കരി ഉള്‍പ്പെടുത്തിയ പേസ്റ്റ് ഹാനികരം

കരി ഉള്‍പ്പെടുത്തിയ പേസ്റ്റ് ഹാനികരം

വെട്ടിത്തിളങ്ങുന്ന പല്ലുകള്‍ക്ക് വേണ്ടി ടൂത്ത്‌പേസ്റ്റില്‍ കരി ഉള്‍പ്പെടുത്തുന്നത് പല്ലിന് ദോഷകരം

പഴയകാലത്ത് വെട്ടിത്തിളങ്ങുന്ന പല്ലുകള്‍ ഉണ്ടാകാന്‍ ഉമിക്കരിയും കരിക്കട്ടയും ഉപയോഗിച്ച് കുട്ടികളെ പല്ലു തേപ്പിക്കുമായിരുന്നു. കാലം പോയപ്പോള്‍ ഇതിന്റെ ചുവടുപിടിച്ച് ടൂത്ത്‌പേസ്റ്റുകളിലും കരി ചേര്‍ക്കാന്‍ കമ്പനികള്‍ തയാറായി. ഇത് തിളക്കവും വെണ്മയുമുള്ള പല്ലുകള്‍ നല്‍കുമായിരിക്കാം, എന്നാല്‍ ഈ ഉല്‍പ്പന്നങ്ങള്‍ ചില ദന്തരോഗങ്ങള്‍ കൂടി സമ്മാനിക്കുന്നു. ഇത് ഇനാമലിനു കേടുവരുത്തുകയും ദന്തക്ഷയത്തിനും പോടുകള്‍ രൂപപ്പെടുത്തുന്നതിനും കാരണമാകുകയും ചെയ്യുന്നു.

കരി ചേര്‍ത്ത ടൂത്ത്‌പേസ്റ്റ് കമ്പനികള്‍ അവകാശപ്പെടുന്നതു പോലെ ഇതിന് പിന്നില്‍ ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്ന് ബ്രിട്ടീഷ് ഡെന്റല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം മുന്നറിയിപ്പു തരുന്നു. സാധാരണ ടൂത്ത് പേസ്റ്റുകളേക്കാള്‍ കരി ചേര്‍ത്ത ടൂത്ത്‌പേസ്റ്റിന് എന്തെങ്കിലും മേന്മ ഉണ്ടെന്നതിനെ സമര്‍ത്ഥിക്കുന്ന തെളിവുകള്‍ കാണുന്നില്ലെന്ന് ബ്രിട്ടണിലെ മാഞ്ചെസ്റ്റര്‍ ഡെന്റല്‍ സ്‌കൂള്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. ജോസഫ് ഗ്രീന്‍വാള്‍-കോഹന്‍ പറയുന്നു. കരി ചേര്‍ത്ത പേസ്റ്റുകളിലേക്കു തിരിയരുതെന്നും സാധാരണ ടൂത്ത്‌പേസ്റ്റുകള്‍ ഉപയോഗിക്കുന്നത് പ്രോല്‍സാഹിപ്പിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

കരി ചേര്‍ത്ത പലതരം ടൂത്ത്‌പേസ്റ്റുകളും ടൂത്ത് പൗഡറുകളും വിപണിയില്‍ ലഭ്യമാണ്. പ്രകൃതിദത്തമെന്നും പരിസ്ഥിതി സൗഹൃദമെന്നും ബാക്റ്റീയ- ഫംഗസ് പ്രതിരോധമുള്ളവയെന്നും ഈ ഉല്‍പ്പന്നങ്ങളെല്ലാം അവകാശപ്പെടുന്നു. മോണരോഗം, ദന്തരോഗം എന്നിവ തടയുന്നതിനും പല്ലുകളെ പരിരക്ഷിക്കുന്നതിനും വേണ്ടി ഇവ വാങ്ങണമെന്ന് പരസ്യങ്ങള്‍ വഴിയും മറ്റും അവര്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുന്നു. എന്നാല്‍ ഈ ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പറയുന്ന യാതൊരു ഗുണഗണങ്ങളും ഇല്ലെന്നു മാത്രമല്ല, പല്ലിന്റെ ബലം കൂട്ടാനോ ധാതുപുഷ്ടി വരുത്താനോ ദന്തഘടനയെ സുശക്തമാക്കാനോ കഴിയുമെന്നതിനും ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നും ഡോ.ജോണ്‍ ബ്രൂക്ക്‌സ് പറയുന്നു.

ദന്തരോഗങ്ങള്‍ ഉള്ള ചിലര്‍ ഭക്ഷണത്തിനു ശേഷം അടിക്കടി ഫ്‌ളോസിംഗ് നടത്തുകയോ പല്ലുതേക്കുകയോ ചെയ്യുന്ന ശീലം വളര്‍ത്തിയെടുക്കുന്നതു കാണാറുണ്ട്. ഇവര്‍ക്ക് കരി ഉപയോഗിക്കുന്നത് മെച്ചമായി തോന്നിയേക്കാം. എന്നാല്‍, കരി ചേര്‍ത്ത ടൂത്ത്‌പേസ്റ്റ് പരീക്ഷിക്കുന്ന ദന്തരോഗികളില്‍ ഇത് പല്ലിന്റെ ഇനാമലിനു നാശനഷ്ടമുണ്ടാക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് ഗ്രീന്‍വാള്‍-കോഹന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. കരി ചേര്‍ത്ത പേസ്റ്റ് കൂടുതല്‍ കാര്യക്ഷമമാണെന്നോ പല്ലിന് എന്തെങ്കിലും സംരക്ഷണം നല്‍കുമെന്നോ ഉള്ളതിന് യാതൊരു തെളിവും ഇതേവരെയുള്ള പരീക്ഷണങ്ങളില്‍ നിന്നു ലഭ്യമല്ല.

അതേസമയം കരി ചേര്‍ത്ത ടൂത്ത് പേസ്റ്റിന്റെ ഉപയോഗം മൂലം പല്ലിന്റെ സ്വാഭാവിക സംരക്ഷണകവചമായ ഇനാമലിന് കോട്ടം സംഭവിക്കാനിടയുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. പല്ലുതേക്കുമ്പോള്‍ കരിയുടെ പരുക്കന്‍ സ്വഭാവം മൂലം ഇനാമലിന്റെ പുറംപാളി തേഞ്ഞു പോകാനും അകത്തെ കോശജാലങ്ങള്‍ക്കു പരുക്കേല്‍ക്കാനും സാധ്യതയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ദന്തക്ഷയം വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല, കരിയുടെ ഉപയോഗം കാന്‍സര്‍ ഉണ്ടാകാനും കാരണമാകാമെന്ന് ഗവേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ഇത്തരം ടൂത്ത്‌പേസ്റ്റുകളിലെ കരി മാത്രമല്ല, ബെന്റണൈറ്റ് എന്ന കളിമണ്ണും കാന്‍സര്‍കാരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയില്‍ വില്‍ക്കുന്ന 50 ടൂത്ത് പേസ്റ്റ് ബ്രാന്‍ഡുകളില്‍ മൂന്നിലൊന്നിലും ഇവ ഉള്‍പ്പെടുന്നുവെന്ന് ഗവേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ടൂത്ത്‌പേസ്റ്റ് ചേരുവകളില്‍ ഉപഭോക്താക്കള്‍ തേടേണ്ടതില്‍ ഫഌറൈഡ് ആണ് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് ദന്തരോഗവിദഗ്ധരുടെ അഭിപ്രായം. ദന്തക്ഷയത്തിനും പല്ലുകളിലെ പോടുകള്‍ വരുത്തുന്ന ബാക്റ്റീരിയകള്‍ക്കുമെതിരേ പോരാടാന്‍ ഫഌറൈഡിനുള്ള കഴിവ് ധാരാളം ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരമൊരു നേട്ടം കരി ചേര്‍ത്ത ടൂത്ത്‌പേസ്റ്റുകള്‍ക്കില്ലെന്നതാണ് വാസ്തവം.

Comments

comments

Categories: Health