സാമ്പത്തികരംഗത്ത് സമാനതകളില്ലാത്ത പ്രതിസന്ധി

സാമ്പത്തികരംഗത്ത് സമാനതകളില്ലാത്ത പ്രതിസന്ധി

കയറ്റുമതിയും നിക്ഷേപവും വെല്ലുവിളി നേരിടുന്ന അതേസമയത്തുതന്നെ ഉപഭോഗത്തിലും മാന്ദ്യം വരുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭയക്കേണ്ട കാര്യമാണ്. കാരണം ഇതുവരെ സാമ്പത്തികരംഗത്തെ താങ്ങി നിര്‍ത്തിയിരുന്നത് ഉപഭോഗമേഖലയാണ്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളി നേരിടുകയാണിപ്പോള്‍ എന്നത് കുറച്ചുകൂടി വ്യക്തമാവുകയാണ്. ഉപഭോഗ ആവശ്യകതയില്‍ കാര്യമായ മന്ദത അനുഭവപ്പെട്ടു തുടങ്ങി. ഏപ്രില്‍ മാസത്തിലെ ഓട്ടോമൊബീല്‍ മേഖലയിലെ വില്‍പ്പനയില്‍ മാത്രമുണ്ടായത് 17 ശതമാനത്തിന്റെ ഇടിവാണ്, മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍. 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്. ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സി(എഫ്എംസിജി-അതിവേഗം വിറ്റുപോകുന്ന ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍)ന്റെ കാര്യത്തിലും ഇപ്പോള്‍ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നുവെന്നതാണ് ഏറ്റവും ആശങ്കപ്പെടുത്തുന്നത്.

ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയില്‍ മുമ്പ് സ്ഥിരത അനുഭവപ്പെട്ടിരുന്നതാണ്. സമ്പദ് വ്യവസ്ഥയെ താങ്ങി നിര്‍ത്തുന്നതില്‍ അത് നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു. ബാങ്ക് ഇതര ധനകാര്യ സേവന മേഖല (എന്‍ബിഎഫ്‌സി)യിലെ സമ്മര്‍ദം ഓട്ടോമേഖലയിലെ തളര്‍ച്ചയിലെല്ലാം നിര്‍ണായകമായിട്ടുണ്ട്. നിലവിലെ ഓട്ടോ കണക്കുകളെന്നത് വാഹന നിര്‍മാതാക്കള്‍ ഡീലര്‍മാര്‍ക്ക് വാഹനങ്ങള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ്. ഡീലര്‍മാര്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കുന്ന കണക്കുകളല്ല അത്. ഇക്കാര്യത്തിലും സ്വാഭാവികമായും തിരിച്ചടിയുണ്ടാകും.

നിക്ഷേപക ആവശ്യകതയിലെ കുറവാണ് മറ്റൊരു പ്രധാന പ്രശ്‌നം. സമ്പദ് വ്യവസ്ഥയുടെ ശക്തമായ പ്രകടനത്തിന് മികച്ച രീതിയിലുള്ള സ്വകാര്യ നിക്ഷേപം അനിവാര്യമാണ്. പലപ്പോഴും ഫണ്ട് കണ്ടെത്തുന്നതിലെ അഭാവം നിക്ഷേപ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. കമ്പനികളുടെ ലാഭക്ഷമത കുറയുന്നതും മൂലധന ഉപയോഗപ്പെടുത്തല്‍ മികച്ച രീതിയിലല്ലാത്തതുമെല്ലാം സാമ്പത്തിക രംഗത്തെയും ബാധിച്ചു.

കയറ്റുമതിയിലും ഇതേസമയത്ത് ഇടിനവ് അനുഭവപ്പെട്ടുകൊണ്ടിരുന്നു എന്നതാണ് കൂടുതല്‍ തലവേദന ആയത്. രാജ്യത്തിന്റെ വളര്‍ച്ചയുടെ നട്ടെല്ലായി കയറ്റുമതിയെ മാറ്റാന്‍ കുറച്ചുകാലമായി നമുക്ക് സാധിച്ചിട്ടില്ല. കയറ്റുമതി അധിഷ്ഠിതമായിക്ക് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ മാറ്റുമെന്നുള്ള വാഗ്ദാനങ്ങളൊന്നും ഒരു പരിധിക്കപ്പുറം പ്രയോഗത്തില്‍ വന്നിട്ടില്ല.

സാമ്പത്തിരംഗത്തിന്റെ വര്‍ത്തമാന സ്ഥിതിവിശേഷം പരിശോധിക്കുമ്പോള്‍, മുന്‍ അവസ്ഥകളില്‍ നിന്ന് ഇപ്പോഴുള്ള പ്രധാന മാറ്റമാണ് ശ്രദ്ധിക്കേണ്ടത്. കയറ്റുമതിയും നിക്ഷേപവും മന്ദതയിലായിരുന്ന സമയങ്ങളിലും ഉപഭോഗം ശക്തമായിരുന്നു. അതാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തായിരുന്നത്. ഇപ്പോള്‍ ഉപഭോഗത്തിലും ഇടിവ് വരുന്നുവെന്നത് ഇന്ത്യക്ക് വലിയ ഭീഷണിയായി തീരുന്നതും അതിനാലാണ്. അടുത്ത കാലത്ത് ഇന്ത്യയുടെ വളര്‍ച്ചാ എന്‍ജിനായിരുന്ന മേഖലയിലും തളര്‍ച്ച അനുഭവപ്പെടുന്നതിന്റെ പ്രത്യാഘാതങ്ങള്‍ രൂക്ഷമായിരിക്കും. രാജ്യത്ത് വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ലെന്ന കടുത്ത വിമര്‍ശനമാണ് മോദി സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. ഉപഭോഗ ആവശ്യതകയിലെ മികവ് ഈ വാദത്തെ അത്ര സാധൂകരിക്കുന്നതായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ആ രംഗത്തും മാന്ദ്യമുണ്ടാകുന്നവെന്നത് തൊഴില്‍ മേഖലയിലും കാര്യമായ പ്രശ്‌നങ്ങളുണ്ട് എന്നതിന്റെ പ്രതിഫലനമാണ്. ഗ്രാമീണ മേഖലകളെയെല്ലാം എന്‍ബിഎഫ്‌സി രംഗത്തെ പ്രതിസന്ധി കാര്യമായി ബാധിച്ചുവെന്നതിന്റെ സൂചന കൂടിയാണ് ഉപഭോഗത്തിലെ ഇടിവ്.

ഉപഭോഗം, നിക്ഷേപം, കയറ്റുമതി. ഈ മൂന്ന് മേഖലകളില്‍ ഇപ്പോള്‍ രൂക്ഷമായിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള പരിഷ്‌കരണങ്ങള്‍ നടപ്പാക്കുക എന്നതാണ് മേയ് 23ന് ശേഷം അധികാരമേറുന്ന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറ്റവും കഠിനമായ ജോലി. അത് എത്ര മികവോടെ അവര്‍ ചെയ്യുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യന്‍ ഗ്രോത്ത് സ്‌റ്റോറിയുടെ തുടര്‍ച്ച.

Categories: Editorial, Slider