ഒരു ബൈക്കില്‍ രണ്ട് റൈഡിംഗ് പൊസിഷന്‍; രണ്ടും കല്‍പ്പിച്ച് ഹോണ്ട

ഒരു ബൈക്കില്‍ രണ്ട് റൈഡിംഗ് പൊസിഷന്‍; രണ്ടും കല്‍പ്പിച്ച് ഹോണ്ട

പേറ്റന്റുകള്‍ക്കായി സ്വന്തം നാട്ടില്‍ അപേക്ഷ സമര്‍പ്പിച്ചു

ടോക്കിയോ : ഒരേ മോട്ടോര്‍സൈക്കിളില്‍ രണ്ട് വ്യത്യസ്ത റൈഡിംഗ് പൊസിഷന്‍! കാര്യങ്ങള്‍ ഈ വിധത്തിലും പുരോഗമിക്കുകയാണ്. ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയാണ് പുതിയ സാങ്കേതികവിദ്യയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഹോണ്ട സ്വന്തം നാട്ടില്‍ പേറ്റന്റ് അപേക്ഷകള്‍ സമര്‍പ്പിച്ചു. ഹോണ്ട സിബിആര്‍1000ആര്‍ആര്‍ മോട്ടോര്‍സൈക്കിളാണ് പേറ്റന്റ് അപേക്ഷകളില്‍ കാണാനാകുന്നത്. അഗ്രസീവ്, സ്‌പോര്‍ടി റൈഡിംഗ് പൊസിഷനും കൂടുതല്‍ നിവര്‍ന്നിരുന്ന, റിലാക്‌സ്ഡ് റൈഡിംഗ് പൊസിഷനുമാണ് ചിത്രത്തിലുള്ളത്. ഇത്തരം ബൈക്കുകളില്‍ ഹാന്‍ഡില്‍ബാറുകളും വിന്‍ഡ്‌സ്‌ക്രീനും ആവശ്യാനുസരണം ക്രമീകരിക്കാന്‍ കഴിയുമെന്നതാണ് ശ്രദ്ധേയ കാര്യം.

ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ റൈഡിംഗ് പൊസിഷന്‍ മാറാന്‍ കഴിയുമെന്ന് പേറ്റന്റ് അപേക്ഷയില്‍ ഹോണ്ട അവകാശപ്പെടുന്നു. ഹാന്‍ഡില്‍ബാറുകള്‍ ഉയര്‍ത്താന്‍ കഴിയും. വിന്‍ഡ്‌സ്‌ക്രീനില്‍ മാറ്റം വരുത്തുന്നതും ലളിതമാണ്. ഫെയറിംഗിന്റെ മുകള്‍ഭാഗം കത്രികയുടെ ആകൃതിയിലുള്ള ഫ്രെയിമുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. വിന്‍ഡ്‌സ്‌ക്രീന്‍ കൂടുതല്‍ കുത്തനെ നില്‍ക്കുന്നവിധം എളുപ്പത്തില്‍ ക്രമീകരിക്കാം. ടൂറിംഗ് റൈഡിംഗ് പൊസിഷനും അഗ്രസീവ്, സ്‌പോര്‍ടി റൈഡിംഗ് പൊസിഷനും ഇത്തരത്തില്‍ സ്വയം ക്രമീകരിക്കാന്‍ റൈഡര്‍ക്ക് കഴിയും.

ഭാവിയില്‍ പുതിയ സാങ്കേതികവിദ്യ നല്‍കി സിബിആര്‍1000ആര്‍ആര്‍ ഫയര്‍ബ്ലേഡ് വിപണിയിലെത്തിക്കുമോയെന്നാണ് ഇനി അറിയേണ്ടത്. അല്ലെങ്കില്‍ വ്യത്യസ്ത റൈഡിംഗ് പൊസിഷനുകളുമായി പുതിയ മോഡല്‍ പുറത്തിറക്കുകയാണോ ഹോണ്ട ചെയ്യുകയെന്ന് കാത്തിരുന്ന് കാണാം. എന്തുതന്നെയായാലും പുതിയ സാങ്കേതികവിദ്യ നല്‍കി കണ്‍സെപ്റ്റ് ബൈക്ക് പ്രദര്‍ശിപ്പിച്ചേക്കും. ഈ വര്‍ഷമോ അടുത്ത വര്‍ഷം നടക്കുന്ന മോട്ടോര്‍സൈക്കിള്‍ ഷോകളിലോ അത്തരത്തിലൊന്ന് പ്രതീക്ഷിക്കാം.

Comments

comments

Categories: Auto
Tags: Honda