എണ്ണവിപണിയില്‍ വിതരണക്ഷാമം ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി

എണ്ണവിപണിയില്‍ വിതരണക്ഷാമം ഉണ്ടാകില്ലെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി

‘മുഖ്യ എണ്ണ ഉല്‍പാദക രാഷ്ട്രങ്ങളുടെ ഇടപെടല്‍ വിപണിയെ സന്തുലിതമാക്കും

പാരീസ്: ഇറാനില്‍ നിന്നുള്ള എണ്ണയുടെ അഭാവവും എണ്ണ വിപണിയിലെ മറ്റ് അനിശ്ചിതത്വങ്ങളും മുഖ്യ എണ്ണ ഉല്‍പാദക രാഷ്ട്രങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്ത് വരികയാണെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി(ഐഇഎ). ഉപഭോക്താക്കളില്‍ നിന്നുള്ള അപേക്ഷകള്‍ കണക്കിലെടുത്തിട്ടാണെങ്കിലും ഇറാനില്‍ നിന്നുള്ള എണ്ണ ബാരലുകള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ പ്രധാന എണ്ണ ഉല്‍പാദക രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങുമെന്നാണ് തങ്ങളുടെ കണക്കുകൂട്ടലെന്ന് ഐഇഎ പറഞ്ഞു. ഈ നിലപാടിനെ സാധൂകരിക്കുന്ന വളരെ വ്യക്തമായ സൂചനകള്‍ ഉണ്ടാകുന്നുണ്ടെന്നും ഐഇഎ വ്യക്തമാക്കി. അതേസമയം ഈ വര്‍ഷത്തെ എണ്ണയുടെ ആവശ്യം സംബന്ധിച്ച മുന്‍ പ്രവചനത്തില്‍ പ്രതിദിനം 90,000 ബിപിഡി കുറവുണ്ടായേക്കുമെന്നും എണ്ണവിപണിയെ സംബന്ധിച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി വ്യക്തമാക്കി.

ബ്രസീല്‍, ചൈന, ജപ്പാന്‍, കൊറിയ, നൈജീരിയ എന്നീ രാഷ്ട്രങ്ങളിലെ മന്ദഗതിയിലുള്ള വളര്‍ച്ച ആഗോളതലത്തില്‍ എണ്ണയുടെ ആവശ്യം കുറയ്ക്കുമെന്നാണ് ഐഇഎയുടെ കണ്ടെത്തല്‍. എണ്ണയുടെ ആവശ്യത്തില്‍ പ്രതിദിനം 90,000 ബാരലുകളുടെ കുറവുണ്ടായി 13 മില്യണ്‍ ബാരലായി കുറയും. എന്നിരുന്നാലും ഈ അവസ്ഥ ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കില്ലെന്നും ഐഇഎ നിരീക്ഷിച്ചു.

അതേസമയം വര്‍ഷാരംഭത്തില്‍ ആവശ്യത്തേക്കാള്‍ 700,000 ബിപിഡി തോതില്‍ എണ്ണ മിച്ചം വന്നിട്ടും രണ്ടാംപാദം മുതല്‍ വിതരണ രംഗത്ത് വലിയ തോതിലുള്ള അസന്തുലിതാവസ്ഥ ഉണ്ടാകുമെന്നും ഐഇഎ മുന്നറിയിപ്പ് നല്‍കി. വിതരണരംഗത്ത് കാര്യമായ അനിശ്ചിതത്വങ്ങള്‍ രണ്ടാംപാദത്തില്‍ ഉണ്ടായേക്കും. ഒപെകിലെ പ്രധാന ഉല്‍പാദകരില്‍ ഒരാളായ ഇറാന് മേല്‍ അമേരിക്ക ഉപരോധങ്ങള്‍ കര്‍ശനമാക്കിയതിനിടയിലാണ് വിതരണ രംഗത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. ഇറാന്റെ പ്രധാന എണ്ണ ഉപഭോക്താക്കള്‍ക്ക് ഉപരോധത്തില്‍ നല്‍കിവന്ന ഇളവുകള്‍ നിര്‍ത്തലാക്കാന്‍ ഏപ്രിലില്‍ അമേരിക്ക തീരുമാനിച്ചതോടെ എണ്ണവില ബാരലിന് 75 ഡോളര്‍ വരെ എത്തിയിരുന്നു. ഇറാനില്‍ നിന്നും വരേണ്ടിയിരുന്ന 10 ലക്ഷത്തോളം ബാരല്‍ എണ്ണയുടെ അപര്യാപ്തതയാണ് വിപണിയിലുണ്ടാകുക. വെനസ്വെലയില്‍ നിന്നും ഇറാഖില്‍ നിന്നുമുള്ള എണ്ണ നഷ്ടമായ എണ്ണവിപണിക്കത് ആഘാതമാകും. ഇറാനില്‍ നിന്നും എണ്ണ സ്വീകരിക്കാന്‍ കഴിയാതെ വന്നതോടെ ഉപഭോക്താക്കള്‍ക്കുള്ള എണ്ണയുടെ കരാറ് വിലകളിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇറാനില്‍ നിന്നുമുള്ള താരതമ്യേന വില കുറഞ്ഞ എണ്ണയ്ക്ക് പകരമായി പശ്ചിമേഷ്യയില്‍ നിന്നും വലിയ വിലയ്ക്ക് എണ്ണ വാങ്ങേണ്ട അവസ്ഥയിലാണ് ഏഷ്യയിലെ ഉപഭോക്താക്കള്‍. ഉദാഹരണത്തിന് പശ്ചിമേഷ്യയില്‍ നിന്നുള്ള ബസ്ര ലൈറ്റ് എണ്ണ എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ വിലയ്ക്കാണ് എണ്ണ വില്‍ക്കുന്നത്.

അമേരിക്ക-ചൈന വ്യാപാര ചര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ വിപണിയിലുണ്ടായ സ്തംഭനാവസ്ഥ മൂലം കഴിഞ്ഞ മൂന്നാഴ്ചയായി എണ്ണവില തകര്‍ച്ചയുടെ വക്കിലാണ്. എന്നാല്‍ ഫുജെയ്‌റയില്‍ ചരക്ക് കപ്പലുകള്‍ക്ക് നേരെയും സൗദിയിലെ എണ്ണ പൈപ്പ്‌ലൈനുകള്‍ക്കും നേരെയും നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വാരം ആദ്യം എണ്ണവില തിരിച്ചുകയറി. അന്ന് ബാരലിന് 71 ഡോളര്‍ വരെ വില കൂടി.

എണ്ണ ഉല്‍പാദനത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിനായി സ്ഥാപിക്കപ്പെട്ട ഒപെക് പ്ലസ്, പ്രത്യേകിച്ച് സൗദി അറേബ്യ ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയും ഐഇഎ പങ്കുവെച്ചു. കഴിഞ്ഞ മാസം അനുവദിക്കപ്പെട്ടതിനേക്കാള്‍ 500,000 ബാരലുകള്‍ കുറച്ചാണ് സൗദി എണ്ണ ഉല്‍പാദനം നടത്തിയത്. സൗദി അറേബ്യയും റഷ്യയും നേതൃത്വം നല്‍കുന്ന ഈ ഒപെക് പ്ലസ് കൂട്ടായ്മ ഈ വര്‍ഷം തുടക്കം മുതല്‍ എണ്ണ ഉല്‍പാദനത്തില്‍ 1.2 മില്യണ്‍ ബാരലിന്റെ കുറവ് വരുത്തിക്കൊണ്ട് വിപണിയെ നിയന്ത്രണത്തിലാക്കാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ്. മൂന്നാംപാദം മുതല്‍ എണ്ണയുടെ ആവശ്യത്തില്‍ പ്രതിദിനം 1.17 ബാരലിന്റെ വര്‍ധനവുണ്ടാകുമെന്നാണ് ഒപെകിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

എണ്ണ വിതരണ രംഗത്തെ പുതിയ അനിശ്ചിതത്വങ്ങളുടെയും യുഎഇയിലും സൗദി അറേബ്യയിലും എണ്ണ സംവിധാനങ്ങളെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഒപെക് പ്ലസിന്റെ സാങ്കേതിക കമ്മിറ്റിയുടെ യോഗം ജിദ്ദയില്‍ ആരംഭിച്ചു. മാര്‍ച്ചില്‍ അസെര്‍ബൈജാനിലെ ബാകുവിലാണ് അവസാനമായി ഒപെക് പ്ലസ് യോഗം ചേര്‍ന്നത്. അതിന് ശേഷം എണ്ണയുടെ ആവശ്യത്തിലും വിതരണത്തിലും വലിയ മാറ്റങ്ങളാണ് ഉണ്ടായത്.

മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സാങ്കേതിക കമ്മിറ്റി യോഗത്തില്‍ നിലവിലെ ഒപെക് കരാറുകള്‍ തുടരണമോ വിതരണം വര്‍ധിപ്പിക്കണമോ എന്നുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും. ഒപെക് പ്ലസിന്റെ കര്‍ശന നിബന്ധകളുടെ പശ്ചാത്തലത്തില്‍ എണ്ണവില കഴിഞ്ഞ വര്‍ഷം ബാരലിന് 60 ഡോളറില്‍ നിന്നും 70 ഡോളറായി ഉയര്‍ന്നിരുന്നു.

Comments

comments

Categories: Arabia
Tags: Oil Market