പങ്കാളിത്ത ബിസിനസില്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍

പങ്കാളിത്ത ബിസിനസില്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍

രണ്ടോ അതിലധികമോ ആളുകള്‍ ചേര്‍ന്ന് ചെയ്യുന്ന നിയമപരമായി അംഗീകാരമുള്ള ബിസിനസിനെയാണ് പൊതുവില്‍ പാര്‍ട്ണര്‍ഷിപ്പ് അഥവാ പങ്കാളിത്ത ബിസിനസ് എന്ന് പറയുന്നത്. ആശയപരമായും സാമ്പത്തികമായും ഒന്നിച്ചു നിന്നുകൊണ്ട് രണ്ടോ അതിലധികമോ ആളുകള്‍ക്ക് അവര്‍ക്കനുയോജ്യമായ മേഖലകള്‍ കണ്ടെത്തി ഒരു പുതിയ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കാന്‍ പാര്‍ട്ണര്‍ഷിപ്പ് ബിസിനസിലൂടെ എളുപ്പം സാധിക്കും. എന്നാല്‍ കരുതുന്ന അത്ര എളുപ്പല്ല കാര്യങ്ങള്‍ എന്ന് കൂടി പറയട്ടെ

അത്യാവശ്യം സാമ്പത്തികം ഉണ്ടെങ്കില്‍ ബിസിനസ് തുടങ്ങാമെന്നും അധികം കഷ്ടപ്പെടാതെ വിജയിപ്പിക്കാന്‍ സാധിക്കുമെന്നും ബിസിനസിലേക്ക് പുതുതായി കടന്നു വരുന്ന ആളുകള്‍ക്ക് ഒരു തെറ്റിദ്ധാരണയുണ്ട്. ചുറ്റുപാടും നിരീക്ഷിച്ചാല്‍, ഒന്നോ രണ്ടോ ആളുകള്‍ ഭാഗ്യം കൊണ്ട് വിജയിച്ചിട്ടുണ്ടാവാമെന്ന് കാണാം. എന്നാല്‍ ഭാഗ്യം മാത്രം പ്രതീക്ഷിച്ചുകൊണ്ട് ചെയ്യാന്‍ പറ്റുന്ന കാര്യമല്ല ബിസിനസ്. ഇതില്‍ വിജയിക്കണമെങ്കില്‍ നമ്മള്‍ പ്രതിനിധാനം ചെയ്യുന്ന ഉപഭോക്താക്കളെ എന്നും നമ്മളിലേക്ക് അടുപ്പിക്കാനുള്ള സ്വതന്ത്രമായ തന്ത്രങ്ങള്‍ ഉണ്ടായേ തീരൂ. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങളുടെ പൂര്‍ത്തീകരണമാവണം എന്നും നിങ്ങളുടെ ബിസിനസ്. അവര്‍ക്കിണങ്ങും വിധം വിലയും മൂല്യവും നിര്‍ണയിക്കേണ്ടത് പ്രധാനമാണ്. തരുന്ന വിലയ്ക്ക് അതിനേക്കാള്‍ മൂല്യമുള്ള വസ്തു അവര്‍ക്കു ലഭിച്ചാല്‍ പിന്നീട് ഒരിക്കലും നിങ്ങള്‍ ആ ഉപഭോക്താവിന്റെ പിന്നാലെ നടക്കേണ്ടി വരില്ല. അവര്‍ എന്നും നിങ്ങളുടെ സ്ഥാപനവുമായി ബന്ധമുള്ളവരായി മാറും.

പാര്‍ട്ണര്‍ഷിപ്പ് ബിസിനസ് തുടങ്ങുമ്പോള്‍ അതില്‍ ഉണ്ടാവുന്ന ഓരോ വ്യക്തിക്കും ആ ബിസിനസിനെ കുറിച്ച് നല്ല അവഗാഹം ഉണ്ടായിരിക്കണം. പണം ഉള്ളവരെ മാത്രം പാര്‍ട്ണര്‍ഷിപ്പില്‍ എടുത്താല്‍ ബിസിനസിന്റെ ഗതിവിഗതികളെക്കുറിച്ച് അവര്‍ക്ക് ഒരിക്കലും മനസ്സിലായിക്കൊള്ളണമെന്നില്ല. തന്നെയുമല്ല കൂട്ടായ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും അത്തരം ആളുകളെ ഒരിക്കലും ഉപകാരപ്പെടില്ല. നമ്മള്‍ ചെയ്യാന്‍ പോകുന്ന ബിസിനസിന്റെ സാധ്യതകള്‍, വിപണിയില്‍ നിലവിലുള്ള മത്സരം, വിപണിയില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍, മാറി മാറി വരുന്ന നിയമങ്ങള്‍, ഉപഭോക്തൃ സംസ്‌കാരങ്ങളുടെ സ്വഭാവ വ്യതിയാനങ്ങള്‍ എന്നിവയെല്ലാം എന്നും തുറന്ന കണ്ണോടെ വീക്ഷിക്കാന്‍ കഴിയുന്നവരായിരിക്കണം പാര്‍ട്ണര്‍ഷിപ്പില്‍ വരുന്ന ആളുകള്‍ ഓരോരുത്തരും. അതുപോലെ കാലികമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തങ്ങള്‍ നടത്തുന്ന ബിസിനസില്‍ ക്രമേണ ആവശ്യമായ സജ്ജീകരണങ്ങള്‍ കൊണ്ടുവരാനും നടപ്പാക്കാനും കഴിയുന്നവരായിരിക്കണം പങ്കാളികള്‍.

പാര്‍ട്ണര്‍ഷിപ്പ് ബിസിനസിന്റെ പ്രധാന ഗുണങ്ങള്‍, അത് സമാന മനസ്‌കരായ ആളുകള്‍ ഏറ്റെടുത്തു നടത്തുന്ന ബിസിനസാണെന്നതും ഓരോരുത്തരും നിക്ഷേപിക്കുന്ന തുക ഒരു പരിധിയില്‍ നില്‍ക്കുന്നെത്തതുമാണ്. ഇതിലൂടെ നിക്ഷേപ മൂലധനത്തിന്റെ നഷ്ട സാധ്യത കുറയുന്നു. പാര്‍ട്ണര്‍ഷിപ്പ് ബിസിനസില്‍ പ്രവര്‍ത്തനച്ചെലവും നഷ്ട സാധ്യതകളും വര്‍ധിക്കുമ്പോള്‍ എല്ലാ പങ്കാളികള്‍ക്കും തുല്യമായ ഉത്തരവാദിത്വമാവും ഉണ്ടാവുക. അതുപോലെ ഓരോ വ്യക്തിയും ബിസിനസില്‍ ഉപയോഗപ്പെടുത്തുന്ന സമയം നിശ്ചിതമാണ്. ഏറ്റവും പ്രധാനം, നികുതി ഇളവുകള്‍ കൂടുതല്‍ ലഭിക്കുന്നു എന്നതാണ്.

കുറച്ചു കൂടി വിശാലമായ അര്‍ത്ഥത്തില്‍ എടുത്താല്‍ ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ് (എല്‍എല്‍പി) ആവും ഏറ്റവും അഭികാമ്യം. വിദഗ്ധ സഹായം തേടി നിയമാവലികള്‍ പാലിച്ചു തുടങ്ങിയാല്‍ മുന്നോട്ടുള്ള പ്രയാണം കൂടുതല്‍ സുതാര്യമാകും. എല്‍എല്‍പിയില്‍ ഓരോ പങ്കാളികളും കരാര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന ഓരോ ഏജന്റായി മാറുന്നു. അഥവാ ഒരു പങ്കാളിയുടെ പിഴവുകള്‍ക്ക് മറ്റുള്ളവരാരും ഉത്തരവാദികളാവില്ല എന്നര്‍ത്ഥം. എല്‍എല്‍പി കരാര്‍ ഇവിടെ ഒരു മൂന്നാം കക്ഷി പോലെയോ അതല്ലെങ്കില്‍ ഒരു കൃത്രിമ നിയമ പങ്കാളിയായോ പ്രവര്‍ത്തിക്കുന്നു എന്ന് മാത്രം. നമ്മുടെ നാട്ടില്‍ വളരെ പ്രാധാന്യത്തോടെ ജനങ്ങളിലേക്ക് എത്തിക്കേണ്ട വ്യവസായ ശൈലിയാണ് എല്‍എല്‍പി. ചെയ്യുന്ന ബിസിനസ് വ്യവസ്ഥാപിതമായി മുന്നോട്ടു പോവുന്നതോടൊപ്പം അതിനു നിയമപരമായ സുരക്ഷയും ലഭിക്കുന്നു എന്നതാണ് ഇതില്‍ പ്രധാനം.

ഇന്ത്യയില്‍ എല്‍എല്‍പിയില്‍ ബിസിനസ് തുടങ്ങാന്‍ ഏറ്റവും കുറഞ്ഞത് രണ്ട് പങ്കാളികള്‍ വേണം. പരമാവധി എത്ര ആളുകളെ വേണമെങ്കിലും സഹകരിപ്പിക്കാം. രണ്ടാള്‍ക്കാരാണെങ്കില്‍ അതില്‍ ഒരാള്‍ ഇന്ത്യയില്‍ സ്ഥിരതാമസം ഉള്ള ആളായിരിക്കണം എന്നൊരു നിബന്ധനകൂടിയുണ്ട്. സേവന സംഘടനകള്‍, എന്‍ജിഒകള്‍, മറ്റ് നോണ്‍ പ്രോഫിറ്റ് സംഘടനകള്‍ എന്നിവ എല്‍എല്‍പിയിലൂടെ അനുവദനീയമല്ല. നിയമപരമായ അംഗീകാരത്തോടെ ലാഭം നേടുന്നതിന് വേണ്ടി ചെയ്യുന്ന ബിസിനസുകള്‍ മാത്രമേ എല്‍എല്‍പിയില്‍ പാടുള്ളൂ.

എല്‍എല്‍പി ഉടമ്പടി പ്രകാരം ബിസിനസ് ചെയ്യുന്നത് വളരെ സുരക്ഷിതമാണെന്ന് പറയുമ്പോള്‍ തന്നെ അതിന്റെ എല്ലാ നടപടിക്രമങ്ങളും സര്‍ക്കാര്‍ നിഷ്‌കര്‍ഷിക്കുന്ന നിയമാവലികള്‍ പാലിച്ചു കൊണ്ടായിരിക്കണം എന്നത് ഉറപ്പാക്കിയിരിക്കണം. സാധാരണ പാര്‍ട്ണര്‍ഷിപ്പ് ബിസിനസുകള്‍ എളുപ്പത്തില്‍ തുടങ്ങാനും അത് പോലെ അവരുടെ ഇഷ്ടാനുസരണം നിര്‍ത്തി വെക്കാനും സാധിക്കും. വര്‍ധിച്ച അഭിപ്രായ ഭിന്നതകള്‍, തീരുമാനങ്ങള്‍ എടുക്കാന്‍ കാലതാമസം, കൂടിയ ബാധ്യതകള്‍, സാങ്കേതിക പരിമിതികള്‍ എന്നിങ്ങനെ ധാരാളം കാര്യങ്ങള്‍ പാര്‍ട്ണര്‍ഷിപ്പ് ബിസിനസില്‍ വന്നു കൊണ്ടിരിക്കും.

പാര്‍ട്ണര്‍ഷിപ്പ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണം എന്ന് പറയാന്‍ കാരണം, പങ്കാളിത്ത ബിസിനസിലെ ഡിവോഴ്‌സ് നിരക്ക് എണ്‍പത് ശതമാനമാണെന്ന വസ്തുതയാണ്. കൂട്ടുകെട്ട് തകര്‍ന്ന ശേഷം പിന്നീട് കയറി വന്ന ധാരാളം കമ്പനികള്‍ ലോകത്തുണ്ട്. ഫേസ്ബുക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബീറ്റില്‍സ്, ഡുവാന്‍ റീഡ്, സിറ്റിഗ്രൂപ്പ്, റോക്ക്‌ഫെല്ലര്‍ ആന്‍ഡ് ആന്‍ഡ്രൂസ്, ലാ ഡോഡ്‌ജേഴ്‌സ്, ന്യൂസ് കോര്‍പ്പറേഷന്‍, ഫ്യൂഷന്‍ ഗാരേജ് എന്നിവ മികച്ച ഉദാഹരണങ്ങളാണ്. ഭക്ഷ്യ ശൃഖലാ ബിസിനസിലാണ് ഏറ്റവുമധികം പാര്‍ട്ണര്‍ഷിപ്പ് തകര്‍ച്ചകള്‍ ഉണ്ടാവുന്നത്. ക്രാഫ്റ്റ് ആന്‍ഡ് സ്റ്റാര്‍ബക്‌സ്, കോക്ക് ആന്‍ഡ് കോസ്റ്റ്‌കോ, പൗല ഡീന്‍ ആന്‍ഡ് സ്മിത്ത്ഫീല്‍ഡ് എന്നിവ ഇപ്രകാരം തകര്‍ന്ന ചില ഭക്ഷ്യ സംരംഭകരാണ്.

പാര്‍ട്ണര്‍ഷിപ്പ് ആരംഭിക്കുന്നതിന് മുന്‍പ്, പരാജയപ്പെട്ട ബ്രാന്‍ഡുകളെക്കുറിച്ചും വിജയിച്ച ബ്രാന്‍ഡുകളെക്കുറിച്ചും പഠിക്കാന്‍ നാം ശ്രമിക്കണം. വിജയിച്ച ബ്രാന്‍ഡുകളില്‍, ബില്‍ ഗേറ്റ്‌സ്-പോള്‍ അലന്‍ (മൈക്രോസോഫ്റ്റ്, 1975 ല്‍ സ്ഥാപിതം), ലാറി പേജ്-സെര്‍ജി ബ്രിന്‍ (ഗൂഗിള്‍, 1998 ല്‍ സ്ഥാപിതം), സ്റ്റീവ് ജോബ്‌സ്-സ്റ്റീവ് വോസ്‌നിയാക് (ആപ്പിള്‍ ഇന്‍ക്, 1976 ല്‍ സ്ഥാപിതം), ഇവാന്‍ വില്യംസ്-ബിസ് സ്റ്റോണ്‍ (ട്വിറ്റര്‍, 2006 ല്‍ സ്ഥാപിതം), ബില്‍ ഹ്യൂലറ്റ്-ഡേവ് പക്കാര്‍ഡ് (എച്ച്പി, 1939 ല്‍ സ്ഥാപിതം), ബെന്‍ കോഹെന്‍-ജെറി ഗ്രീന്‍ഫീല്‍ഡ് (ബെന്‍&ചെറീസ്, 1978 ല്‍ സ്ഥാപിതം), പിയറി ഒമിഡ്യാര്‍-ജെഫ്രി സ്‌കോള്‍ (ഇബേ, 1995 ല്‍ സ്ഥാപിതം), ഗോര്‍ഡന്‍ മൂര്‍-ബോബ് നോയ്‌സ് (ഇന്റല്‍, 1968 ല്‍ സ്ഥാപിതം), വില്യം പ്രോക്റ്റര്‍-ജെയിംസ് ഗാംബിള്‍ (പി&ജി, 1837 ല്‍ സ്ഥാപിതം) എന്നിവയുടെ ചരിത്രവും പ്രവര്‍ത്തനവും വിലയിരുത്താവുന്നതാണ്. പാര്‍ട്ണര്‍ഷിപ് ബിസിനെസ്സില്‍ അടങ്ങിയ തത്വം, ‘Alone we can do so little; together we can do so much’ (തനിച്ച് വളരെക്കുറച്ചേ നമുക്ക് ചെയ്യാനാവൂ, ഒരുമിച്ചാല്‍ ഒട്ടേറെ ചെയ്യാനാവും) എന്നതാണ്. ഒരിക്കല്‍ മഹാത്മാ ഗാന്ധി പറഞ്ഞത് ‘Satisfaction lies in the effort, not in the attainment.’ (പരിശ്രമത്തിലാണ് സംതൃപ്തി അടങ്ങിയിരിക്കുന്നത്, നേട്ടം കൈവരിക്കുന്നതിലല്ല) എന്നാണ്. ഇക്കാര്യവും എപ്പോഴും ഓര്‍ത്തിരിക്കേണ്ടതുണ്ട്.

Categories: FK Special, Slider