കൂടുതല്‍ പ്രൗഢിയോടെ നാലാം തലമുറ ബിഎംഡബ്ല്യു എക്‌സ്5

കൂടുതല്‍ പ്രൗഢിയോടെ നാലാം തലമുറ ബിഎംഡബ്ല്യു എക്‌സ്5

ഇന്ത്യ എക്‌സ് ഷോറൂം വില 72.90 ലക്ഷം രൂപ മുതല്‍

മുംബൈ : പുതു തലമുറ ബിഎംഡബ്ല്യു എക്‌സ്5 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. എക്‌സ്‌ഡ്രൈവ് 30ഡി സ്‌പോര്‍ട്, എക്‌സ്‌ഡ്രൈവ് 30ഡി എക്‌സ്‌ലൈന്‍ എന്നീ രണ്ട് ഡീസല്‍ വേരിയന്റുകളില്‍ പുതിയ എക്‌സ്5 ലഭിക്കും. യഥാക്രമം 72.90 ലക്ഷം രൂപ, 82.40 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില. എക്‌സ്‌ഡ്രൈവ് 40ഐ എം സ്‌പോര്‍ട് എന്ന പെട്രോള്‍ വേരിയന്റിലും എസ്‌യുവി ലഭിക്കും. എന്നാല്‍ ഈ മോഡലിന്റെ വില്‍പ്പന ഈ വര്‍ഷംതന്നെ പിന്നീട് ആരംഭിക്കും. 82.40 ലക്ഷം രൂപ വില നിശ്ചയിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറാണ് 2019 മോഡല്‍ ബിഎംഡബ്ല്യു എക്‌സ്5 ഇന്ത്യയില്‍ പുറത്തിറക്കിയത്. കമ്പനിക്കകത്ത് ജി05 എന്ന കോഡ്‌നാമത്തില്‍ അറിയപ്പെടുന്ന നാലാം തലമുറ എക്‌സ്5 എസ്‌യുവിയാണ് ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. മുമ്പെന്നത്തേക്കാള്‍ ചുറുചുറുക്കുള്ളവനും സമര്‍ത്ഥനുമാണ് പുതിയ എക്‌സ്5.

ബിഎംഡബ്ല്യു 5 സീരീസ്, 7 സീരീസ്, ബിഎംഡബ്ല്യു എക്‌സ്3 എന്ന ഉപയോഗിക്കുന്ന ക്ലസ്റ്റര്‍ ആര്‍ക്കിടെക്ച്ചര്‍ പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കിയാണ് പുതിയ എക്‌സ്5 നിര്‍മ്മിച്ചിരിക്കുന്നത്. പഴയ മോഡലുകളുടെ സ്‌പോര്‍ടി സ്വഭാവം കൈമോശം വന്നിട്ടില്ല. കൂടുതല്‍ ഫീച്ചറുകള്‍ നല്‍കിയിരിക്കുന്നു. മുന്‍ഗാമിയേക്കാള്‍ 2019 മോഡല്‍ എക്‌സ്5 എസ്‌യുവിയുടെ വലുപ്പം വര്‍ധിപ്പിരിക്കുന്നു. 1999 മുതല്‍ ഉല്‍പ്പാദനമാരംഭിച്ച എക്‌സ്5 ഇതാദ്യമായാണ് ഇത്രയും വലുപ്പം വെയ്ക്കുന്നത്. തൊട്ടുമുന്‍ഗാമിയേക്കാള്‍ നാലാം തലമുറ മോഡലിന്റെ നീളം 35 എംഎം, വീതി 32 എംഎം, ഉയരം 11 എംഎം എന്നിങ്ങനെ വര്‍ധിച്ചു. ചക്രങ്ങള്‍ക്കിടയിലെ അകലവും വര്‍ധിച്ചു. 2,975 മില്ലി മീറ്ററാണ് ഇപ്പോഴത്തെ വീല്‍ബേസ്. 42 എംഎം കൂടുതല്‍. മറ്റെല്ലാ കാര്യങ്ങളിലും വലുപ്പം പറയാമെങ്കിലും ബൂട്ട് ശേഷിയില്‍ മാറ്റം വന്നിട്ടില്ല. 645 ലിറ്ററായി തുടരുന്നു. പിന്‍ സീറ്റുകള്‍ മടക്കിവെച്ചാല്‍ ബൂട്ട് ശേഷി 1,640 ലിറ്ററായി വര്‍ധിക്കും.

പുതിയ എക്‌സ്5 എസ്‌യുവി പുറമേനിന്ന് നോക്കിക്കാണുന്നതിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. രൂപകല്‍പ്പനയുടെയും ഫീച്ചറുകളുടെയും കാര്യത്തില്‍ നാലാം തലമുറ എക്‌സ്5 എസ്‌യുവിയില്‍ വലിയ മാറ്റങ്ങള്‍ കാണാം. ബിഎംഡബ്ല്യുവിന്റെ പ്രത്യേകതയായ കിഡ്‌നി ഗ്രില്‍ ഇപ്പോള്‍ വലുതായിരിക്കുന്നു. പുതിയ ഗ്രില്‍ വാഹനത്തിന് കുറേക്കൂടി ഗാംഭീര്യവും പ്രൗഢിയും നല്‍കുന്നതാണ്. ഹെഡ്‌ലാംപുകള്‍ പൂര്‍ണ്ണമായും എല്‍ഇഡിയാണ്. പുതിയ അഡാപ്റ്റീവ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും നല്‍കി. വലിയ വെന്റുകളും എല്‍ഇഡി ഫോഗ് ലാംപുകളും നല്‍കി മുന്‍വശത്തെ ബംപറും പരിഷ്‌കരിച്ചു. എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ വീതിയേറിയതാണ്.

മറ്റ് ബിഎംഡബ്ല്യു മോഡലുകളില്‍ കണ്ടുവരുന്നതുതന്നെയാണ് കാബിന്‍. ബിഎംഡബ്ല്യു ലൈവ് കോക്പിറ്റ് പ്രൊഫഷണല്‍ എന്നറിയപ്പെടുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഉയര്‍ന്നുനില്‍ക്കുന്ന ഇന്‍ഫൊടെയ്ന്‍മെന്റ് സ്‌ക്രീന്‍, പരിഷ്‌കരിച്ച ഐഡ്രൈവ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ & ആന്‍ഡ്രോയ്ഡ് ഓട്ടോ കംപാറ്റിബിലിറ്റി എന്നിവ സവിശേഷതകളാണ്. ജെസ്ചര്‍ കണ്‍ട്രോള്‍, വോയ്‌സ് കമാന്‍ഡ്, 4 സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, പിന്‍സീറ്റ് യാത്രക്കാര്‍ക്കായി സ്‌ക്രീനുകള്‍, പനോരമിക് സണ്‍റൂഫ്, വെല്‍ക്കം കാര്‍പ്പെറ്റ് ലൈറ്റ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും ഫീച്ചറുകള്‍ തന്നെ. ഗിയര്‍ ലിവര്‍ നവീകരിച്ചു. തുകല്‍ അപ്‌ഹോള്‍സ്റ്ററി നല്‍കിയിരിക്കുന്നു.

3.0 ലിറ്റര്‍, ടര്‍ബോ-ഡീസല്‍ മോട്ടോറാണ് ബിഎംഡബ്ല്യു എക്‌സ്5 എസ്‌യുവിയുടെ ഹൃദയം. ഈ എന്‍ജിന്‍ 261 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ 6.5 സെക്കന്‍ഡ് മതി. മെഴ്‌സേഡസ് ബെന്‍സ് ജിഎല്‍ഇ, വോള്‍വോ എക്‌സ്‌സി90, റേഞ്ച് റോവര്‍ വെലാര്‍, പോര്‍ഷെ കയെന്‍, ഔഡി ക്യു7 തുടങ്ങി എതിരാളികള്‍ നിരവധിയാണ്. പുതു തലമുറ എക്‌സ്5 ഉള്‍പ്പെടെ 2019 ല്‍ ഇന്ത്യയില്‍ പന്ത്രണ്ട് മോഡലുകള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ സംസാരിച്ച ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ ആക്റ്റിംഗ് പ്രസിഡന്റ് ഡോ. ഹാന്‍സ് ക്രിസ്ത്യന്‍ ബേര്‍ട്ടല്‍സ് പറഞ്ഞു.

Categories: Auto
Tags: BMW X5