രക്ഷയില്ലാതെ ജെറ്റ്; പ്രതിസന്ധിയില്‍ വ്യോമയാനം

രക്ഷയില്ലാതെ ജെറ്റ്; പ്രതിസന്ധിയില്‍ വ്യോമയാനം
  • ജെറ്റ് എയര്‍വെയ്‌സ് അടച്ചുപൂട്ടിയതോടെ വിമാന ടിക്കറ്റ് നിരക്ക് കൂടി
  • അവധിക്കാല ആവശ്യകത നിറവേറ്റാന്‍ ഒരുക്കത്തോടെ വിമാനക്കമ്പനികള്‍

ന്യൂഡെല്‍ഹി: ഭീമമായ നഷ്ടവും ബാധ്യതയും കാരണം പ്രതിന്ധിയിലായ ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയിട്ട് ഒരു മാസം പിന്നിടുകയാണ്. ഏപ്രില്‍ 17നാണ് ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്. അടിയന്തിര മൂലധനം കിട്ടാനുള്ള ചെറിയൊരു സാധ്യത നിലവില്‍ കമ്പനിക്ക് മുന്നിലുണ്ട്. ജെറ്റ് എയര്‍വെയ്‌സിന്റെ തകര്‍ച്ച ഇന്ത്യന്‍ വ്യോമയാന വ്യവസായത്തെ തന്നെ വലിയ രീതിയില്‍ ബാധിച്ചിട്ടുണ്ട്.

ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയത് വിമാന യാത്രാ നിരക്ക് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. യാത്ര തിയതിക്ക് അടുത്തും യാത്ര ചെയ്യുന്ന ദിവസവും ടിക്കറ്റ് ബുക്ക് ചെയ്യുന്നവരെയാണ് ടിക്കറ്റ് നിരക്ക് വലയ്ക്കുന്നത്. ടിക്കറ്റ് നിരക്കില്‍ ശ്രദ്ധകൊടുത്ത് യാത്ര ചെയ്യുന്നവരെ സംബന്ധിച്ച് നിരക്ക് വര്‍ധന യാത്രയുടെ ആകര്‍ഷണം കളയുന്നുവെന്നാണ് വ്യവസായ മേഖലയില്‍ നിന്നുള്ള നിരീക്ഷകരുടെ അഭിപ്രായം.

എന്നാലിതൊരു താല്‍ക്കാലിക പ്രതിസന്ധി മാത്രമാണെന്നും മറ്റ് വിമാനക്കമ്പനികള്‍ യാത്രികരുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ക്രമേണ പരിഹരിക്കുമെന്നും വിപണി വിദഗ്ധര്‍ വ്യക്തമാക്കി. വേനല്‍ അവധിക്കാലത്താണ് വിമാന യാത്രകള്‍ക്ക് കൂടുതല്‍ ആവശ്യക്കാരെത്തുന്നത്. ഈ സമയത്ത് എല്ലാ റൂട്ടുകളിലേക്കും വിമാന ടിക്കറ്റിന് ഉയര്‍ന്ന ആവശ്യകതയുണ്ടാകും. ഇതിനിടയിലാണ് ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം അവസാനിപ്പിച്ചിരിക്കുന്നത്.

ജെറ്റിന്റെ പതനം വ്യോമയാന രംഗത്തുണ്ടാക്കുന്ന ആഘാതം വളരെ വലുതാണ്. പ്രതിസന്ധി കമ്പനിയെ വിഴുങ്ങുന്നതിന് മുന്‍പ് 119 വിമാനങ്ങളാണ് കമ്പനിക്കുണ്ടായിരുന്നത്. ഘട്ടംഘട്ടമായി ഇവയെല്ലാം നിലത്തിറക്കിയതോടെ തന്നെ ഉയര്‍ന്ന ആവശ്യകത പരിഹരിക്കാന്‍ വ്യോമയാന രംഗം നന്നേ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. മറ്റ് വിമാനക്കമ്പനികള്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിലൂടെ വര്‍ധിച്ച ആവശ്യകത നിറവേറ്റാന്‍ വ്യോമയാന രംഗത്ത് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജെറ്റ് പ്രവര്‍ത്തനം നിര്‍ത്തിയതിന് ശേഷം മാത്രം 65 പുതിയ സര്‍വീസുകളാണ് സ്‌പൈസ്‌ജെറ്റ് ആരംഭിച്ചിട്ടുള്ളത്. ഇത്തരത്തില്‍ മറ്റ് കമ്പനികള്‍ കൂടുതല്‍ സര്‍വീസുമായി രംഗത്തെത്തുന്നത് വിമാന നിരക്ക് കുറയ്ക്കുന്നതിന് സഹായിക്കുമെന്ന് ട്രാവല്‍ പോര്‍ട്ടലായ യാത്ര ഡോട്ട് കോമിന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ശരത് ധാല്‍ പറഞ്ഞു.

വ്യോമയാന രംഗത്തുണ്ടാക്കിയ പ്രതിസന്ധിക്ക് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനും ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയത് കാരമായിട്ടുണ്ട്. കമ്പനി തിരിച്ചുവരുമെന്നതിന് യാതൊരു ഉറപ്പുമില്ലാതെയാണ് ഈ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായത്. മറ്റ് കമ്പനികളിലെ തൊഴിലവസരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പൈലറ്റുമാരും കാബിന്‍ ജീവനക്കാരും എന്‍ജിനീയര്‍മാരും അടക്കമുള്ളവര്‍.

പ്രവര്‍ത്തനം നിര്‍ത്തുന്ന സമയത്ത് 15,000 ജീവനക്കാരാണ് ജെറ്റ് എയര്‍വെയ്‌സില്‍ ഉണ്ടായത്. കഴിഞ്ഞയാഴ്ച കമ്പനിയുടെ മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളാണ് വിനയ് ദുബെ സിഇഒ അമിത് അഗര്‍വാള്‍ ഡെപ്യൂട്ടി സിഇഒ, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എന്നിവര്‍ ജെറ്റ് എയര്‍വെയ്‌സില്‍ നിന്ന് രാജിവെച്ചിരുന്നു. ജെറ്റിന്റെ വീണ്ടെടുപ്പ് ഇപ്പോഴും അനിശ്ചിതത്വത്തില്‍ തന്നെ തുടരുകയാണ്. ഇത് ഏറ്റവും കൂടുതല്‍ നഷ്ടം വരുത്തുന്നത് എസ്ബിഐക്കാണ്. മാര്‍ച്ച് 31ലെ കണക്ക് പ്രകാരം 5,285 കോടി രൂപയാണ് ജെറ്റ് എയര്‍വെയ്‌സിന്റെ കടം. ഇതിപ്പോള്‍ വീണ്ടും ഉയര്‍ന്നിട്ടുണ്ടാകും.

Comments

comments

Categories: FK News
Tags: Jet Airways