എന്‍ബിഎഫ്‌സികള്‍ക്ക് ചീഫ് റിസ്‌ക് ഓഫീസര്‍ വേണം: ആര്‍ബിഐ

എന്‍ബിഎഫ്‌സികള്‍ക്ക് ചീഫ് റിസ്‌ക് ഓഫീസര്‍ വേണം: ആര്‍ബിഐ

മുന്‍പരിചയവും പ്രൊഫഷണല്‍ യോഗ്യതയുമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളെ നിയമിക്കാം

കൊല്‍ക്കത്ത: രാജ്യത്തെ 5,000 കോടിയിലധികം ആസ്തിയുള്ള എന്‍ബിഎഫ്‌സികള്‍ (ബാങ്കിംഗ് ഇതര സാമ്പത്തിക സേവന സ്ഥാപനങ്ങള്‍) റിസ്‌ക് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങളുടെ നിലവാരമുയര്‍ത്തുന്നതിനായി ചീഫ് റിസ്‌ക് ഓഫീസറെ (സിആര്‍ഒ) നിയമിക്കണമെന്ന് ആര്‍ബിഐ നിര്‍ദേശിച്ചു. നേരിട്ടുള്ള വായ്പാ സേവനമേഖലയില്‍ എന്‍ബിഎഫ്‌സികള്‍ക്കുള്ള പങ്ക് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അവര്‍ ഭാവിയില്‍ വരാവുന്ന അപകടസാധ്യതകള്‍ അതിജീവിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കേണ്ടതുണ്ടെന്ന് റിസര്‍വ് ബാങ്ക് നിരീക്ഷിച്ചു. ഇന്ത്യയിലെ എന്‍ബിഎഫ്‌സി മേഖല ഫണ്ടിംഗ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഇടപെടല്‍. പരമാവധി വായ്പ നല്‍കി ആസ്തിയും കടബാധ്യതയും തമ്മിലുള്ള സുരക്ഷിതമായ അനുപാതം നഷ്ടപ്പെട്ട് രാജ്യത്തെ പല എന്‍ബിഎഫ്‌സികളും അപകടത്തിലാണ്.

റിസ്‌ക് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി നടത്താനും ഉയര്‍ന്ന നിലവാരം ഉറപ്പാക്കാനും സിആര്‍ഒ ആവശ്യമാണെന്ന് അഭിപ്രായപ്പെട്ട റിസര്‍വ് ബാങ്ക്, റിസ്‌ക് മാനേജ്‌മെന്റ് പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയവും പ്രൊഫഷണല്‍ യോഗ്യതയുമുള്ള സ്ഥാപനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളെയാണ് ഈ സ്ഥാനത്തേക്ക് നിര്‍ദേശിച്ചിരിക്കുന്നത്. നിര്‍ദിഷ്ട സിആര്‍ഒയോട് എന്‍ബിഎഫ്‌സിയുടെ ബിസിനസ് വിഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെടുകയോ അവര്‍ക്ക് ബിസിനസ് ടാര്‍ഗെറ്റ് നല്‍കുകയോ ചെയ്യരുതെന്നും റിസ്‌ക് മാനേജ്‌മെന്റ് ഒഴികെയുള്ള മറ്റ് ഉത്തരവാദിത്വങ്ങളില്‍ നിന്നും അവരെ ഒഴിവാക്കണമെന്നും ബാങ്ക് നിര്‍ദേശിക്കുന്നുണ്ട്. അതേ സമയം ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ള എന്‍ബിഎഫ്‌സികള്‍ സിആര്‍ഒയുടെ അധികാരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഓഹരി വിപണിയില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

Categories: FK News, Slider
Tags: NBFC, RBI