സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയും തായ്‌വാനും

സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയും തായ്‌വാനും

വമ്പന്‍ യന്ത്രങ്ങളും ഘടകങ്ങളും നിര്‍മിക്കുന്ന കമ്പനികള്‍ക്കും എന്‍ജിനീയറിംഗ് കമ്പനികള്‍ക്കും ഇന്ത്യയില്‍ അവസരം

രാഷ്ട്രീയ തടസങ്ങള്‍ മൂലം ഞങ്ങള്‍ക്ക് ഏതാനും എഫ്ടിഐകള്‍ മാത്രമേ ഉള്ളു. ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ മത്സരാധിഷ്ടിതവും മെച്ചപ്പെട്ട നിലവാരവുമുള്ളതാണ്. എന്നാല്‍ മിക്ക രാജ്യങ്ങളിലും ഉയര്‍ന്ന ഇറക്കുമതി കുത്തകയാണ് അഭിമുഖീകരിക്കേണ്ടി വരുന്നത്

-വാള്‍ട്ടര്‍ എംഎസ് യെഹ്, തായ്‌വാന്‍ ട്രേഡ് കൗണ്‍സില്‍

ന്യൂഡെല്‍ഹി: ചൈനയില്‍ നിന്നുള്ള സാങ്കേതിക ഉപകരണങ്ങളുടെ ഇറക്കുമതി കുറയ്ക്കാന്‍ തായ്‌വാനുമായുള്ള സഹകരണം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. തായ്‌വാന്‍ കമ്പനികള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കൊടുക്കാനും സ്വതന്ത്ര വ്യാപാര കരാര്‍ കഴിയുന്നതും വേഗം യാഥാര്‍ഥ്യമാക്കാനുമാണ് ഇന്ത്യ ശ്രമമാരംഭിച്ചത്. അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണിയിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ വലിയ താല്‍പ്പര്യത്തോടെ തായ്‌വാനും രംഗത്തുണ്ട്. ചൈനയുടെ കടുത്ത വിരോധത്തെത്തുടര്‍ന്ന് മന്ദഗതിയിലായ ചര്‍ച്ചകള്‍ക്കാണ് ഇപ്പോള്‍ വേഗം കൈവന്നിരിക്കുന്നത്. തായ്‌വാനെ സ്വന്തം പ്രവിശ്യയായി കാണുന്ന ചൈന, തായ്‌പേയ് ആസ്ഥാനമാക്കിയ രാജ്യത്തെ സ്വതന്ത്ര രാജ്യമായി ഇതുവരെ അംഗീകരിക്കാന്‍ കൂട്ടാക്കിയിട്ടില്ല. തായ്‌വാന്‍ കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിനെ ചൈന തുടര്‍ച്ചയായി എതിര്‍ത്തിരുന്നു.

പുതിയ വ്യാപാര കരാറിന്റെ അടിസ്ഥാനത്തില്‍ വമ്പന്‍ യന്ത്രങ്ങളും ഘടകങ്ങളും നിര്‍മിക്കുന്ന കമ്പനികള്‍ക്കും എന്‍ജിനീയറിംഗ് കമ്പനികള്‍ക്കും ഇന്ത്യയില്‍ പ്രാഥമിക അവസരമൊരുക്കും. ഇലക്ട്രോണിക്‌സ് നിര്‍മാണ കമ്പനികള്‍ക്കും ഇന്ത്യയില്‍ ഉല്‍പ്പാദന ശാലകള്‍ തുടങ്ങാന്‍ അവസരമുണ്ടാകും. ഇത്തരം ഘടകരങ്ങളും ഉപകരണങ്ങളും ഇന്ത്യയില്‍ നിര്‍മിക്കുകയെന്നത് ഇന്ത്യയുടെ അതീവ താല്‍പ്പര്യത്തിലുള്ള വിഷയമാണ്. ചൈനയുടെ കുത്തകയെയും ഭീഷണിയെയും നേരിടാനാണ് ഈ നിലപാട്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച പങ്കാളിയാകും തായ്‌വാനെന്ന് കണക്കാക്കപ്പെടുന്നു.

തായ്‌വാനിലെ ഗോള്‍ഡന്‍ വാലി മേഖല, ആയിരത്തിലേറെ സൂക്ഷ്മ യന്ത്ര നിര്‍മ്മാതാക്കളും വിതരണക്കാരുമുള്ള ലോകത്തിലെ ഏക സ്ഥലമാണ്. 72 വിഭാഗങ്ങളിലായി ഈ വ്യവസായം വ്യാപിച്ചു കിടക്കുന്നു. നെറ്റ്‌വര്‍ക്കിംഗ് ഉപകരണങ്ങള്‍, സൈക്കിളുകള്‍, കാറിന്റെ ഘടകങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്ന നിരവധി തായ്‌വാന്‍ കമ്പനികള്‍ കൂടിയും ഉല്‍പ്പാദന ചെലവും വര്‍ധിക്കുന്നതിനാല്‍ ചൈനയില്‍ നിന്ന് മടങ്ങാനൊരുങ്ങുകയാണ്. നിര്‍മാണ മേഖലയുടെ ഒരു പങ്ക് ഇന്ത്യയിലേക്ക് മാറ്റാന്‍ തായ്‌വാന്‍ ഒരുങ്ങുന്നതിന് ഇതും കാരമമാണ്. തായ്‌വാന്‍ കമ്പനികള്‍ക്ക് പ്രത്യേക സെസുകള്‍ അനുവദിക്കുന്നത് ഇന്ത്യയും പരിഗണിക്കുന്നു. ഓസ്‌ട്രേലിയ, ജപ്പാന്‍, കാനഡ, സിംഗപ്പൂര്‍ തുടങ്ങിയ വലിയ സമ്പദ്‌വ്യവസ്ഥകളടങ്ങുന്ന ട്രാന്‍സ്-പസഫിക് കൂട്ടായമയില്‍ അംഗത്വം നേടാനും ഉടമ്പടികളില്‍ ഒപ്പുവെയ്ക്കാനും തായ്‌വാന്‍ ഇതിനൊപ്പം ആഗ്രഹിക്കുന്നുണ്ട്.

Categories: FK News, Slider
Tags: India-Taiwan