പൈപ്പ്‌ലൈന്‍ ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കിയത് ഇറാന്‍; സൗദി അറേബ്യ

പൈപ്പ്‌ലൈന്‍ ആക്രമണത്തിന് നിര്‍ദ്ദേശം നല്‍കിയത് ഇറാന്‍; സൗദി അറേബ്യ

യെമനിലെ ഒമ്പത് ഹൂത്തി അധീന മേഖലകള്‍ക്ക് നേരെ അറബ് സഖ്യസേനയുടെ പ്രത്യാക്രമണം

റിയാദ്: ഇന്ധന സംവിധാനങ്ങള്‍ക്ക് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഇറാന് മേല്‍ പരസ്യമായി പഴി ചാരി സൗദി അറേബ്യ. ഡ്രോണ്‍ ആക്രമണത്തിന് ഹൂത്തികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് ഇറാനാണെന്ന് സൗദി വിദേശകാര്യ മന്ത്രി അദേല്‍ അല്‍ ജുബൈര്‍ ആരോപിച്ചു. സനാ മേഖലയിലെ ഹൂത്തി സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ അറബ് സഖ്യസേന പ്രത്യാക്രമണം നടത്തി.

ഇറാന്റെ റെവലൂഷനറി ഗാര്‍ഡ് കോര്‍പിന്റെ (ഐആര്‍ജിസി) അവിഭാജ്യ ഘടകമായ ഹൂത്തികള്‍ അവരുടെ ഉത്തരവുകള്‍ അനുസരിക്കാനും ബാധ്യസ്ഥരാണെന്ന് സൗദി വിദേശകാര്യ മന്ത്രി ആരോപിച്ചു.

യെമന്‍ തലസ്ഥാനമായ സനയിലെ ഒമ്പത് ഹൂത്തി അധീന പ്രദേശങ്ങളിലാണ് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന വ്യോമാക്രമണം നടത്തിയത്. ഇന്നലെ രാവിലെ മുതര്‍ തന്നെ വ്യോമാക്രമണം ആരംഭിച്ചതായി പ്രദേശവാസികള്‍ വ്യക്തമാക്കി. ഹൂത്തി കലാപകാരികളുടെ ആക്രമണശേഷി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ യെമനില്‍ യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഉള്‍പ്പെട്ട അറബ് സഖ്യസേന വ്യോമാക്രമണം നടത്തിയതായി അല്‍ അറേബ്യയും റിപ്പോര്‍ട്ട് ചെയ്തു. ലക്ഷ്യസ്ഥാനങ്ങളില്‍ നിന്നും ജനങ്ങള്‍ മാറി നില്‍ക്കണമെന്നും സഖ്യസേന ആവശ്യപ്പെട്ടിട്ടുണ്ട്.

സൗദി അറേബ്യയിലെ ഇന്ധന സംവിധാനങ്ങള്‍ക്ക് നേരെ ഏഴ് ഡ്രോണ്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ഹൂത്തി കലാപകാരികള്‍ ആക്രമണം നടത്തി രണ്ട് ദിവസങ്ങള്‍ക്കുള്ളിലാണ് സൗദി അറേബ്യ ശക്തമായി തിരിച്ചടിച്ചത്. ഹൂത്തി ആക്രമണത്തെ തുടര്‍ന്ന് സൗദിയുടെ കിഴക്ക്-പടിഞ്ഞാറന്‍ പൈപ്പ്‌ലൈന്‍ താത്കാലികമായി അടച്ചിടേണ്ടതായി വന്നിരുന്നു.

സൗദി അറേബ്യയിലെ പ്രതിരോധ സഹമന്ത്രിയും ആക്രമണത്തില്‍ ഇറാനെ കുറ്റപ്പെടുത്തിക്കൊണ്ട് പരസ്യമായി രംഗത്ത് വന്നിരുന്നു. ഹൂത്തി വിമതര്‍ ഇറാന്റെ ഉപകരണമാണെന്നാണ് സൗദി അരാംകോയുടെ പമ്പിംഗ് സംവിധാനങ്ങള്‍ക്ക് നേരെ നടന്ന ഈ ആക്രമണം വെളിപ്പെടുത്തുന്നതെന്ന് മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ ആരോപിച്ചു.

2015 മുതല്‍ യെമന്‍ സര്‍ക്കാരിനെതിരെയും അറബ് സഖ്യസേനയ്‌ക്കെതിരെയും യുദ്ധം നടത്തുകയാണ് യെമനിലെ ഹൂത്തി വിമതര്‍.

അതേസമയം യുഎഇയിലെ ഫുജെയ്‌റ തുറമുഖത്തിന് സമീപം സൗദി അറേബ്യയുടെ എണ്ണക്കപ്പലുകള്‍ അടക്കം നാല് ചരക്ക് കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണം ആന്വേഷിക്കാന്‍ യുഎഇയ്ക്ക് നോര്‍വെയും സഹായം പ്രഖ്യാപിച്ചു. നോര്‍വെയിലെ ഒരു ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടെ എംറ്റി ആന്‍ഡ്രിയ വിക്ടറി എന്ന ചരക്ക് കപ്പലും യുഎഇയില്‍ ആക്രമിക്കപ്പെട്ടിരുന്നു.

നേരത്തെ യുഎസും സൗദി അറേബ്യയും അന്വേഷണത്തിന് സഹായം പ്രഖ്യാപിച്ചിരുന്നു. അന്വേഷണവുമായി ഫ്രാന്‍സും സഹകരിക്കുന്നുണ്ടെന്ന് വാര്‍ത്തകളുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇറാനോ ഇറാന്‍ അനുകൂല ശക്തികളോ ആണെന്നാണ് അമേരിക്കയുടെ ആരോപണം.

Comments

comments

Categories: Arabia