കോക്കോസ് ദ്വീപിന്റെ തീരത്ത് കണ്ടെത്തിയത് 9 ലക്ഷം പഴകിയ ഷൂസും, മൂന്ന് ലക്ഷം ടൂത്ത്ബ്രഷുകളും

കോക്കോസ് ദ്വീപിന്റെ തീരത്ത് കണ്ടെത്തിയത് 9 ലക്ഷം പഴകിയ ഷൂസും, മൂന്ന് ലക്ഷം ടൂത്ത്ബ്രഷുകളും

സിഡ്‌നി: ഇന്ന് ലോക രാജ്യങ്ങള്‍ ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത് പ്ലാസ്റ്റിക് മാലിന്യം കൈകാര്യം ചെയ്യുകയെന്നതാണ്. പല രാജ്യങ്ങളും ഉപയോഗം കഴിഞ്ഞതിനു ശേഷം പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കടലിലോ മറ്റ് തുറസായ കേന്ദ്രങ്ങളിലോ വലിച്ചെറിയുന്നു. കഴിഞ്ഞ ദിവസം നടത്തിയ സര്‍വേയില്‍ ഭൂമിയിലെ ഏറ്റവും വിദൂര സ്ഥലമെന്ന് അറിയപ്പെടുന്ന കോക്കോസ് ദ്വീപിലെ തീരത്തുനിന്നും മറൈന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്, ഉപയോഗിച്ചു പഴകിയ 9,77,000 ഷൂസുകളും 3,73,000 ടൂത്ത് ബ്രഷുകളുമാണ്. ആഗോളതലത്തില്‍ സമുദ്രങ്ങളില്‍ അടിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് മാല്യനങ്ങളുടെ തോത് വര്‍ധിച്ചുവരികയാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ നേച്ചര്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വെറും 600-ാളം പേര്‍ മാത്രം താമസിക്കുന്ന ദ്വീപാണു കോക്കോസ് ദ്വീപ്. ഇന്ത്യാ മഹാസമുദ്രത്തില്‍ ക്രിസ്മസ് ദ്വീപിന് തെക്കുപടിഞ്ഞാറായി ഓസ്‌ട്രേലിയയ്ക്കും ശ്രീലങ്കയ്ക്കും ഏകദേശം മദ്ധ്യത്തിലാണ് ഈ ദ്വീപിന്റെ സ്ഥാനം. വലിയ ജനവിഭാഗങ്ങളില്ലാത്ത വിദൂര ദ്വീപുകളിലെ സമുദ്രങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യം ഒഴുകുന്നത്, സമുദ്രങ്ങളില്‍ വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യമുണ്ടെന്നതിന് ഏറ്റവും നല്ല തെളിവാണെന്നു പഠനം നടത്തിയ യൂണിവേഴ്‌സിറ്റി ഓഫ് ടാസ്മാനിയയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മറീന്‍ ആന്‍ഡ് അന്റാര്‍ട്ടിക് സ്റ്റഡീസിലെ ജെനിഫര്‍ ലാവേഴ്‌സ് പറഞ്ഞു.

Comments

comments

Categories: World