ജനറല്‍ മോട്ടോഴ്‌സുമായി കരീം പങ്കാളിത്ത കരാറിലൊപ്പിട്ടു

ജനറല്‍ മോട്ടോഴ്‌സുമായി കരീം പങ്കാളിത്ത കരാറിലൊപ്പിട്ടു

കരീമിലെ ഡ്രൈവര്‍ പങ്കാളികള്‍ക്ക് കുറഞ്ഞ വിലയ്ക്ക് ജിഎം വാഹനങ്ങള്‍ സ്വന്തമാക്കാന്‍ അവസരം

ദുബായ്: ക്യാപ്റ്റന്‍മാര്‍ക്ക് കാറുകള്‍ സ്വന്തമാക്കാനുള്ള അവസരം വര്‍ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്പ് അധിഷ്ഠിത ടാക്‌സി സംവിധാനമായ കരീം ജനറല്‍ മോട്ടോഴ്‌സുമായി(ആഫ്രിക്ക ആന്‍ഡ് മിഡില്‍ഈസ്റ്റ്) പങ്കാളിത്ത കരാറില്‍ ഒപ്പുവെച്ചു. കരാറ് പ്രകാരം കരീം ക്യാപ്റ്റന്മാര്‍ക്ക് (ഡ്രൈവര്‍ പങ്കാളികള്‍)ജനറല്‍ മോട്ടോഴ്‌സിന്റെ ഏത് വാഹനങ്ങള്‍ വാങ്ങുന്നതിനും ഇളവുകള്‍ ലഭിക്കും. കരീം ക്യാപ്റ്റന്‍മാരുടെ ക്ഷേമത്തിനായി രൂപീകരിച്ച കരീം ഫഌറ്റ് സൊലൂഷന്‍സിന്റെ ഭാഗമാണ് ജനറല്‍ മോട്ടോഴ്‌സുമായുള്ള പുതിയ കരാര്‍.

മൂന്ന് വര്‍ഷങ്ങള്‍ കൊണ്ട് ക്യാപ്റ്റന്‍മാര്‍ക്ക് ജനറല്‍ മോട്ടോഴ്‌സിന്റെ വാഹനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് കരീം ഒരുക്കുന്നത്. ഷെവര്‍ലെ, ജിഎംസി, കാഡിലാക് മോഡലുകള്‍ അടക്കം എല്ലാ ജിഎം വാഹനങ്ങളിലും ഇളവുകള്‍ അനുവദിക്കും. മാത്രമല്ല കരീം ക്യാപ്റ്റന്‍മാര്‍ക്കായി അധിക വാറന്റിയും ജനറല്‍ മോട്ടോഴ്‌സ് നല്‍കും. പശ്ചിമേഷ്യന്‍ മേഖലകളിലെ കരീം ക്യാപ്റ്റന്മാര്‍ക്ക് കാറുകള്‍ സ്വന്തമായി വാങ്ങുന്നതിന് പിന്തുണ നല്‍കുക എന്നതാണ് കരീമിന്റെ ഉദ്ദേശം.

കരീം ഗള്‍ഫ് എംഡി ബസ്സെല്‍ അല്‍ നഹ്ലോയ്, ജനറല്‍ മോട്ടോഴ്‌സ് ആഫ്രിക്ക മിഡില്‍ ഈസ്റ്റ് വാണിജ്യ വിഭാഗം എംഡി ലുയെ അല്‍ ഷുറഫ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറില്‍ ഒപ്പുവെക്കല്‍ നടന്നത്. ക്യാപ്റ്റന്മാരുടെ സന്തോഷത്തിനും സൗഖ്യത്തിനും കരീം വലിയ വില കല്‍പ്പിക്കാറുണ്ടെന്നും ജോലിയിടത്തും പുറത്തും അവരെ പിന്തുണയ്ക്കുന്ന എല്ലാ വഴികളും ഉപയോഗപ്പെടുത്താറുണ്ടെന്നും അല്‍ നഹ്ലോയ് പറഞ്ഞു. ഭാവിയില്‍ ജനറല്‍ മോട്ടോഴ്‌സുമായി കൂടുതല്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും നഹ്ലോയ് കൂട്ടിച്ചേര്‍ത്തു.ഗതാഗതരംഗത്ത് വലിയ തോതിലുള്ള പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുന്ന ഇക്കാലത്ത് കരാറിലൂടെ ആ മാറ്റങ്ങളുടെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് അല്‍ ഷുറഫ പറഞ്ഞു.

2012ല്‍ സ്ഥാപിതമായ കരീം നിലവില്‍ 15 രാജ്യങ്ങളിലായി 120ഓളം സിറ്റികളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: Arabia

Related Articles