7 സീറ്റര്‍ ഹെക്ടര്‍ എസ്‌യുവി വരുമെന്ന് എംജി മോട്ടോര്‍

7 സീറ്റര്‍ ഹെക്ടര്‍ എസ്‌യുവി വരുമെന്ന് എംജി മോട്ടോര്‍

7 സീറ്റ് വേര്‍ഷന്‍ 2020 ഏപ്രില്‍ മാസത്തോടെ ഇന്ത്യയില്‍ അവതരിപ്പിക്കും

ന്യൂഡെല്‍ഹി : എംജി ഹെക്ടര്‍ എസ്‌യുവിയുടെ 7 സീറ്റ് പതിപ്പ് 2020 ല്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. എംജി മോട്ടോര്‍ ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ബിഎസ് 6 പ്രാബല്യത്തിലാകുന്ന 2020 ഏപ്രില്‍ ഒന്നോടുകൂടിയായിരിക്കും എംജി ഹെക്ടര്‍ 7 സീറ്റര്‍ വിപണിയിലെത്തുന്നത്. 7 സീറ്റര്‍, 8 സീറ്റര്‍ എന്നൊന്നും ഇപ്പോള്‍ പറയുന്നില്ലെങ്കിലും മൂന്നാം നിര സീറ്റുകള്‍ ഉറപ്പിക്കാമെന്ന് എംജി മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ രാജീവ് ഛാബ പറഞ്ഞു. ബാവോജുന്‍ 530 എസ്‌യുവിയുടെ 7 സീറ്റ് വേര്‍ഷന്‍ ചൈനയില്‍ വില്‍ക്കുന്നുണ്ട്. ബാവോജുന്‍ 530 അടിസ്ഥാനമാക്കിയാണ് എംജി ഹെക്ടര്‍ എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത്.

മിഡ്‌സൈസ് എസ്‌യുവി സെഗ്‌മെന്റില്‍ ഏറ്റവും വലുപ്പമുള്ളവന്‍ എന്ന ഖ്യാതിയോടെയാണ് എംജി ഹെക്ടര്‍ എസ്‌യുവി അടുത്ത മാസം ഇന്ത്യന്‍ വിപണിയിലെത്തുന്നത്. 4,655 എംഎം നീളവും 2,750 എംഎം വീല്‍ബേസുമുള്ള ഹെക്ടര്‍ എസ്‌യുവി 5 സീറ്റുകളുമായാണ് വരുന്നത്. നീളവും വീല്‍ബേസും ഇത്രയധികം ഉള്ളതിനാല്‍ 7 സീറ്റ് വേര്‍ഷന്‍ പുറത്തിറക്കുന്നത് എംജി മോട്ടോറിന് എളുപ്പമാകും. മൂന്നാമതൊരു നിര സീറ്റുകള്‍ കൂടി നല്‍കും. നിലവില്‍ നല്ല വലുപ്പമുള്ള ഹെക്ടറില്‍ 7 സീറ്റുകള്‍ സ്ഥാപിക്കുന്നതിന് അളവുകളില്‍ വലിയ വ്യത്യാസം വരുത്തേണ്ടി വരില്ല. അതുകൊണ്ടുതന്നെ മൂന്നാം നിര സീറ്റുകള്‍ എളുപ്പത്തില്‍ സ്ഥാപിക്കാന്‍ കഴിയും. 5 സീറ്റ് ഹെക്ടറിന് 587 ലിറ്ററെന്ന വലിയ ബൂട്ടാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ കുറേ സ്ഥലം മൂന്നാം നിര സീറ്റുകള്‍ക്കായി ഉപയോഗിക്കാന്‍ കഴിയും.

5 സീറ്റ്, 7 സീറ്റ് പതിപ്പുകളുടെ എന്‍ജിന്‍ ഓപ്ഷനുകളില്‍ മാറ്റമുണ്ടായേക്കില്ല. 143 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 170 എച്ച്പി പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍, 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ (48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് വേര്‍ഷന്‍) എന്നിവയായിരിക്കും എന്‍ജിന്‍ ഓപ്ഷനുകള്‍.

Comments

comments

Categories: Auto
Tags: MG Hector