ചരക്ക് കയറ്റുമതി കുറഞ്ഞു; വ്യാപാര കമ്മി 15.33 ബില്യണ്‍ ഡോളര്‍

ചരക്ക് കയറ്റുമതി കുറഞ്ഞു; വ്യാപാര കമ്മി 15.33 ബില്യണ്‍ ഡോളര്‍
  • മൊത്തം കയറ്റുമതി വരുമാനം 1.34 ശതമാനം ഉയര്‍ന്ന് 44.06 ബില്യണ്‍ ഡോളറായി
  • ഇറക്കുമതി 4.53 ശതമാനം ഉയര്‍ന്ന് 52.83 ബില്യണ്‍ ഡോളറായി
  • 8.78 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ മൊത്തം വ്യാപാര കമ്മി

ന്യൂഡെല്‍ഹി: കയറ്റുമതി വരുമാനവും ഇറക്കുമതി ചെലവും തമ്മിലുള്ള അന്തരമായ ഇന്ത്യയുടെ വ്യാപാര കമ്മി കഴിഞ്ഞ മാസം 15.33 ബില്യണ്‍ ഡോളറിലെത്തിയതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 13.72 ബില്യണ്‍ ഡോളറായിരുന്നു ചരക്ക് വിഭാഗത്തില്‍ ഇന്ത്യയുടെ വ്യാപാര കമ്മി. എണ്ണ ഇറക്കുമതി ചെലവും സ്വര്‍ണ ഇറക്കുമതി ചെലവും വര്‍ധിച്ചതാണ് വ്യാപാര കമ്മി ഉയരാന്‍ കാരണമായത്.

എണ്ണ ഇറക്കുമതി ചെലവ് 9.26 ശതമാനം ഉയര്‍ന്ന് 11.38 ബില്യണ്‍ ഡോളറായിട്ടുണ്ട്. സ്വര്‍ണത്തിന്റെ ഇറക്കുമതി ചെലവ് 53.99 ശതമാനം ഉയര്‍ന്ന് 3.9 ബില്യണ്‍ ഡോളറായി. ഇന്ത്യയുടെ ചരക്ക് വിഭാഗത്തിലെ കയറ്റുമതി വളര്‍ച്ച ഏപ്രിലില്‍ 0.64 ശതമാനമായി കുറഞ്ഞു. നാല് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. 26.07 ബില്യണ്‍ ഡോളറാണ് കഴിഞ്ഞ മാസത്തെ ചരക്ക് കയറ്റുമതി വരുമാനം.

അതേസമയം, രാജ്യത്തിന്റെ ഇറക്കുമതി ചെലവ് ആറ് മാസത്തിനിടയിലെ ഉയര്‍ന്ന തലത്തിലെത്തിയതായാണ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. 4.48 ശതമാനം വര്‍ധനയാണ് ഏപ്രിലില്‍ ഇറക്കുമതി ചെലവിലുണ്ടായത്. 41.4 ബില്യണ്‍ ഡോളറാണ് ഇക്കാലയളവിലെ ഇറക്കുമതി ചെലവ്. രാജ്യം കയറ്റുമതി ചെയ്യുന്ന 30 പ്രധാന ഉല്‍പ്പന്നങ്ങളില്‍ 14 എണ്ണത്തില്‍ മാത്രമാണ് കഴിഞ്ഞ മാസം അനുകൂലമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളത്. പെട്രോളിയം, ജൈവ, അജൈവ രാസവസ്തുക്കള്‍, മരുന്നുകള്‍, ഫാര്‍മ, എല്ലാതരത്തിലുമുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍, ഇലക്ട്രോണിക്, സെറാമിക് ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് ഇന്ത്യയുടെ പ്രധാന കയറ്റുമതി ചരക്കുകള്‍.

ഇന്ത്യയുടെ സേവന മേഖലയിലെ കയറ്റുമതിയില്‍ 6.6 ശതമാനം വര്‍ധനയാണ് മാര്‍ച്ചില്‍ ഉണ്ടായത്. 17.94 ബില്യണ്‍ ഡോളറാണ് സേവന വിഭാഗത്തില്‍ നിന്നുള്ള ഇന്ത്യയുടെ വരുമാനമെന്ന് ആര്‍ബിഐ പറയുന്നു. ഏപ്രിലില്‍ 17.98 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി വരുമാനമാണ് സേവന വിഭാഗത്തില്‍ രേഖപ്പെടുത്തിയതെന്ന് വാണിജ്യ മന്ത്രാലയം കണക്കാക്കിയിട്ടുള്ളത്. സേവന ഇറക്കുമതി 4.73 ശതമാനം വര്‍ധിച്ച് 11.43 ബില്യണ്‍ ഡോളറായിട്ടുണ്ട്. മൊത്തം കയറ്റുമതി വരുമാനം 1.34 ശതമാനം ഉയര്‍ന്ന് 44.06 ബില്യണ്‍ ഡോളറാകും. ഇറക്കുമതി 4.53 ശതമാനം ഉയര്‍ന്ന് 52.83 ബില്യണ്‍ ഡോളറായി. 8.78 ബില്യണ്‍ ഡോളറാണ് ഇന്ത്യയുടെ മൊത്തം വ്യാപാര കമ്മി.

ചരക്ക് വിഭാഗത്തില്‍ പ്രിലില്‍ രേഖപ്പെടുത്തിയ 0.64 ശതമാനം കയറ്റുമതി വളര്‍ച്ച ഒട്ടും പ്രോത്സാഹനപരമല്ല. തുകല്‍, വജ്ര നിര്‍മാണം, എന്‍ജിനീയറിംഗ് തുടങ്ങി തൊഴിലാളികള്‍ കൂടുതല്‍ ആവശ്യമുള്ള ഒട്ടുമിക്ക മേഖലകളിലും കയറ്റുമതി വളര്‍ച്ച കുറഞ്ഞിട്ടുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ (ഫിയോ) പ്രസിഡന്റ് ഗണേഷ് കുമാര്‍ ഗുപ്ത പറഞ്ഞു. ആഗോള വ്യാപാര യുദ്ധം, സംരക്ഷണവാദം, ആഗോള അനിശ്ചിതത്വങ്ങള്‍, ആഭ്യന്തര തടസങ്ങള്‍ തുടങ്ങിയ വെല്ലുവിളികള്‍ക്ക് പുറമെ ഈ മേഖലകള്‍ ഇപ്പോഴും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ശക്തിപ്രാപിക്കുന്ന സാഹചര്യത്തില്‍ ആഗോള വ്യാപാര അന്തരീക്ഷം വീണ്ടും മോശമാകാന്‍ സാധ്യതയുണ്ടെന്നാണ് ഫിയോയുടെ നിരീക്ഷണം. വരും മാസങ്ങളില്‍ ഇത് ഇന്ത്യന്‍ കയറ്റുമതിയെ കാര്യമായി ബാധിക്കും. വ്യാപാര അനിശ്ചിതത്വങ്ങള്‍ നിക്ഷേപത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുമെന്നും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും ഗുപ്ത പറഞ്ഞു.

Comments

comments

Categories: Business & Economy