കുകയും ചെയ്തു. ‘ ശരിക്കുമുള്ള തുല്യതയിലേക്കു നാം ഒരു വലിയ ചുവട് എടുത്തിരിക്കുന്നു. തായ്‌വനെ ഒരു നല്ല രാജ്യമാക്കുകയും ചെയ്തിരിക്കുന്നെന്ന് ‘ തായ്‌വന്‍ പ്രസിഡന്റ് സായ് ഇംഗ് വെന്‍, പാര്‍ലമെന്റില്‍ വെള്ളിയാഴ്ച നിയമം പാസായതോടെ ട്വീറ്റ് ചെയ്തു.

Comments

comments

Categories: World