വിടവാങ്ങിയത് വാസ്തുവിദ്യയെ കവിത പോലെ സുന്ദരമാക്കിയ ശില്‍പി

വിടവാങ്ങിയത് വാസ്തുവിദ്യയെ കവിത പോലെ സുന്ദരമാക്കിയ ശില്‍പി

ഈ നൂറ്റാണ്ടിന് അതിന്റെ അതിമനോഹരമായ ഇന്റീരിയര്‍ സ്‌പേസും, എക്സ്റ്റീരിയര്‍ രൂപങ്ങളും സമ്മാനിച്ച വാസ്തുശില്പിയാണ് ഐ.എം. പെയ്. അര നൂറ്റാണ്ടിലേറെക്കാലം ദൈര്‍ഘ്യമുള്ള കരിയറില്‍ പെയ്, അന്താരാഷ്ട്ര ശ്രദ്ധയാകര്‍ഷിച്ച നിരവധി കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്തു. ഇന്ന് ലോകം അത്ഭുതത്തോടെയും ആശ്ചര്യത്തോടെയും നോക്കിക്കാണുന്ന പ്രശസ്ത കെട്ടിടങ്ങളില്‍ അദ്ദേഹത്തിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. അവയില്‍ 72 നിലകളുള്ള ബാങ്ക് ഓഫ് ചൈന ടവറും, റോക്ക് ആന്‍ഡ് റോള്‍ ഹാള്‍ ഓഫ് ഫെയിം ആന്‍ഡ് മ്യൂസിയവും ഉള്‍പ്പെടും. കഴിഞ്ഞ ദിവസം അദ്ദേഹം 102-ാം വയസില്‍ ന്യൂയോര്‍ക്കില്‍ വച്ച് വിടവാങ്ങിയപ്പോള്‍ നഷ്ടമാകുന്നത് ദീര്‍ഘവീക്ഷണമുള്ളൊരു ആര്‍ക്കിടെക്റ്റിനെയാണ്.

ലോകത്തങ്ങോളമിങ്ങോളമുള്ള കെട്ടിടങ്ങള്‍ക്കു വ്യത്യസ്ത രീതിയില്‍ സുന്ദരമായ ചട്ടക്കൂട് രൂപകല്‍പന ചെയ്ത ഐ.എം. പെയ് 102-ാം വയസില്‍ വിടവാങ്ങി. വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ വച്ചായിരുന്നു അന്ത്യം. റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ക്കും, കോര്‍പറേറ്റ് പ്രമുഖര്‍ക്കും, ആര്‍ട്ട് മ്യൂസിയം രംഗത്തുള്ളവര്‍ക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു പെയ്. പെയ് എന്ന ആര്‍ക്കിടെക്റ്റ് രൂപകല്‍പ്പന ചെയ്തതാണെങ്കില്‍ ആ സൗധങ്ങള്‍ വീക്ഷിക്കാന്‍ ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ ഒഴുകിയെത്തുമെന്നത് തീര്‍ച്ചയായിരുന്നു. പാരീസിലെ അഴകുള്ള ലൂവ്രേ ഗ്ലാസ് പിരമിഡും, യുഎസിലെ ക്ലീവ്‌ലാന്‍ഡിലുള്ള റോക്ക് & റോള്‍ ഹാള്‍ ഫെയിം മ്യൂസിയവും, ഹോങ്കോങിലെ ഉയര്‍ന്നു നില്‍ക്കുന്ന ബാങ്ക് ഓഫ് ചൈന ടവറും ഉദാഹരണങ്ങളാണ്.

1917-ല്‍ ചൈനയിലെ ഗുവാങ്‌സുവിലായിരുന്നു ഇയോ മിംഗ് പെയ് എന്ന ഐ.എം. പെയ്‌യുടെ ജനനം. അച്ഛന്‍ ബാങ്ക് മാനേജരായിരുന്നു. അമ്മ ആര്‍ട്ടിസ്റ്റും. ചെറുപ്രായത്തില്‍ തന്നെ ഷാങ്ഹായിലെയും, ഹോങ്കോങിലെയും ബഹുനില മന്ദിരങ്ങളുടെ നിര്‍മാണത്തില്‍ ആകൃഷ്ടനായിട്ടുണ്ട് പെയ്. ഇതാണ് അദ്ദേഹത്തെ വാസ്തുവിദ്യയുടെ ലോകത്തേയ്ക്ക് അടുപ്പിച്ചത്. 17-ാം വയസില്‍ പെയ് ആര്‍ക്കിടെക്ചര്‍ പഠിക്കാന്‍ ചൈനയില്‍നിന്നും യുഎസിലെത്തി. 1940-ല്‍ മസാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്നും ആര്‍ക്കിടെക്ചറില്‍ ബിരുദമെടുത്തു. പിന്നീട് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ഡിസൈനില്‍നിന്നും 1946-ല്‍ ആര്‍ക്കിടെക്ചറില്‍ മാസ്റ്റേഴ്‌സ് ബിരുദവും കരസ്ഥമാക്കി. ഹാര്‍വാര്‍ഡിലെ പഠന കാലത്ത് പെയ്, ആധുനിക ആര്‍ക്കിടെക്ചറിലെ മാസ്റ്ററെന്നു വിശേഷിപ്പിക്കുന്ന വാള്‍ട്ടര്‍ ഗ്രൂപ്പിയസിന്റെ കീഴില്‍ പരിശീലനം നേടാനും സാധിച്ചു. പഠനത്തിനു ശേഷം 1954-ല്‍ പെയ്ക്കു യുഎസ് പൗരത്വം ലഭിച്ചു. 1948-ല്‍ ന്യൂയോര്‍ക്കിലെ റിയല്‍ എസ്റ്റേറ്റ് ഡവലപ്പറായ വില്യം സെക്കന്‍ഡോര്‍ഫ് സീനിയറിനു കീഴില്‍ പെയ്, തൊഴില്‍ അഭ്യസിച്ചു തുടങ്ങി. ഡിസൈനിംഗിലുള്ള തന്റെ കഴിവ് രാകി മിനുക്കിയെടുക്കുകയും ചെയ്തു. വില്യം സെക്കന്‍ഡോര്‍ഫിന്റെ കീഴില്‍ തൊഴില്‍ അഭ്യസിച്ചിരുന്ന കാലത്ത് പെയ് ഷോപ്പിംഗ് സെന്റര്‍, ഓഫീസ്, റെസിഡന്‍ഷ്യല്‍ ടവര്‍ തുടങ്ങിയവ ഡിസൈന്‍ ചെയ്തിരുന്നു പെയ്. തുടര്‍ന്ന് 1955-ല്‍ സ്വന്തം സ്ഥാപനം ആരംഭിച്ചു. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ പെയ്, നിര്‍മിച്ച മ്യൂസിയങ്ങള്‍, മുന്‍സിപ്പല്‍ ബില്‍ഡിംഗുകള്‍, ഹോട്ടലുകള്‍, സ്‌കൂളുകള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവയില്‍ കൃത്യമായ ജ്യോമിട്രിയും, പ്രകാശത്തിന് പ്രാധാന്യം നല്‍കുന്ന അമൂര്‍ത്തമായ ആശയവും പ്രകടമായിരുന്നു. അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഭൂരിഭാഗവും ഗ്ലാസ്, സ്റ്റീല്‍, കല്ല് എന്നിവയാല്‍ നിര്‍മിതവുമായിരുന്നു.

1978-ല്‍ വാഷിംഗ്ടണിലെ നാഷണല്‍ ഗ്യാലറി ഓഫ് ആര്‍ട്ടിലെ ഈസ്റ്റ് ബില്‍ഡിംഗ് നിര്‍മിച്ചു കൊണ്ട് പെയ്, ഒരു മ്യൂസിയത്തെ കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടിനു മാറ്റമുണ്ടാക്കി. കേരളത്തില്‍ കാണപ്പെടാറുള്ളതാണു നാലുകെട്ട്. ഇതിന്റെ നടുക്ക് തുറസ്സായ സമചതുരത്തിലുള്ള ഭാഗവുമുണ്ടാകും. ഈ ഭാഗത്ത് പെയ് മ്യൂസിയം സ്ഥാപിച്ചു. മ്യൂസിയത്തിന്റെ മേല്‍ക്കൂരയാകട്ടെ, ആകാശ വെളിച്ചം കടത്തിവിടുന്ന പിരമിഡ് ആകൃതിയിലുള്ള കിളിവാതില്‍ പോലുള്ളവയായിരുന്നു. ഇതിലൂടെ സൂര്യ വെളിച്ചത്തിന്റെയും നിഴലിന്റെയും സജീവ സാന്നിധ്യം ഉറപ്പാക്കാനും സാധിച്ചു. പെയ്ക്ക് പ്രശസ്തി നേടി കൊടുത്ത ഒരു പ്രൊജക്റ്റ് കൂടിയായിരുന്നു ഇത്
12-ാം നൂറ്റാണ്ടില്‍ നിര്‍മിച്ച, നിരവധി വിനോദ സഞ്ചാരികളെത്തുന്ന ലുവ്രേ കൊട്ടാരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളിലൂടെയാണു പെയ് ലോക പ്രശസ്തനായത്. പാരീസിലെ ചരിത്ര പ്രസിദ്ധമായ ലുവ്രേ കൊട്ടാരത്തിലെ നടുമുറ്റത്ത് ഗ്ലാസ്, മെറ്റല്‍ എന്നിവ കൊണ്ടു നിര്‍മിച്ച പിരമിഡുണ്ട്. ഈ പിരമിഡിനു ചുറ്റും ചെറിയ മൂന്നു പിരമിഡുകളുമുണ്ട്. ഇത് ഡിസൈന്‍ ചെയ്തത് 1989-ല്‍ പെയ് ആയിരുന്നു. പിരമിഡ് ഡിസൈന്‍ ചെയ്തതിലൂടെ പെയ് ലോക പ്രശസ്തനുമായി. പക്ഷേ, ഈ പിരമിഡ് നിര്‍മാണവുമായി ബന്ധപ്പെട്ടു പെയ്ക്ക് ആദ്യം നേരിടേണ്ടി വന്ന പരിഹാസം നിസാരമായിരുന്നില്ല. വാഷിംഗ്ടണിലെ നാഷണല്‍ ഗ്യാലറി ഓഫ് ആര്‍ട്ടിലെ ഈസ്റ്റ് ബില്‍ഡിംഗിന്റെ മികവ് കണ്ടു കൊണ്ടാണു ലുവ്രേ കൊട്ടാരം നവീകരിക്കാന്‍ 1980-കളുടെ ആരംഭത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് മിറ്റെറാന്‍ഡ്, പെയെ ക്ഷണിച്ചത്. നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ലുവ്രേ കൊട്ടാരത്തിലേക്കുള്ള പ്രധാന കവാടത്തില്‍ ഗ്ലാസ് പിരമിഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. 70 അടി ഉയരമുള്ള ഉരുക്കിന്റെ ഫ്രെയ്മും, ഗ്ലാസ് കൊണ്ട് ആവരണം ചെയ്തതുമായിരുന്നു പ്രധാന പിരമിഡ്. ഇതിനു ചുറ്റും ചെറിയ മൂന്നു പിരമിഡുകളും സ്ഥാപിച്ചു. ഈ പിരമിഡ് രൂപങ്ങള്‍, ക്ലാസിക് ഫ്രഞ്ച് ശൈലിയിലുള്ള ലുവ്രേ കൊട്ടാരത്തിന്റെ ഘടനയ്ക്കു തികച്ചും വിരുദ്ധമായവയായിരുന്നു. ഇതാകട്ടെ, വലിയ വിവാദങ്ങള്‍ക്കു തിരികൊളുത്താനും കാരണമായി. ലോകത്തിലെ പ്രമുഖ നാഴികക്കല്ലെന്നു വിശേഷിപ്പിക്കുന്ന ലുവ്രേ കൊട്ടാരം വികൃതമാക്കുകയാണെന്ന് ആരോപിച്ചു നിരവധി പേര്‍ രംഗത്തു വന്നു. പെയ്, ഡിസൈന്‍ ചെയ്ത പിരമിഡ് അമേരിക്കയിലെ ഡിസ്‌നിലാന്‍ഡുമായി ബന്ധപ്പെടുത്തുന്ന രൂപമെന്നു വരെ ഫ്രാന്‍സിലെ പത്രം വിശേഷിപ്പിച്ചു. എന്നാല്‍ 1993-ല്‍ നവീകരണ ജോലികളെല്ലാം കഴിഞ്ഞ് കൊട്ടാരം തുറന്നു കൊടുത്തതോടെ വിമര്‍ശകര്‍ സ്തുതിപാഠകരായി. ഇന്ന് ഈ പിരമിഡ് പാരീസ് നഗരത്തിലെ ഒരു ചിഹ്നമാണ്.

ആര്‍ക്കിടെക്ചര്‍ ലോകത്ത് വ്യക്തിമുദ്ര പതിപ്പിച്ച പെയ്ക്ക് ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്. ഈ രംഗത്തെ പരമോന്നത ബഹുമതിയെന്നു വിശേഷിപ്പിക്കുന്ന പ്രിറ്റ്‌സ്‌കര്‍ ആര്‍ക്കിടെക്ചര്‍ പ്രൈസ് പെയ്ക്ക് ലഭിച്ചിട്ടുണ്ട്. പ്രൈസ് മണിയായ ഒരു ലക്ഷം ഡോളര്‍ അദ്ദേഹം ചൈനീസ് വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് ഫണ്ടിലേക്കു സംഭാവന ചെയ്തു.

Categories: Top Stories
Tags: IM Pei

Related Articles