യോഗ്യതയുള്ളവര്‍ക്ക് ‘ബില്‍ഡ് അമേരിക്ക’ വിസയുമായി ട്രംപ്

യോഗ്യതയുള്ളവര്‍ക്ക് ‘ബില്‍ഡ് അമേരിക്ക’ വിസയുമായി ട്രംപ്
  • ഉയര്‍ന്ന സാങ്കേതിക പരിജ്ഞാനമുള്ള പ്രഫഷണലുകളുടെ ക്വാട്ട 12 ല്‍ നിന്ന് 57% ആയി ഉയര്‍ത്തും
  • മെറിറ്റ് അടിസ്ഥാനത്തിലുള്ള ഇമിഗ്രേഷന്‍ നയം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്
  • ഗ്രീന്‍ കാര്‍ഡുകള്‍ക്ക് പകരമാവും ‘ബില്‍ഡ് അമേരിക്ക വിസ’ നടപ്പാക്കുക
  • പ്രായം, വിജ്ഞാനം, തൊഴിലവസരങ്ങള്‍, ഭാഷാ പരിജ്ഞാനം പൗരബോധം എന്നിവ മാനദണ്ഡങ്ങള്‍

പ്രായം കുറഞ്ഞ തൊഴിലാളിയാണെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ പോയന്റ് ലഭിക്കും. തൊഴില്‍ വൈദഗ്ധ്യത്തിനും ഉന്നത വിദ്യാഭ്യാസ യോഗ്യതയ്ക്കും തൊഴില്‍ വാഗ്ദാനങ്ങള്‍ക്കും കൂടുതല്‍ പോയന്റുകള്‍ ലഭിക്കും. കുടിയേറ്റത്തിലെ വൈവിധ്യത്തെ ഇത് വര്‍ധിപ്പിക്കും. നിലവിലെ ഗ്രീന്‍ കാര്‍ഡുകള്‍ ബില്‍ഡ് അമേരിക്ക വിസയായി പരിണമിക്കും

-ഡൊണാള്‍ഡ് ട്രംപ്

ന്യൂഡെല്‍ഹി: കുടിയേറ്റക്കാരുടെ വിദ്യാഭ്യാസ, പ്രൊഫഷണല്‍ യോഗ്യതകള്‍ മാനദണ്ഡമാക്കി ഗ്രീന്‍ കാര്‍ഡുകള്‍ക്ക് പകരം ‘ബില്‍ഡ് അമേരിക്ക’ (അമേരിക്കയെ നിര്‍മിക്കൂ) വിസകള്‍ കൊണ്ടുവരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തൊഴിലാളികളുടെ യോഗ്യത അളന്നായിരിക്കും പുതിയ വിസകള്‍ നല്‍കുക. ഉയര്‍ന്ന വൈദഗ്ധ്യവും സാങ്കേതിക പരിജ്ഞാനവുമുള്ള തൊഴിലാളികളുടെ കുടിയേറ്റ ക്വാട്ട നിലവിലെ 12 ശതമാനത്തില്‍ നിന്നും 57 ശതമാനത്തിലേക്ക് ഉയര്‍ത്തുമെന്ന് ട്രംപിന്റെ പുതിയ കുടിയേറ്റ നയം പ്രഖ്യാപിക്കുന്നു. അമേരിക്കന്‍ വിസക്കായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദഗ്ധരായ തൊഴിലാളികള്‍ക്കും ഗുണകരമാകുന്നതാണ് തീരുമാനം. ഐടി മേഖലയിലെയും മറ്റും സാങ്കേതിക വിദഗ്ധര്‍ക്ക് മുന്‍പില്‍ വലിയ അവസരങ്ങളാവും ഇതോടെ തുറന്നു കിട്ടുകയെന്ന് വിലയിരുത്തപ്പെടുന്നു.

പായം, വിജ്ഞാനം, തൊഴിലവസരങ്ങള്‍, ഭാഷാ പരിജ്ഞാനം, പൗരബോധം എന്നിവ മാനദണ്ഡങ്ങളാക്കിയാവും ബില്‍ഡ് അമേരിക്ക വിസകള്‍ നല്‍കുക. ഇതില്‍ യോഗ്യത തെളിയിക്കുന്നവര്‍ക്ക് അമേരിക്കയില്‍ സ്ഥിരതാമസമാക്കാനും പൗരത്വം നേടാനും അനുമതി ലഭിക്കും. ഇംഗഌഷ് ഭാഷാ പരിജ്ഞാനവും പൗര ബോധവും തെളിയിക്കാന്‍ പ്രത്യേക പരീക്ഷകളുണ്ടാവും. നിലവില്‍ രാജ്യത്തേക്ക് കുടിയേറാനായി നല്‍കുന്ന ഗ്രീന്‍ കാര്‍ഡുകള്‍ക്ക് കുടുംബ ബന്ധങ്ങളും (രാജ്യത്ത് ജോലി ചെയ്യുന്നവരുടെ ജീവിതപങ്കാളി, കുട്ടികള്‍ എന്നിവര്‍ക്ക് മുന്‍ഗണന) ആഗോള സാംസ്‌കാരിക വൈവിധ്യവും മറ്റുമാണ് കണക്കിലെടുക്കുന്നത്. ചെറിയൊരു ശതമാനം (12%) പ്രഫഷണലുകളെ മാത്രമാണ് യോഗ്യതയുടെ അടിസ്ഥാനത്തില്‍ കുടിയേറാന്‍ അനുവദിച്ചിരിക്കുന്നത്. വിദേശികള്‍ക്ക് ആജീവനാന്തകാലം യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനും അവകാശം നല്‍കുന്ന ഗ്രീന്‍ കാര്‍ഡ് അഞ്ചു വര്‍ഷത്തിനു ശേഷം യുഎസ് പൗരനാകാനുള്ള മാര്‍ഗവുമാണ്. പ്രതിവര്‍ഷം 1.1 ദശലക്ഷം ഗ്രീന്‍ കാര്‍ഡുകളാണ് നിലവില്‍ യുഎസ് നല്‍കി വരുന്നത്. കുടിയേറ്റ നയ പരിഷ്‌കരണത്തിനുശേഷവും ഈ നിരക്ക് തുടരും.

രാജ്യത്ത് നിലവിലുള്ള കുടിയേറ്റ നയം, ആഗോളതലത്തില്‍ മികച്ച കഴിവുകളുള്ള തൊഴിലാളികളെ സ്വന്തമാക്കുന്നതില്‍ പരാജയപ്പെട്ടതിനാലാണ് ഇത് പരിഷ്‌കരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കുന്നു. ‘പ്രതിഭാശാലികളോട് ഞങ്ങള്‍ വിവേചനം കാട്ടി. ബുദ്ധികൂര്‍മ്മതയോട് ഞങ്ങള്‍ വിവേചനം കാട്ടി. ഈ നയം പാസാകുന്നതോടെ ഞങ്ങള്‍ വിവേചനം അവസാനിപ്പിക്കും. എത്രയും വേഗം ഇത് പാസാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്,’ ട്രംപ് വ്യക്തമാക്കി. മെറിറ്റ് അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന അസാമാന്യരായ വിദ്യാര്‍ത്ഥികളും തൊഴിലാളികളും യുഎസില്‍ താമസിച്ചുകൊണ്ട് രാജ്യത്തെ പരിപോഷിപ്പിക്കണമെന്നും പുരോഗതിയിലേക്ക് നയിക്കണമെന്നുമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Categories: FK Special, Slider