ലണ്ടന്‍ വിപണി തുറന്ന് കേരളം

ലണ്ടന്‍ വിപണി തുറന്ന് കേരളം

ലണ്ടന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ സംസ്ഥാന തല സ്ഥാപനമായി കിഫ്ബി

ലണ്ടന്‍: കേരളത്തെ സംബന്ധിച്ച് ചരിത്രനിമിഷങ്ങള്‍ക്ക് വേദിയായി ലണ്ടന്‍ ഓഹരി വിപണി. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ക്ഷണപ്രകാരം കേരളാ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്നലെ വ്യാപാരത്തിനായി ഓഹരി വിപണി തുറന്നു നല്‍കിയത്. പ്രാദേശിക സമയം രാവിലെ എട്ട് മണിക്ക് മണി മുഴക്കിയാണ് മുഖ്യമന്ത്രി വ്യാപാരത്തിന് അനുമതി നല്‍കിയത്. ഈ നേട്ടം കൈവരിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന മുഖ്യമന്ത്രിയെന്ന റെക്കോഡ് പിണറായി വിജയന്‍ ഇതോടെ കരസ്ഥമാക്കി. കിഫ്ബി (കേരള ഇന്‍ഫ്രാസ്ട്രചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) ഓഹരികള്‍ ഇവിടെ ലിസ്റ്റ് ചെയ്തതോടെ ലണ്ടന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന തല സ്ഥാപനം എന്ന പദവിയും കിഫ്ബിയും ഔദ്യോഗികമായി നേടി. ആഗോള നിക്ഷേപക സമൂഹവുമായി കൂടുതല്‍ സജീവമായി ഇടപെടാന്‍ ഇത് സംസ്ഥാനത്തെ സഹായിക്കുമെന്നാണ് പതീക്ഷ. ധനമന്ത്രി തോമസ് ഐസക്, ചീഫ് സെക്രട്ടറി ടോം ജോസ്, കിഫ്ബി സിഇഒ ഡോ. കെ എം എബ്രഹാം എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ലണ്ടന്‍ ഓഹരി വിപണിയിലേക്കുള്ള കിഫ്ബിയുടെ പ്രവേശനത്തോടെ അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 50,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. ഓഹരി വാങ്ങുന്നവര്‍ക്ക് സ്ഥിരമായി നിക്ഷേപത്തില്‍ നിന്നുള്ള ലാഭം ഉറപ്പാക്കുന്ന ഈല്‍ഡ് കര്‍വ് വിദേശ വിപണിയില്‍ കിഫ്ബി സ്ഥാപിച്ചു കഴിഞ്ഞു. കിഫ്ബി മസാല ബോണ്ട് വില്‍പ്പനയിലൂടെ ഇതിനകം 2,150 കോടി രൂപ സമാഹരിച്ചെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 9.723 ശതമാനം സ്ഥിര വാര്‍ഷിക പലിശയാണ് നല്‍കുക. പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായാണ് ധനമന്ത്രി ഡോ. തോമസ് ഐസക്, മസാല ബോണ്ടെന്ന ആശയം മുന്നോട്ടു വെച്ചിരുന്നത്. രൂപയുടെ അടിസ്ഥാനത്തില്‍ വിദേശ വിപണിയില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ അവതരിപ്പിക്കുന്ന ബോണ്ടുകളെയാണ് മസാല ബോണ്ട് എന്ന് പറയുന്നത്.

Categories: Business & Economy, Slider